ബാലഭാസ്‌ക്കറിന്റെ മരണം; കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ കൊണ്ടുപോയത് താനെന്ന് പ്രകാശ് തമ്പിയുടെ മൊഴി
Kerala
ബാലഭാസ്‌ക്കറിന്റെ മരണം; കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ കൊണ്ടുപോയത് താനെന്ന് പ്രകാശ് തമ്പിയുടെ മൊഴി
ന്യൂസ് ഡെസ്‌ക്
Friday, 7th June 2019, 3:06 pm

തിരുവനന്തപുരം: കൊല്ലത്തിനടുത്ത് ബാലഭാസ്‌കറിന്റെ കുടുംബം വാഹനം നിര്‍ത്തി ജ്യൂസ് കുടിച്ച കടയിലെ സി.സി. ടിവി ദൃശ്യങ്ങള്‍ താന്‍ തന്നെയാണ് കൊണ്ടുപോയതെന്ന് പ്രകാശന്‍ തമ്പിയുടെ മൊഴി. നേരത്തെ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്തായത്.

കടയിലുള്ള സിസി ടിവി ദൃശ്യങ്ങള്‍ കൊണ്ടുപോയത് താനാണെന്നായിരുന്നു പ്രകാശന്‍ തമ്പി ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്.

കടയുടമ ഷംനാദിന്റെ മൊഴിയെടുത്തതിന് ശേഷമായിരുന്നു ക്രൈം ബ്രാഞ്ച് അന്ന് പ്രകാശ് തമ്പിയുടെ മൊഴിയെടുത്തത്. സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ പോകുന്നതിന് മുന്‍പായിരുന്നു ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍.

സിസി ടിവി ദൃശ്യങ്ങള്‍ പ്രകാശന്‍ തമ്പി കൊണ്ടുപോയെന്നായിരുന്നു ഷംനാദും ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. എന്നാല്‍ പൊലീസിന്റെ ഇപ്പോഴത്തെ ചോദ്യം ചെയ്യലില്‍ ഷംനാദ് മൊഴി മാറ്റി.

ദൃശ്യങ്ങള്‍ പ്രകാശ് തമ്പി എന്നയാള്‍ കൊണ്ടുപോയിട്ടില്ലെന്നായിരുന്നു ജ്യൂസ് കടയുടമ ഷംനാദ് പറഞ്ഞത്. ക്രൈംബ്രാഞ്ചിനോട് പ്രകാശ് തമ്പി ദൃശ്യങ്ങള്‍ കൊണ്ടുപോയെന്ന് മൊഴി നല്‍കിയിട്ടില്ലെന്നും ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു.

ബാലഭാസ്‌കറിന്റെ മരണത്തിന് ശേഷം പ്രകാശ് തമ്പി എന്ന ഒരാള്‍ ജ്യൂസ് കടയില്‍ വന്നിട്ടില്ല, സിസിടിവി ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ട് പോയിട്ടില്ല, അങ്ങനെയൊരാളെ അറിയില്ല, മരിച്ചത് ബാലഭാസ്‌കറാണെന്ന് പോലും അറിയില്ലായിരുന്നുവെന്നാണ് ജ്യൂസ് കടയുടമ ഷംനാദ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോയത് പൊലീസാണ്. ഡി.വൈ.എസ്.പി ഹരികൃഷ്ണനാണ് ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോയത്.

”പ്രകാശ് തമ്പി എന്നൊരു കക്ഷിയേയേ എനിക്കറിയില്ല. ക്രൈംബ്രാഞ്ച് എന്നോട് ചോദിച്ചത് ഇങ്ങനെയൊരു സാറ് ഇവിടെ വന്നിരുന്നോ, കരിക്കിന്‍ ഷേക്ക് കുടിച്ചിരുന്നോ എന്നാണ്. ഇങ്ങനെ ഒരു സാറ് ഇവിടെ വന്നിരുന്നെന്ന് ഞാന്‍ പറഞ്ഞു. വന്നപ്പോ ഞാനകത്ത് കിടക്കുകയായിരുന്നു. ഇങ്ങനെയൊരാളെ എനിക്കറിയുമായിരുന്നില്ല. വന്നത് ബാലഭാസ്‌കറാണെന്ന് എനിക്കറിയില്ലായിരുന്നു. ഭാര്യയ്ക്ക് കരിക്കിന്‍ഷേക്ക് വേണ്ടേ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ക്ക് വേണ്ടെന്നും നാല് ദിവസത്തെ യാത്രയ്ക്ക് ശേഷം അവര്‍ വല്ലാതെ ക്ഷീണിച്ചിരിക്കുകയാണെന്നും പറഞ്ഞു. അവര്‍ ഉറങ്ങുകയായിരുന്നു. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്ക് തരാന്‍ പറഞ്ഞു. പക്ഷേ, അവര് രണ്ട് പേരും ഷേക്ക് വാങ്ങി പൈസ തന്നപ്പോള്‍ ഞാന്‍ ചെന്ന് കിടന്നു”, ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു.

അവര്‍ വന്ന് കടയ്ക്ക് മുന്നില്‍ വച്ച് വിളിച്ചപ്പോഴാണ് പുറത്തിറങ്ങിയതെന്നും ആരാണ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയതെന്നൊന്നും ശ്രദ്ധിച്ചില്ലെന്നും ഷംനാദ് പറഞ്ഞു.

”ഹാര്‍ഡ് ഡിസ്‌ക് ആര്‍ക്കും കൊടുക്കരുതെന്ന് പൊലീസ് വന്ന് പറഞ്ഞു. ബാലഭാസ്‌കര്‍ മരിച്ച് രണ്ട് ആഴ്ച കഴിഞ്ഞപ്പോള്‍ പൊലീസ് വന്ന് മൊഴിയെടുത്തു. രാത്രി രണ്ട് മണിക്ക് ശേഷം വന്ന നീലക്കാറിലെ ബര്‍മുഡയിട്ട ഒരാള്‍ എന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്”, ഷംനാദ് പറഞ്ഞു.

സിസിടിവി താന്‍ പിന്നെ നോക്കിയിട്ടില്ല. പൊലീസുകാര്‍ രണ്ട് മാസം മുമ്പ് വന്ന് സിസിടിവി ദൃശ്യം ശേഖരിച്ചു കൊണ്ടുപോയി. മുപ്പത് ദിവസത്തെ സ്റ്റോറേജ് മാത്രമേ ഈ സിസിടിവി ഹാര്‍ഡ് ഡിസ്‌കിനുള്ളൂ. അത് സാരമില്ല, ഫോറന്‍സിക് പരിശോധനയില്‍ പൊലീസുകാര്‍ ദൃശ്യം എടുത്തുകൊള്ളുമെന്ന് ഡി.വൈ.എസ്പി ഹരികൃഷ്ണന്‍ പറഞ്ഞു. അതല്ലാതെ വേറെ ആരും വന്നിട്ടില്ലെന്നും ഷംനാദ് പറഞ്ഞു.

കേസില്‍ ആറ്റിങ്ങല്‍ പൊലീസ് അന്വേഷണം തുടങ്ങിയ ശേഷമാണ് പ്രകാശ് തമ്പി എത്തിയതെന്നും സി.സി.ടിവി ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയതെന്നുമാണ് ഷംനാദ് പൊലീസിന് നേരത്തേ മൊഴി നല്‍കിയത്.

ബാലഭാസ്‌കറിന്റെ മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സംഗീതജ്ഞനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്നത്.

ഇതേത്തുടര്‍ന്ന് ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണിയടക്കം രംഗത്തെത്തുകയായിരുന്നു.