പാണ്ടിപ്പടയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നയാള്‍ ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ്, ഞാന്‍ അയാളുടെ ഫാന്‍: പ്രകാശ് രാജ്
Indian Cinema
പാണ്ടിപ്പടയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നയാള്‍ ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ്, ഞാന്‍ അയാളുടെ ഫാന്‍: പ്രകാശ് രാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th September 2025, 10:48 pm

ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് പ്രകാശ് രാജ്. നാടകത്തിലൂടെ സിനിമാലോകത്തേക്കെത്തിയ പ്രകാശ് രാജിന്റെ തുടക്കം തമിഴിലൂടെയായിരുന്നു. പിന്നീട് തെലുങ്ക്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ 200ല്‍ പരം ചിത്രങ്ങളില്‍ പ്രകാശ് രാജ് അഭിനയിച്ചു. നാല് തവണ ദേശീയ അവാര്‍ഡിന് അദ്ദേഹം അര്‍ഹനായി.

ഈയടുത്ത് നടന്ന ഗലാട്ടാ ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡില്‍ പ്രകാശ് രാജ് നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മലയാളി താരം സൗബിന് പുരസ്‌കാരം നല്‍കിയ ശേഷം മലയാള സിനിമയെക്കുറിച്ചും ഇന്‍ഡസ്ട്രിയിലെ ആര്‍ട്ടിസ്റ്റുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സൗബിനെ തനിക്ക് പണ്ടുമുതലേ അറിയാമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

‘ഒരുപാട് വര്‍ഷം മുമ്പ് പാണ്ടിപ്പട എന്നൊരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ആ പടത്തില്‍ ഞാനായിരുന്നു മെയിന്‍ വില്ലന്‍. അന്ന് ആ പടത്തില്‍ സൗബിന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അന്നേ സിനിമയോടുള്ള അയാളുടെ പാഷനെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായി അയാള്‍ മാറിയിരിക്കുകയാണ്. ഏത് തരം വേഷവും ചെയ്യാന്‍ കഴിയുന്ന ആര്‍ട്ടിസ്റ്റുകള്‍ ധാരാളമായി ഉള്ള ഇന്‍ഡസ്ട്രിയാണ് മലയാളം.

മലയാളത്തിലെ പല ആര്‍ട്ടിസ്റ്റുകളും ക്യാരക്ടര്‍ റോള്‍ ചെയ്യുമ്പോള്‍ അതിനെ വേറെ ലെവലിലെത്തിക്കാറുണ്ട്. പലരും ഈയടുത്ത് മാത്രമായിരിക്കും മലയാളസിനിമകള്‍ കണ്ടുതുടങ്ങിയിട്ടുണ്ടാവുക. ഞാന്‍ പണ്ടുമുതലേ മലയാളത്തിലെ സിനിമകളെല്ലാം ശ്രദ്ധിക്കാറുണ്ട്. അതിലെല്ലാം നമ്മളെ ഞെട്ടിക്കുന്ന പല ആര്‍ട്ടിസ്റ്റുകളുമുണ്ട്.

സൗബിന്റെ കാര്യമെടുത്താല്‍ അയാള്‍ ആദ്യകാലം മുതല്‍ തെരഞ്ഞെടുക്കുന്ന റോളുകളെല്ലാം ഗംഭീരമാണ്. ഓരോ കഥാപാത്രത്തിനും കൊടുക്കുന്ന ഇന്റന്‍സിറ്റിയെല്ലാം എടുത്തു പറയേണ്ടതാണ്. ഇപ്പോള്‍ മോണിക്ക എന്ന പാട്ടില്‍ അയാളുടെ ഡാന്‍സ് മാത്രമേ എല്ലാവരും ശ്രദ്ധിക്കുള്ളൂ. എന്നാല്‍ ആ പടത്തില്‍ അയാള്‍ ആ കഥാപാത്രത്തിന് കൊടുക്കുന്ന ഇന്റന്‍സിറ്റി അപാരമാണ്. ഞാന് അയാളുടെ ഫാനായി മാറി,’ പ്രകാശ് രാജ് പറഞ്ഞു.

സൗബിന്‍ ഭാഗമായ ഏറ്റവും പുതിയ ചിത്രമാണ് കൂലി. ചിത്രത്തില്‍ ദയാലന്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചത്. ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്ന പവര്‍ഫുള്ളായ കഥാപാത്രമാണ് സൗബിന്റേത്. രജിനിക്ക് ശേഷം ഏറ്റവുമധികം സ്‌ക്രീന്‍ സ്‌പേസ് ലഭിച്ചതും സൗബിനായിരുന്നു.തമിഴിലെ തന്റെ അരങ്ങേറ്റം താരം ഒട്ടും മോശമാക്കിയില്ല.

Content Highlight: Prakash Raj saying Soubin Shahir worked as Assistant Director in Pandippada movie