പ്രമോദ് പുഴങ്കര
പ്രമോദ് പുഴങ്കര
Opinion
ഇടതുപക്ഷം ഇടതുപക്ഷത്തോട് ചെയ്യുന്നത്
പ്രമോദ് പുഴങ്കര
Tuesday 13th March 2018 5:32pm

ത്രിപുരയിലെ സി.പി.ഐ (എം) തോല്‍വിയെ, അതിലുമേറെ ബി.ജെ.പിയുടെ വിജയത്തെ വളരെ ആശങ്കയോടെയാണ് രാജ്യത്തെ മതേതര ജനാധിപത്യ വാദികളും കമ്മ്യൂണിസ്റ്റുകാരും നോക്കിക്കാണുന്നത്. എന്നാലീ ആശങ്കയെ രാഷ്ട്രീയ നീക്കങ്ങളും ചെറുത്തുനില്‍പ്പുമായി പരിവര്‍ത്തിപ്പിച്ചില്ലെങ്കില്‍ അതിന്റെ ചരിത്രമൂല്യം വളരെ കുറവായിരിക്കും. ഇത്തരത്തിലൊരു രാഷ്ട്രീയ പ്രതികരണത്തിന് ഇന്ത്യന്‍ ഇടതുപക്ഷത്തിനുള്ള ശേഷി പരീക്ഷിക്കുന്ന ഏതാണ്ട് അവസാനത്തെ കളിയാണ് നടക്കുന്നത്. എന്നാല്‍ അതില്‍ മുഖ്യധാര ഇടതുപക്ഷത്തിന്റെ പ്രതികരണങ്ങള്‍ ആ ചരിത്രബോധവും ചുമതലയും രാഷ്ട്രീയബോധവും ഉള്‍ക്കൊണ്ടതായി കാണുന്നില്ല എന്നത് സങ്കടകരവും ആശങ്കാജനകവുമാണ്.

ജനം പറ്റിയ കൈത്തെറ്റ് തിരുത്തുമെന്ന പ്രതീക്ഷ,അമാവാസി-ചന്ദ്രന്‍-വീണ്ടും പൗര്‍ണ്ണമി, ശിശിരം-പൊഴിഞ്ഞ ഇലകള്‍-വീണ്ടും വസന്തം, സൂര്യന്‍-ഉദയം-അസ്തമനം തുടങ്ങിയ ഉപമകളില്‍ കാളിദാസനായി ശാസ്ത്രീയ സോഷ്യലിസത്തിലെ ആത്യന്തിക സത്യവിജയത്തിന്റെ അടിയുറച്ച മതവിശ്വാസശൈലിയുമായി ഇത്തരം വിശകലനങ്ങള്‍ കൊട്ടിക്കലാശിക്കുന്നു. ഇത്തരം വ്യാജ വികാരപ്രകടനങ്ങള്‍ ഒരു ചെറു മാതൃക മാത്രമായി എടുത്താല്‍ മതി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതിവിഗതികളെ വായിക്കാന്‍ അതിലേറെ ഗൌരവമായ പലതുമുണ്ട്.

ഇന്ത്യയിലെ മുഖ്യധാര കമ്മ്യൂണിസ്റ്റ് കക്ഷികളില്‍ ഏറ്റവും പ്രബലരായ സി.പി.ഐ.എമ്മും അത് നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയും കടുത്ത അസ്തിത്വ പ്രതിസന്ധിയിലാണ്. നിയമനിര്‍മ്മാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് അവരുടെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തനം എന്നതിനാല്‍ അതിന്റെ മാനകങ്ങള്‍ തന്നെ അവരുടെ ശക്തി ദൗര്‍ബല്ല്യങ്ങളെ അളക്കാനും വലിയ ഒരു പരിധി വരെ ഉപയോഗിക്കും എന്നത് സ്വാഭാവികവുമാണ്; അതുമാത്രമല്ലെങ്കിലും. അതിനപ്പുറത്തുള്ള വിശാല ഇടതുപക്ഷ ഭൂമികയിലെ സ്വാധീനത്തിന്റെയും രാഷ്ട്രീയ സംവാദങ്ങളും മുന്നേറ്റങ്ങളും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള അതിന്റെ ശേഷിയിലും ഇതേ പ്രതിസന്ധി അത് നേരിടുന്നുണ്ട്.

 

ഇന്ത്യയില്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ ഭീകരതയുടെ ഏറ്റവും ചടുലമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനത്തിന്റെ എല്ലാ ദൗര്‍ബല്ല്യങ്ങളെയും പരമാവധി ഉപയോഗിച്ചാണ് സംഘപരിവാര്‍ തങ്ങളുടെ രാഷ്ട്രീയാധികാര അജണ്ട നടപ്പാക്കുന്നത്. ഏതാണ്ട് ഒരു നൂറ്റാണ്ടോളം കാലമായി സംഘപരിവാര്‍ നടത്തുന്ന, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാമൂഹ്യ വ്യവഹാരങ്ങളുടെ മേല്‍ക്കോയ്മക്ക് വേണ്ടിയുള്ള സൂക്ഷ്മവും സ്ഥൂലവുമായ ശ്രമങ്ങളെ, ജനാധിപത്യ സ്ഥാപനങ്ങളെ ഉപയോഗിച്ചുതന്നെ രാഷ്ട്രീയാധികാരത്തിലേക്ക് സംക്രമിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ വന്ന സമയത്തും സംഘപരിവാര്‍ ഇതിനായി ശ്രമിച്ചിരുന്നു. ആ സര്‍ക്കാരിന്റെ കാലത്താണ് പാര്‍മെന്ററി ജനാധിപത്യത്തില്‍ നിന്നും പ്രസിഡന്‍ഷ്യല്‍ ഭരണ രീതിയിലേക്ക് മാറാനുള്ള നിര്‍ദേശങ്ങളും ഭരണഘടന ഭേദഗതിക്കുള്ള സമിതിയുമൊക്കെ വന്നത്. എന്നാല്‍ പല കാരണങ്ങള്‍്‌ക്കൊണ്ടും നിലവിലെ ഭരണഘടന സ്ഥാപനങ്ങളെ ദുര്‍ബലമാക്കാനുള്ള ആ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വേണ്ടത്ര മുന്നോട്ടുപോകാനായില്ല.

ദേശീയ രാഷ്ട്രീയത്തില്‍ മുന്നണി സംവിധാനത്തോടും പ്രാദേശിക കക്ഷികളോടും, ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് കൂടുതല്‍ വിട്ടുവീഴ്ച്ചകള്‍ ചെയ്യേണ്ടിവന്നിരുന്നു. കൂടുതല്‍ ശക്തരായിരുന്നു പ്രാദേശിക കക്ഷികള്‍ എന്നു മാത്രമല്ല രാജ്യത്തെ മതേതര അന്തരീക്ഷത്തെ പൂര്‍ണമായും ധ്രുവീകരിക്കാനും സംഘപരിവാറിന് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. സംഘപരിവാര്‍ ഉത്പാദിപ്പിച്ച ഏറ്റവും തികഞ്ഞ ഹിന്ദുത്വ ഭീകരവാദ നേതാവ് എന്നു പറയാമായിരുന്ന അദ്വാനി ഉണ്ടായിരുന്നിട്ടും, മിതവാദി എന്ന വ്യാജ മുഖംമൂടിയുമായി വാജ്‌പേയിയെ പ്രധാനമന്ത്രി മുഖമായി അവതരിപ്പിക്കേണ്ടിവന്നത് ഈ സാഹചര്യത്തിലാണ്.

 

അഞ്ചു വര്‍ഷിത്തെ ബി.ജെ.പി നേതൃത്വത്തിലുള്ള മുന്നണി ഭരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന ബി.ജെ.പി മുദ്രാവാക്യത്തെ സ്വന്തം ജീവിതത്തിന്റെ തട്ടിലിട്ട് തൂക്കിനോക്കിയ മനുഷ്യര്‍, ഇല്ല, തിളങ്ങുന്നില്ല എന്നു പറഞ്ഞു തോല്‍പ്പിച്ചു.

എന്നാല്‍ ഇത്തവണ നരേന്ദ്ര മോദി സര്‍ക്കാരിലെത്തുമ്പോള്‍ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യം മാറിയിരുന്നു. വടക്കേ ഇന്ത്യയിലെ ഒ.ബി.സി, ദളിത് രാഷ്ട്രീയ കക്ഷികള്‍ അവയുടെ ദരിദ്ര കാലത്തിലേക്ക് കടന്നു. മണ്ഡല്‍-കമണ്ഡല്‍ രാഷ്ട്രീയ സംഘട്ടനത്തില്‍ ഗണ്യമായ നഷ്ടം പറ്റിയ ഹിന്ദുത്വ രാഷ്ട്രീയം, മണ്ഡല്‍ രാഷ്ട്രീയത്തിന്റെയും അത് സൃഷ്ടിച്ച പുതിയ സാമൂഹ്യ ബോധത്തിന്റെയും ഊര്‍ജ്വസ്വലമായ കാലത്തിനുശേഷമുള്ള സ്വാഭാവികമായ ചരിത്രപരമായ മന്ദതയില്‍, വീണ്ടും പുതിയ അടവുകളുമായി കയറി. പിന്നാക്കക്കാരെയും ദളിതരേയും തങ്ങളുടെ രാഷ്ട്രീയത്തിലേക്ക് അവര്‍ അണിചേര്‍ക്കാന്‍ തുടങ്ങി.

ദളിത, പിന്നാക്ക രാഷ്ട്രീയം സ്വത്വ രാഷ്ട്രീയത്തിന്റെ സ്വാഭാവിക പരിധികളുടെ പടിപ്പുരകളില്‍ കിതച്ചിരുന്നപ്പോള്‍ അതിലൂടെ കടന്നുപോയത് ഹിന്ദുത്വ രാഷ്ട്രീയമായിരുന്നു. മണ്ഡല്‍ കാലത്തിന്റെ രാഷ്ട്രീയ മുന്നേറ്റം നല്‍കിയ സാമൂഹ്യ ഇടപെടല്‍ ശേഷികളിലേക്ക് കയറിക്കൂടിയ ഹിന്ദുത്വ രാഷ്ട്രീയം അതിനെ വളരെ കൃത്യമായി പ്രീണിപ്പിച്ചുനിര്‍ത്തി. സ്വത്വവാദ ജാതി രാഷ്ട്രീയം സൃഷ്ടിച്ച വ്യാജ വിമോചന ധാരണകളിലേക്ക് പ്രീണന തന്ത്രങ്ങള്‍ക്ക് എളുപ്പം വേരിറക്കാനായി.

 

ജാതി വ്യവസ്ഥയുടെ നാനാവിധ അനീതികള്‍ക്കെതിരെയുള്ള പോരാട്ടത്തെ ജാതിസ്വത്വത്തിന്റെ സാംസ്‌കാരിക അംഗീകാരം എന്ന ഉപരിപ്ലവതയിലേക്ക് ചുരുക്കുന്ന സ്വത്വവാദകളിക്കളത്തില്‍ സംഘപരിവാര്‍ മിടുക്ക് തെളിയിച്ചു. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാതികള്‍ക്കുള്ളിലെ അവാന്തര വിഭാഗങ്ങളെ വരെ പൊന്നാടയണിയിപ്പിച്ച് ആദരിച്ചാണ് സംഘപരിവാര്‍, മണ്ഡല്‍ അനന്തരകാല ഹിന്ദിപ്രദേശത്തെ പിന്നാക്ക, ദളിത് രാഷ്ട്രീയത്തിന്റെ ദൗര്‍ബല്യങ്ങളെ മുതലെടുത്തത്.

ബ്രാഹ്മണ്യ മൂല്യബോധങ്ങളുടെയും ഭൂവുടമകളുടെയും മൂലധന ഭീകരതയുടെയും സംരക്ഷകരും ദല്ലാളുകളും നടത്തിപ്പുകാരുമായ സംഘപരിവാറിന്, തങ്ങളുടെ രാഷ്ട്രീയാധികാര അജണ്ടക്കൊപ്പം ഏതാണ്ട് വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞ ഒന്നായിരുന്നു ഈ സാര്‍വ്വലൗകിക ഹിന്ദുത്വ ബോധത്തിന്റെ സാമൂഹ്യവത്കരണം. ഇത് ബി.ജെ.പിക്ക് എതിരെ വോട്ട് ചെയ്യുന്ന ആളിലുമുണ്ടാകാം എന്നതാണു ഒരു നൂറ്റാണ്ടോളമായി അവര്‍ നടത്തുന്ന ഹിന്ദുത്വ രാഷ്ട്രീയ സൂക്ഷ്മ പ്രസരണത്തിന്റെ സ്വഭാവം.

ഒരു സമൂഹത്തെ ഹിന്ദുത്വവത്കരിക്കുക, വര്‍ഗീയവത്കരിക്കുക എന്നതാണു സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ആദ്യത്തെ പണി. അത് രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്നതിനേക്കാള്‍, തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടുള്ളതും ക്ഷമ ആവശ്യമുള്ളതുമായ പണിയാണ്. ഇതാണ് ഇത്രയും നാളും ചെയ്തതും ഇപ്പൊഴും അവര്‍ തുടര്‍ച്ചയായി ചെയ്യുന്നതും. അത്തരത്തില്‍ വളക്കൂറുള്ള മണ്ണിലേക്ക് അതിന്റെ അധികാര രൂപങ്ങളെ ഇറക്കിവെച്ചാല്‍ മാത്രം മതി. കൊമ്പും ചില്ലകളും, പൂക്കളും കായ്കളുമായി തഴച്ചു വളര്‍ന്നോളും.

തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങള്‍ക്കിപ്പുറം ഇങ്ങനെ ഭൂരിപക്ഷ സാമൂഹ്യബോധത്തെ സ്വാധീനിക്കാന്‍ കഴിയുന്നതോടെ രാഷ്ടീയാധികാരം പിടിച്ചെടുക്കുന്നത് അവരെ സംബന്ധിച്ചു വെറും അടവുകളുടെ പ്രശ്‌നം മാത്രമാണ്. അതായാത് സംഘപരിവാറിനെ സംബന്ധിച്ച്,സമഗ്രാധിപത്യം എന്നത് കേവലം കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കുകയും പ്രതിപക്ഷ കക്ഷികളെ തോല്‍പ്പിക്കുകയോ വിലയ്ക്ക് വാങ്ങുകയോ ചെയ്യുക എന്നത് മാത്രമല്ല, അതൊരു പ്രത്യേക സാമൂഹ്യബോധത്തിന്റെ നിര്‍മ്മാണമാണ്.

 

ഈ സാമൂഹ്യബോധ നിര്‍മ്മാണത്തിന് അവരാശ്രയിക്കുന്ന ഒരു ഘടകമാണ് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന സര്‍ക്കാര്‍. എന്നാല്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മറ്റൊരു നിര്‍ണായക പ്രവര്‍ത്തനം ഭരണവര്‍ഗത്തിന്റെ താത്പര്യങ്ങളെ പൂര്‍വ്വാധികം ശക്തിയായി സംരക്ഷിക്കുക എന്നതാണ്. ഇതവരുടെ വര്‍ഗതാത്പര്യമാണ്. ഇതിന് സാമൂഹ്യമണ്ഡലത്തിലെ ഹിന്ദുത്വ, ഭൂരിപക്ഷബോധത്തിന്റെ അധീശ്വത്വത്തെ മാത്രം ആശ്രയിച്ചാല്‍ പോര. അതിനു ഭരണകൂടത്തിന്റെ നടത്തിപ്പ് അധികാരങ്ങള്‍ വേണം. അത് മുതലാളിത്തത്തിന്റെ മൂലധനതാത്പര്യങ്ങളെ, സകലവിധ ഭരണകൂട മര്‍ദകസംവിധാനങ്ങളും ഉപയോഗിച്ച് നടത്തിച്ചു കൊടുക്കും.

ഒരു ഭരണസംവിധാനം എന്ന നിലയില്‍ സംഘപരിവാര്‍ ചെയ്യുന്ന ഈ മുതലാളിത്ത മൂലധന സേവ, ഇന്ത്യയിലെ എല്ലാ ബൂര്‍ഷ്വാ കക്ഷികളും ചെയ്തതാണ്, ചെയ്യുന്നതാണ്, ഇനിയും ചെയ്യും. അതില്‍ ഇരുകൂട്ടരും തമ്മില്‍ ഐക്യം പോലും ഉണ്ടാക്കും.

മുതലാളിത്തത്തിനോടുള്ള സമീപനത്തില്‍ ഇരുകൂട്ടര്‍ക്കും അഭിപ്രായ വ്യത്യാസങ്ങളില്ല. ഒരേ വര്‍ഗതാത്പര്യങ്ങളാണ് അവരെ നയിക്കുന്നത്. എന്നാല്‍ ഭരണകൂടം ഭൂരിപക്ഷ മതബോധത്തെ, മതബദ്ധമായ ദേശീയതയെ ഒരു മാനകമായി കൊണ്ടുനടക്കുന്ന കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും തമ്മില്‍ വ്യത്യാസമുണ്ട്. ഈ ഹിന്ദുത്വ ഭൂരിപക്ഷ മതബോധത്തെ, ദേശീയതാബോധത്തെ, ഭരണകൂട പ്രത്യയശാസ്ത്രവും അജണ്ടയുമാക്കുന്ന പദ്ധതിയുമായി അവര്‍ക്ക് ഒരു പരിധിക്കപ്പുറം ഒത്തുപോവുക സാധ്യമല്ല. വളരെ കലാപഭരിതമായ എതിര്‍പ്പ് അവരുയര്‍ത്താമെന്നല്ല. പക്ഷേ അവര്‍ക്ക് അതിനെ അംഗീകരിക്കുക സാധ്യമല്ല.

അതിനൊരു കാരണം ഇന്ത്യയുടെ മതേതര ഭരണഘടന സംവിധാനമാണ്. എത്രമാത്രം പ്രയോഗിക്കുന്നു, ഭൂരിപക്ഷ മതബോധം ഈ രാജ്യത്തിന്റെ നടത്തിപ്പില്‍ എത്ര പ്രതിലോമകരമായ സ്വാധീനം ചെലുത്തുന്നു എന്നുള്ള പല ചോദ്യങ്ങളും പരിമിതികളും ഉണ്ടെങ്കിലും ഒരു അസ്തിത്വ ഘടകം എന്ന നിലയില്‍ ഈ ദേശ രാഷ്ട്രം ഉണ്ടാക്കിയിരിക്കുന്നത് മതേതര രാഷ്ട്രീയ മൂല്യങ്ങളിലാണ്. ഇന്ത്യയിലെ മൂലധന താത്പര്യങ്ങള്‍ക്ക് ഈ മതേതര മൂല്യങ്ങളുമായി കലഹത്തിനുള്ള കാരണങ്ങളൊന്നും ഇല്ലായിരുന്നു.

അബാനി മുഖര്‍ജി

 

അവരുടെ വര്‍ഗതാത്പര്യങ്ങളെ എതിര്‍ക്കുന്ന ഒന്നും തന്നെ മതേതര രാഷ്ട്രീയത്തിന്റെ ബൂര്‍ഷ്വാ മാതൃകകള്‍ ഉയര്‍ത്തിയിരുന്നില്ല. മുതലാളിത്തം അതിന്റെ വികാസ ദശയില്‍ മതേതര മൂല്യങ്ങളുമായോ ഭരണകൂടത്തിന്റെ മതേതര സ്വഭാവവുമായോ വിപ്രതിപത്തി പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ സാധാരണ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളുമായി ഇതേ ബന്ധമല്ല മുതലാളിത്തത്തിനുള്ളത് എന്നത് ചരിത്രത്തില്‍ എക്കാലത്തും കാണാം. ജനാധിപത്യ അവകാശങ്ങള്‍ക്കായി എല്ലാ വിധത്തിലുള ബൂര്‍ഷ്വാ ഭരണകൂടങ്ങളുമായി തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്.

സായുധ സമരങ്ങളും പോരാട്ടങ്ങളും നടത്തിയാണ് അദ്ധ്വാനിക്കുന്ന വര്‍ഗം ഇത്തരം അവകാശങ്ങള്‍ പിടിച്ചുവാങ്ങിയിട്ടുള്ളത്. അതായത് ബൂര്‍ഷ്വാസിക്ക് സാമാന്യജനത്തിന്റെ ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധത എന്നത് ഒരു കെട്ടുകഥയാണ്. ജനാധിപത്യ വിപ്ലവം എന്നത് തൊഴിലാളിവര്‍ഗത്തിന്റെ കടമയാകുന്നത് അതുകൊണ്ടുകൂടിയാണ്.

ഇന്ത്യയിലെ ഭരണഘടന ജനാധിപത്യ സമ്പ്രദായം ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ സംഭാവനയല്ല. അതിനെ അവരുടെ പേരില്‍ തീറെഴുതുന്നത് ചരിത്ര നിഷേധമാണ്. കര്‍ഷകരുടെ, തൊഴിലാളികളുടെ, സാധാരണക്കാരായ ദരിദ്രരുടെ സമരപോരാട്ടങ്ങളുടെ ഫലമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യം. സ്വാതന്ത്ര്യ സമരകാലത്തെ പുരോഗമനപരമായ മുദ്രാവാക്യങ്ങളെല്ലാം ഉയര്‍ത്തിവയത് ബൂര്‍ഷ്വാസിയല്ല, കര്‍ഷകരും തൊഴിലാളികളുമാണ്. പൂര്‍ണി സ്വരാജ് എന്ന ആവശ്യം 1921-ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അലഹാബാദില്‍ നടന്ന മുപ്പത്തിയാറാം കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത് റാഡിക്കല്‍ കോണ്‍ഗ്രസുകാരനും പിന്നീട് കമ്മ്യൂണിസ്റ്റുകാരനുമായ മൌലാന ഹസ്രത്ത് മൊഹാനിയാണ്.

ഇതേ സമ്മേളനത്തില്‍ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദേശീയ വിമോചന സമരങ്ങളോടുള്ള നയത്തിന്റെ ചുവടുപിടിച്ചു എം.എന്‍ റോയിയും അബാനി മുഖര്‍ജിയും ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുള്ള ഒരു മാനിഫെസ്റ്റോ’ വിതരണം ചെയ്തു. തൊഴിലാളി സംഘടനകളുടെയും കര്‍ഷക സംഘടനകളുടെയും സമരങ്ങള്‍ ഏറ്റെടുക്കാന്‍ ഈ മാനിഫെസ്റ്റോ കോണ്‍ഗ്രസിനോട് ആഹ്വാനം ചെയ്തു.

എം.എന്‍ റോയ്

 

രാജ്യത്തെമ്പാടും സ്വാതന്ത്ര്യസമരകാലത്ത് തന്നെ കര്‍ഷക മുന്നേറ്റങ്ങള്‍ ഉണ്ടായി. സ്വാതന്ത്ര്യത്തിന് ശേഷം ഭൂവുടമകളുടെയും മുതലാളിമാരുടെയും കൂട്ടുകെട്ടായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രമസിന്റെ സര്‍ക്കാര്‍ ഈ കര്‍ഷകസമരങ്ങള്‍ക്ക് നേരെയും ഭൂമിയുടെ തുല്യവും ന്യായവുമായ വിതരണത്തിന് വേണ്ടിയുള്ള സമരങ്ങള്‍ക്ക് നേരെയും അതിക്രൂരമായ അടിച്ചമര്‍ത്തയലാണ് നടത്തിയത്. ബ്രിട്ടീഷ് സാമ്രാജ്യത്തവും വന്‍കിട ഭൂവുടമകളും ചെയ്തുപോന്നതില്‍ നിന്നും വ്യത്യസ്തമായ ഒന്നും കര്‍ഷകര്‍ക്കും ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്കും തൊഴിലാളി വര്‍ഗത്തിനും കോണ്‍ഗ്രസ് നല്‍കിയില്ല.

ഇന്ത്യന്‍ ബൂര്‍ഷ്വാസിയുമായി ഓരോ അടിയിലും ഏറ്റുമുട്ടിയും സമരം ചെയ്തുമാണ് ഓരോ ചെറിയ അവകാശവും ജനങ്ങള്‍ നേടിയെടുത്തത്. ബൂര്‍ഷ്വാസി അതിന്റെ ഉത്പാദന ബന്ധങ്ങളില്‍ അതിനാവശ്യമായ മാറ്റങ്ങള്‍ വരുത്താനല്ലാതെ, മറ്റൊരു ജനാധിപത്യ സംരക്ഷണത്തിനും തയ്യാറാകില്ല. മൂലധനത്തിന്റെ താത്പര്യങ്ങള്‍ക്കും അതിന്റെ സുഗമമായ ചൂഷണത്തിനും തടസം നില്‍ക്കു ന്നില്ലെങ്കില്‍, നിലനില്‍ക്കുന്ന ഏത് ജീര്‍ണ സാമൂഹ്യവ്യവസ്ഥയുമായും അത് ഒത്തുതീര്‍പ്പും കൂട്ടുകെട്ടും ഉണ്ടാക്കാം. ഇന്ത്യയിലെ ജാതി, ഭൂവുടമ ബന്ധങ്ങളെ ഇന്ത്യന്‍ ബൂര്‍ഷ്വാസി ബോധപൂര്‍വ്വം അട്ടിമറിക്കാഞ്ഞത് ഇതുകൊണ്ടാണ്. ബൂര്‍ഷ്വാസിയുടെ ജനാധിപത്യം അതിന്റെ എതിരാളികളായ വര്‍ഗങ്ങള്‍ക്കുള്ളതല്ല. അത് മറ്റൊരു വലിയ വിഷയമാണ്.

എന്നാല്‍ നാഗരികതയുടെ മുന്നോട്ടുപോക്കില്‍, ഉത്പാദനബന്ധങ്ങളെ ചൂഷണാത്മകമായ ചട്ടക്കൂടില്‍ നിര്‍ത്തുമ്പോഴും അതിനു ജ്ഞാനമേഖലകളിലെ വികാസത്തിന്റെ ഭാഗമായി ഉണ്ടാകുന്ന സാമൂഹ്യ, ശാസ്ത്ര വൈജ്ഞാനിക വികാസത്തിന്റെ സ്വാഭാവിക പുരോഗമന സ്വഭാവത്തെ ഉള്‍ക്കൊതള്ളേണ്ടതായി വരും. ഇത്തരം പുരോഗമനസ്വഭാവം ദേശരാഷ്ട്രത്തിന്റെ നടത്തിപ്പിലെ വിവിധ ജനാധിപത്യ സ്ഥാപനങ്ങളിലും പ്രതിഫലിക്കും. എന്നാലിത് നേരത്തെ പറഞ്ഞപോലെ, കര്‍ഷകര്‍ക്കും , തൊഴിലാളികള്‍ക്കും ഒന്നും നല്‍കാനുള്ളതല്ല.

 

അതേ സമയം ഇത് ബൂര്‍ഷ്വാസിയുടെ ആന്തരികവത്കരിക്കപ്പെട്ട പൊതുബോധമായി നിലനില്‍ക്കും. ശാസ്ത്രീയത, മതേതരത്വം, ബൂര്‍ഷ്വാസിക്കുള്ളിലെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍, വര്‍ഗ വിഭജിത സമൂഹത്തില്‍ മുതലാളിത്ത ഉത്പാദന ബന്ധങ്ങളെയും സ്വകാര്യ സ്വത്തുടമസ്ഥതയെയും അലോസരപ്പെടുത്താത്ത ജനാധിപത്യ സങ്കല്‍പ്പങ്ങളും അവയുടെ നടത്തിപ്പിനാവശ്യമായ സ്ഥാപനങ്ങളും എന്നിവയെല്ലാം ഇത്തരത്തില്‍ ബൂര്‍ഷ്വാസി ആന്തരികവത്കരിക്കുന്ന നാഗരികത മൂല്യങ്ങളാണ്.
മുതലാളിത്ത രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങള്‍ വികസിക്കുന്തോറും ഇത്തരം മൂല്യങ്ങളും ബൂര്‍ഷ്വാസിക്കുള്ളില്‍ വളരും. മതേതരത്വം ഇത്തരത്തില്‍ വളരുന്ന, വികസിക്കുന്ന ഒരു രാഷ്ട്രീയധാരണയാണ്.

ഇതിനര്‍ത്ഥം മതേതരത്വം ബൂര്‍ഷ്വാ സങ്കല്‍പ്പനമായി മാത്രം നില്‍ക്കുന്നു എന്നല്ല. അത് നാഗരികതയുടെ മുന്നോട്ടുപോക്കില്‍, അശാസ്ത്രീയവും ചൂഷണം നിറഞ്ഞതുമായ ഒരു അധികാര ബന്ധം എന്ന നിലയില്‍ മതസ്ഥാപനങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍, ശാസ്ത്രീയ സോഷ്യലിസത്തിന്റെ സമരത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്ന ഒന്നാണ്.

ഇത്തരത്തിലുള്ള മൂല്യങ്ങളെ സംഘപരിവാറിന്റെത് പോലുള്ള ഹിന്ദുത്വ, മതബദ്ധ രാഷ്ട്രീയം അംഗീകരിക്കുന്നില്ല. സ്വാഭാവികമായും ഇത് ബൂര്‍ഷ്വാസിക്കുള്ളില്‍ ആന്തരിക സംഘര്‍ഷമുണ്ടാക്കും. സമഗ്രാധിപത്യത്തിന്റെ ഏറ്റവും ഹീനമായ ജനാധിപത്യവിരുദ്ധതയെ എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ആന്തരികമായ വൈരുദ്ധ്യങ്ങള്‍ ബൂര്‍ഷ്വാസിക്കുള്ളിലുണ്ട്. ഈ വൈരുദ്ധ്യങ്ങളെ കണ്ടില്ലെന്നു നടിക്കുകയും അല്ലെങ്കില്‍ കാണാതിരിക്കുകയും, ഹിന്ദുത്വ ഭീകരതക്കെതിരായ സമരത്തില്‍ ബൂര്‍ഷ്വാസിയുടെ ആന്തരിക വൈരുദ്ധ്യത്തെ ഉപയോഗപ്പെടുത്താ തിരിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളെയും ചരിത്രത്തില്‍ ബൂര്‍ഷ്വാസിിക്കുള്ള പങ്കിനെയും തലകീഴായി കാണുന്നതിന് തുല്യമാണ്.

 

എങ്ങനെയാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ജനാധിപത്യവിരുദ്ധതയെ, സമഗ്രാധിപത്യത്തിലൂടെ ഭൂരിപക്ഷ മത കേന്ദ്രീകൃതമായ സമൂഹത്തെയും ഭരണകൂടത്തെയും സൃഷ്ടിക്കാനുള്ള ശ്രമത്തെ, ഇടതുപക്ഷമടക്കമുള്ള ജനാധിപത്യപ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള നീക്കത്തെ, ഭരണകൂടസംവിധാനങ്ങളെ മുഴുവനായും സൈനികവത്കരിച്ച ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കത്തെ ചെറുക്കാനാവുക എന്നതാണു ഇടതുപക്ഷത്തിന്റെ മുന്നിലുള്ള ഏറ്റവും അടിയന്തരമായ ചോദ്യം.

ബൂര്‍ഷ്വാസിയുടെ മൂലധന താത്പര്യങ്ങളെ, അത് കാലാകാലങ്ങളില്‍ പുതുക്കുന്ന സ്വത്തുടമാ വര്‍ഗത്തിന്റെ താത്പര്യങ്ങളെ സംരക്ഷിക്കാനുള്ള അടവുകളെ, ഈ സമഗ്രാധിപത്യ അജണ്ടയില്‍ നിന്നും വേര്‍പ്പെടുത്തി കാണേണ്ടതുണ്ട്. കാരണം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഈ അജണ്ടയുടെ ഗുണഭോക്താക്കളല്ല ബൂര്‍ഷ്വാസിയിലെ ഒരു വിഭാഗം. മുതലാളിത്ത താത്പര്യങ്ങള്‍ക്ക് ഇത് ഒഴിച്ചുകൂടാനാവാത്ത ഒന്നല്ല. അതുകൊണ്ടുതന്നെ ലക്കും ലഗാനുമില്ലാത്ത ചൂഷണത്തിന് ചൂട്ടുപിടിക്കുന്ന സംരക്ഷണം നല്‍കുന്ന ഒരു ഭരണകൂടത്തിനെ അവര്‍ സ്വാഗതം ചെയ്യുമെങ്കിലും മറ്റ് അജണ്ടകളില്‍ അവര്‍ക്കുള്ള താത്പര്യം പരിമിതമാണ്.

ഇത്തരം വൈരുദ്ധ്യങ്ങളെ ഉപയോഗപ്പെടുത്തേണ്ട അടിയന്തര സാഹചര്യം രാജ്യത്തുണ്ട്. ഒരേ സമയം നവലിബറല്‍ സാമ്പത്തിക കൊള്ളയും, ഹിന്ദുത്വ ഭീകരതയും നടപ്പാക്കുന്ന, ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെ ഒന്നൊന്നായി നിഷ്‌ക്രിയമാക്കുന്ന, ഭൂരിപക്ഷ മതബോധത്തെ പൊതുബോധത്തിന് പകരം വെക്കുന്ന, പൗരന് പകരം അച്ചടക്കമുള്ള രൂപങ്ങളെ ആവശ്യപ്പെടുന്ന, പൌരസമൂഹത്തെ വിഭാഗീയമായി സൈനികവത്കരിക്കുന്ന, സങ്കുചിത, ക്ഷുദ്ര ദേശീയതയുടെ കാഹളങ്ങളില്‍ രാജ്യത്തെ കുരുക്കുന്ന,ഒരു രാഷ്ട്രീയാധികാരരൂപം, ബൂര്‍ഷ്വാസിയോട് ഏറ്റുമുട്ടി, സമരം ചെയ്ത് കര്‍ഷകരും തൊഴിലാളികളുമുള്‍പ്പെടുന്ന മഹാഭൂരിപക്ഷം ജനത നേടിയ പരിമിതമായ അവകാശങ്ങളെപ്പോലും ഇല്ലാതാക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഉണ്ടാക്കുന്നത്.

ആര്‍തര്‍ റോസന്‍ ബര്‍ഗ്, ക്ലാര സെറ്റ്കിന്‍

ഇത് മുമ്പുണ്ടായിട്ടില്ല. ഭരണകൂടം സമഗ്രാധിപത്യത്തിലേക്ക് നീങ്ങാന്‍ ശ്രമിച്ച അടിയന്തരാവസ്ഥക്കാലത്ത് ഈ മതബദ്ധ ഭൂരിപക്ഷ ഭീകരത ഭരണകൂടത്തിന്റെ ഭാഗമായിരുന്നില്ല. ഇതൊരു ചെറിയ വ്യത്യാസമല്ല. ആദ്യത്തേതില്‍, മഹാഭൂരിപക്ഷം ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ബന്ധം നേരിട്ടുള്ള സംഘര്‍ത്തിന്റെതാണെങ്കില്‍, ഹിന്ദുത്വ രാഷ്ട്രീയാധികാരത്തിന്റെ കാലത്ത് ഭരണകൂടത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ പൊതുബോധമായി വ്യാഖ്യാനിക്കുക മാത്രമല്ല, അവ സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.

ഫാഷിസത്തിന്റെ ബഹുജന പിന്തുണ എന്തുകൊണ്ട് അതിനെതിരായ രാഷ്ട്രീയ പ്രതിരോധത്തില്‍ കണക്കിലെടുക്കേണ്ടതുണ്ടെന്ന് ആര്‍തര്‍ റോസന്‍ ബര്‍ഗ് (1933,Fascismas a mass-movement) പറയുന്നുണ്ട്. ഫാഷിസത്തെ വെറും സൈനിക-ഭീകര പ്രസ്ഥാനമായി ചുരുക്കിക്കാണുകയും അതിന്റെ ആഴത്തില്‍ വേരുകളുള്ള ബഹുജന സ്വാധീനത്തെ അവഗണിച്ചു എന്നതുമാണ് ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി ചെയ്ത ഏറ്റവും വലിയ തെറ്റെന്നു ക്ലാര സെറ്റ്കിന്‍ (1923) മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ അവരുടെ ബഹുജന പിന്തുണയെ കാണാതിരിക്കരുത്. അപകടകരമായ വിധത്തില്‍ അത് തെരുവുകളില്‍ ഭൂരിപക്ഷ മതനീതിയും ഹിന്ദുത്വ രാഷ്ട്രീയാധികാരത്തിന്റെ ഗുണ്ടകളുമായി മാറുകയും അതിനു സംഘടിതവും നിയമപരമായ രൂപവുമുണ്ടാവുകയും ചെയ്യുന്ന കാലം വളരെ വേഗത്തില്‍ എത്തും.

ഇതിനെ ചെറുക്കാവുന്ന വലിയ ബഹുജനപിന്തുണ ഇന്നത്തെ മൂര്‍ത്ത സാഹചര്യങ്ങളില്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിനില്ല. ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ മഹാഭൂരിപക്ഷം പ്രദേശത്തും അതിന്റെ രാഷ്ട്രീയ അസ്തിത്വം പോലും അവഗണനീയമാണ്. എന്നാല്‍ ശരിയായ രാഷ്ട്രീയ നിലപാടുകള്‍ എടുക്കുന്നതിനും ശക്തമായ പ്രതിരോധത്തിലും പോരാട്ടത്തിലും പങ്കാളികളും നേതാക്കളുമാകുന്നതിനും ഇതുവരെ തടയേണ്ട കാര്യമില്ല. എന്നാല്‍ ഈ ദൗര്‍ബല്ല്യത്തെക്കുറിച്ച് അവര്‍ക്ക് ബോധമുണ്ടാകണം.

 

ജര്‍മ്മന്‍ ഫാഷിസത്തിന്റെ വളര്‍ച്ചാ, ഈ ബഹുജനപിന്തുണയുടെ ബലത്തില്‍ക്കൂടി ആയിരുന്നു എന്നു കാണാം. 1928-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് 12.6 (ദശലക്ഷം), ഡെമോക്രാറ്റുകള്‍ക്ക്് 5.3, നാസികളടക്കമുള്ള വലതുപക്ഷ കക്ഷികള്‍ക്ക് 12.7, നാസികള്‍ക്ക് മാത്രം 0.8 എന്ന നിലയിലായിരുന്നു വോട്ട് ലഭിച്ചത്. 1930 ആയപ്പോള്‍ ഇത് മാര്‍ക്‌സിസ്റ്റുകള്‍ക്ക് 13.2(ദശലക്ഷം), ഡെമോക്രാറ്റുകള്‍ക്ക്് 5.4 , നാസികളടക്കമുള്ള വലതുപക്ഷ കക്ഷികള്‍ക്ക് 16.2, നാസികള്‍ക്ക് മാത്രം 6.4 എന്നായി. 1932 ജൂലായില്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് 13.3 (ദശലക്ഷം), ഡെമോക്രാറ്റുകള്‍ക്ക് 5.0, നാസികളടക്കമുള്ള വലതുപക്ഷ കക്ഷികള്‍ക്ക് 18.3, നാസികള്‍ക്ക്് മാത്രം 13.7 എന്ന നിലയിലെത്തി. 1933 മാര്‍ച്ച് ആയപ്പോള്‍ ഇത് മാര്‍ക്‌സിസ്റ്റുകള്‍ക്ക് 12.0 (ദശലക്ഷം), ഡെമോക്രാറ്റുകള്‍ക്ക് 4.7, നാസികളടക്കമുള്ള വലതുപക്ഷ കക്ഷികള്‍ക്ക് 22.5, നാസികള്‍ക്ക് 7 മാത്രം 17.3 എന്നായി.

നാസികള്‍ വലിയ തോതില്‍ പുതിയ ജനവിഭാഗങ്ങളെ തങ്ങളിലേക്ക് ആകര്‍ഷിച്ചു എന്നാണ് ഇത് കാണിക്കുന്നത്. ഇടതുപക്ഷത്തിനാകട്ടെ തങ്ങളുടെ പഴയ തൊഴിലാളി വോട്ടുകള്‍ മാത്രം നിലനിര്‍ത്താനെ കഴിഞ്ഞുള്ളൂ. അതില്‍ത്തന്നെ വ്യവസായ തൊഴിലാളികളാണ് മാര്‍ക്‌സിസ്റ്റുകള്‍ക്ക് പ്രതിബദ്ധതയോടെ വോട്ട് ചെയ്തത്. മറ്റ് തരത്തിലുള്ള വേതനം പറ്റുന്ന ജോലിക്കാര്‍ ഏറിയപങ്കും നാസികളുടെ കൂടെയായിരുന്നു. ലോകത്ത് വലതുപക്ഷ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയില്‍ എല്ലായ്‌പ്പോഴും ഒരു പ്രതിബദ്ധ പിന്നണിയായി നിലക്കുന്നത് ഈ പെറ്റി ബൂര്‍ഷ്വാസിയാണ്.

നിലവിലെ ബൂര്‍ഷ്വാ ജനാധിപത്യ സ്ഥാപനങ്ങളുടെ ജനവിരുദ്ധതയും, തകര്‍ച്ചയെയും മുതലെടുക്കുന്നത് ഈ വലതുപക്ഷമാണ്. അത് ഒരുതരം പുരോഗമന സ്വഭാവം പോലും വ്യാജമായി പ്രകടിപ്പിക്കും. മൂലധന കൊള്ളക്കെതിരെ വാചകമടിക്കാന്‍ പോലും അത് മടിക്കില്ല.

ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ നേതൃത്തിലുള്ള ഭരണം ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും ദുര്‍ബലമായ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും വരുത്തിവെച്ച ദൗര്‍ബല്യവും വിശ്വാസ്യത തകര്‍ച്ചയും ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന് രാഷ്ട്രീയാധികാരത്തിലേക്കുള്ള വഴി ഒരു ചരിത്രഘട്ടത്തില്‍ തുറന്നുകൊടുക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്നു എന്നു അവകാശപ്പെട്ട, വാസ്തവത്തില്‍ സ്വാതന്ത്ര്യസമരകാലത്തും ശേഷവും ബഹുജനപ്രക്ഷോഭങ്ങളുടെ ഭാഗമായി ഉണ്ടായ എല്ലാ ജനാധിപത്യ മൂല്യങ്ങളെയും ആക്രമിക്കുന്നതിന് ഹിന്ദുത്വ രാഷ്ട്രീയത്തിന് എളുപ്പമായി.

 

തകര്‍ന്ന, വിശ്വാസ്യത നഷ്ടപ്പെട്ട ഒരു സ്ഥാപനമായി അവര്‍ ജനാധിപത്യത്തെ അവതരിപ്പിച്ചു. അഭിപ്രായങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ആള്‍ക്കൂട്ടത്തെ പകരം വെച്ചു. പാര്‍ലമെന്റിലെ മറുപടികള്‍ക്ക് പകരം പൊതുയോഗങ്ങളില്‍ മറുപടികള്‍ നല്‍കി. ജനാധിപത്യത്തിന്റെ സ്ഥാപന രൂപത്തെ നിസ്സാരവത്കരിക്കാന്‍ തുടങ്ങി. നീതിന്യായ വ്യവസ്ഥയില്‍ ഇടപെടുന്ന സൂചനകള്‍ നല്കി. ചരിത്രം തിരുത്തിയെഴുതാന്‍ സമിതിയെ നിയമിച്ചു.

ജനാധിപത്യത്തോടുള്ള പ്രതിപത്തി ദൗര്‍ബല്ല്യമായി കാണാന്‍ തുടങ്ങി. ഒപ്പം മതേതരത്വം എല്ലാ പ്രശ്‌നങ്ങളുടെയും പൊതുഘടകമാക്കി അവതരിപ്പിച്ചു. മതേതരത്വവും ഒരു കോണ്‍ഗ്രസ് മൂല്യമാക്കി അവഹേളിക്കപ്പെട്ടു. പ്രതിപക്ഷത്തെ ഇല്ലാതാക്കുക എന്നത് ഒരു മുദ്രാവാക്യമാക്കി മാറ്റി. പാകിസ്ഥാനെ ആക്രമിക്കാനുള്ള സന്നദ്ധത എപ്പോഴും പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരുന്നു. വികസനം ഒരു ദേശസ്‌നേഹ പ്രവര്‍ത്തനമായി. കോര്‍പ്പറേറ്റ് വികസനത്തിന് ദേശസ്‌നേഹം അകമ്പടിയാക്കി.

ഈ ഭൂതകാലദോഷത്തിന്റെ ഉച്ചാടനത്തെ അന്തംവിട്ടു നോക്കിനില്‍ക്കുകകയെന്ന ചരിത്രപരമായ പ്രമാദം ഇന്ത്യയിലെ ഇടതുപക്ഷത്തിന് പറ്റിക്കൊണ്ടിരിക്കുകയാണ്. അതിനുള്ള പ്രധാന കാരണം അതിന്റെ വര്‍ഗവീക്ഷണത്തിലും രാഷ്ട്രീയത്തിലും വന്ന പ്രതിലോമകരമായ പാളിച്ചകളാണ്. ബംഗാളില്‍ സംഭവിച്ചതുപോലുള്ള ജനവിരുദ്ധ സര്‍ക്കാര്‍, സംഘടന സംവിധാനങ്ങള്‍ എങ്ങനെയാണ് സംഭവിക്കുന്നത് എന്നു തിരിച്ചറിയാനുള്ള ഇടതുപക്ഷ രാഷ്ട്രീയ വിവേകം അതിനില്ലാതെ പോയി. നവ ലിബറല്‍ നയങ്ങളെ എതിര്‍ക്കുന്നു എന്നു പറയുമ്പോഴും അതിന്റെ നടപ്പുദീനങ്ങള്‍ ആ നയങ്ങളുടെ തുടര്‍ച്ചയായിരുന്നു. രാജ്യത്തെ ജനകീയ പ്രതിരോധ സമരങ്ങളുമായി ഐക്യപ്പെടുന്നതില്‍ നിന്നും മുഖ്യധാര ഇടതുപക്ഷം കാണിക്കുന്ന വിമുഖത അമ്പരപ്പിക്കുന്നതാണ്.

 

തിരിച്ചുവരാം എന്ന പ്രതീക്ഷയ്ക്ക് രാഷ്ട്രീയ നിലപാടുകളുടെ പിന്‍ബലമോ ചരിത്രത്തിന്റെ പിന്‍ബലമോ ഇല്ല എന്നതാണു ഇടതുപക്ഷം നേരിടുന്ന പ്രതിസന്ധി. സ്വതന്ത്ര ഇന്ത്യയില്‍ തങ്ങളുടെ സ്വാധീനമേഖലകള്‍ വ്യാപിപ്പിക്കുന്നതില്‍ ഒരു മുന്നേറ്റവും നടത്തിയില്ല എന്നു മാത്രമല്ല, മിക്ക സംസ്ഥാനങ്ങളിലും അതിന്റെ സാന്നിധ്യം നാള്‍ തോറും ദുര്‍ബലമായി. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, ബീഹാര്‍, ഉത്തര്‍ പ്രദേശ് അസം എന്നിങ്ങനെ ഇടതുപക്ഷ സാന്നിധ്യം ഉണ്ടായിരുന്ന എല്ലായിടത്തും അത് കുറഞ്ഞുവരികയാണ് ചെയ്തത്.

ജനകീയ സമരങ്ങളില്‍ നിന്നും അലസമായി ഒഴിഞ്ഞുമാറി നിന്നു, പ്രാദേശിക കക്ഷികളുടെ കാരുണ്യത്തില്‍ അവിടങ്ങളില്‍ കിട്ടിയ ഒന്നോ രണ്ടു ലോക്‌സഭാ സീറ്റുകള്‍ മാത്രമായിരുന്നു ശക്തികേന്ദ്രങ്ങളായ മൂന്നു സംസ്ഥാനങ്ങളെ മാറ്റിനിര്‍ത്തിയാല്‍ അവസ്ഥ. സാമാന്യം ശക്തിയുണ്ടായിരുന്ന ബംഗാളും പിറകെ ത്രിപ്പുരയും നഷ്ടപ്പെട്ടതോടെ ഈ സ്വാധീനത്തിലും ഇടിവ് നേരിടുന്നുണ്ട്. ഇതൊരു വസ്തുതയാണ്. ബംഗാളില്‍ ഇടതുഭരണം തൂത്തെറിയപ്പെട്ട 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 30.08% ആണ് സി.പി.ഐ.എമ്മിന് കിട്ടിയ വോട്ട്. 2014-ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ അത് 29.71% ആയി. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, ഭരണവിരുദ്ധ വികാരത്തിന്റെ ചെറിയ ആനുകൂല്യം പോലും ലഭിക്കാനാകാത്തവണ്ണം പ്രതിപക്ഷത്തിരിക്കുമ്പോഴും തകര്‍ച്ച തുടര്‍ന്ന സി.പി.ഐ.എമ്മിന് കിട്ടിയതു 19.8% വോട്ടാണ്.

തിരിച്ചുവരവ് എപ്പോഴും ഒരു സ്വാഭാവിക സാധ്യതയല്ല എന്നാണ് കാണിക്കുന്നത്. പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കി സീറ്റുകള്‍ നേടിയ ഒരു സംസ്ഥാനത്തും അത്തരം സഖ്യങ്ങള്‍ വിട്ടുപോയാല്‍ ആ സീറ്റുകള്‍ നിലനിര്‍ത്താന്‍ ഇടതുകക്ഷികള്‍ക്കായിട്ടില്ല എന്നും തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ കാണാം. പ്രതീക്ഷകള്‍ നല്ലതാണ്, അതിനു രാഷ്ട്രീയ വസ്തുതകളുടെ പിന്‍ബലമില്ലെങ്കില്‍ അത് ജനങ്ങളെ പറ്റിക്കലാണ്.

 

ഈ ഘട്ടത്തില്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിന് ഹിന്ദുത്വ രാഷ്ട്രീയാധികാരത്തെ ഒറ്റയ്ക്ക് നേരിടാനുള്ള ശേഷിയില്ല എന്നതാണു വാസ്തവം. ബൂര്‍ഷ്വാസിക്കുള്ളില്‍ മതേതരത്വം, ജനാധിപത്യ സ്ഥാപനങ്ങള്‍, ബൂര്‍ഷ്വാസിക്കുള്ളിലെ ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ എന്നിവ സംബന്ധിച്ച തര്‍ക്കത്തെ മൂര്‍ച്ഛിപ്പിക്കുകയും അതിനെ ഗുണപരമായി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമഗ്രാധിപത്യ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുക എന്നത് കടമ മാത്രമല്ല, രാഷ്ട്രീയ അനിവാര്യത കൂടിയാണ്.

ഇതിനോട് മുഖം തിരിഞ്ഞുനില്‍ക്കുകയെന്നാല്‍, ഹിന്ദുത്വ രാഷ്ട്രീയാധികാരത്തിനും പ്രതിരോധമുണ്ടാകാതെ പോയാല്‍ അതാര്‍ജിക്കാന്‍ പോകുന്ന ഭൂരിപക്ഷ മതത്തിന്റെയും മധ്യവര്‍ഗ അവസരവാദത്തിന്റെയും കള്ളികളില്‍ നിന്നുള്ള ബഹുജനപിന്തുണയുള്ള സമഗ്രാധിപത്യത്തിനെതിരെയുള്ളതും ഭൂവുടമ-മുതലാളിത്ത കൂട്ടുകെട്ടിന്റെ ഭരണവര്‍ഗത്തിനും അതിന്റെ മൂലധന ഭീകരതക്കുമെതിരുമായ ഇരട്ട മുന്നണി സമരമെന്ന പ്രയോഗയുക്തി പിടികിട്ടുന്നില്ല, അല്ലെങ്കില്‍ അംഗീകരിക്കുന്നില്ല എന്നാണ ഈ ഇരട്ടമുന്നണിയെ വിശുദ്ധവാദത്തിന്റെ കട്ടിലില്‍ക്കിടത്തി പാകത്തിന് കാല് മുറിക്കുന്നതില്‍ മറ്റെന്തൊക്കെയുണ്ടെങ്കിലും ചരിത്ര സാഹചര്യങ്ങളുടെ മാര്‍ക്‌സിയന്‍ വിശകലനമില്ല.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യവുമായി നേരിട്ട് ഉദാഹരിക്കാന്‍ കഴിയില്ലെങ്കിലും കോമിന്റെണിന്റെ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സാര്‍വദേശീയ കൂട്ടായ്മ) മോസ്‌കോവില്‍ നടന്ന രണ്ടാം കോണ്‍ഗ്രസില്‍ (1920) നടന്ന ദേശീയ വിമോചന സമരങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്കിനെക്കുറിച്ചുള്ള സംവാദം ശ്രദ്ധേയമാണ്. ലെനിന്‍ അവതരിപ്പിച്ച ദേശീയ-കൊളോണിയല്‍ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രാഥമിക കരട് രേഖയില്‍ പിന്നാക്ക രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വന്തം പ്രത്യയശാസ്ത്ര-സംഘടന സ്വാതന്ത്ര്യം സംരക്ഷിക്കുന്നതോടൊപ്പം, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരത്തില്‍ അവര്‍ ദേശീയ വിമോചന പ്രസ്ഥാനത്തോടൊപ്പം നിലകൊള്ളണം; സാമ്രാജ്യ വിരുദ്ധ ബൂര്‍ഷ്വാസിയുമായി സഹകരിക്കണം എന്നു നിര്‍ദേശം വെച്ചു.

 

എന്നാല്‍ കോളനികളിലെ ബൂര്‍ഷ്വാ ദേശീയ വിമോചന സമരത്തിനൊപ്പം കൂടുന്നത് വിപ്ലവ ശേഷിയുടെ ദുര്‍വ്യയമാണെന്ന, എം.എന്‍ റോയി തന്റെ ‘സപ്ലിമെന്ററി തീസിസ്’ല്‍ മുന്നോട്ടുവെച്ച നിലപാട് കോമിന്റെന്‍ തള്ളിക്കളഞ്ഞു. വിപ്ലവത്തിന്റെ വിശുദ്ധപശു എന്നൊന്നില്ലെന്ന് അന്നേ വ്യക്തമായതായിരുന്നു. ദേശീയ ബൂര്‍ഷ്വാ സിയോടുള്ള നിലപാടുകള്‍ എങ്ങനെയാണ് സാഹചര്യങ്ങളുടെ, political-economyയുടെ ശരിയായ വായനകളെ ആധാരമാക്കിയാകേണ്ടത് എന്നും വാര്‍പ്പു മാതൃകകകളുടെ തടവില്‍പ്പെട്ട് പോകരുതെന്നും സൂചിപ്പിക്കാനാണ് ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പുള്ള ഈ തര്‍ക്കം സൂചിപ്പിച്ചത്.

ഇന്ത്യയിലെ കര്‍ഷകരും തൊഴിലാളികളും സാധാരണക്കാരായ ലക്ഷക്കണക്കിനു മനുഷ്യരും പോരാടിയ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളെയും,സ്വാതന്ത്ര്യാനന്തരവും നടത്തിയ ചെറുതും വലുതുമായ അനേകായിരം സമരങ്ങളുടെ ഭാഗമായി നേടിയ മതേതര, ജനാധിപത്യ സ്ഥാപനങ്ങളെയും തകര്‍ക്കാന്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ, സംഘപരിവാറിനെ അനുവദിക്കുകയെന്നാല്‍ വിമോചനപോരട്ടത്തിന്റെ ഒരു ഘട്ടത്തില്‍ നേടിയ ചരിത്രനേട്ടങ്ങളെ ബലികഴിക്കുക എന്നാണ്.

ആ നേട്ടങ്ങള്‍ എല്ലാം ഉണ്ടാക്കിയത് ബൂര്‍ഷ്വാസിയല്ല. അവരോടുകൂടി പോരാടിച്ചാണ് അദ്ധ്വാനിക്കുന്ന ജനങ്ങള്‍ ആ രാഷ്ട്രീയാവകാശങ്ങള്‍ നേടിയത്. അതുകൊണ്ട് ആ നേട്ടങ്ങളെ നിലനിര്‍ത്തുക എന്നത് ബൂര്‍ഷ്വാസിയുടെ ആശങ്കയല്ല, സാധാരണക്കാരായ മനുഷ്യരുടെ രാഷ്ട്രീയമാണ്. നടന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കുന്നത് ചരിത്രപാഠമാണ്; തിരിച്ചു നടക്കുന്നത് ചരിത്രമണ്ടത്തരവും.

പ്രമോദ് പുഴങ്കര
Advertisement