പോളിങ് ബൂത്ത് ഡ്രസിങ് റൂമല്ല; സി.സി.ടി.വി സ്ഥാപിച്ചപ്പോള്‍ സ്ത്രീകളോട് അനുവാദം ചോദിച്ചോ? തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രകാശ് രാജ്
India
പോളിങ് ബൂത്ത് ഡ്രസിങ് റൂമല്ല; സി.സി.ടി.വി സ്ഥാപിച്ചപ്പോള്‍ സ്ത്രീകളോട് അനുവാദം ചോദിച്ചോ? തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രകാശ് രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th August 2025, 5:19 pm

ബെംഗളൂരു: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. പോളിങ് ബൂത്തില്‍ സി.സി.ടി.വി സ്ഥാപിക്കുന്നതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ത്രീ വോട്ടര്‍മാരുടെ സമ്മതം വാങ്ങിയിരുന്നോയെന്ന് പ്രകാശ് രാജ് പരിഹാസത്തോടെ ചോദിച്ചു.

പോളിങ് ബൂത്തില്‍ നിന്നുള്ള സ്ത്രീ വോട്ടര്‍മാരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടണോയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചോദ്യത്തിന് പിന്നാലെയാണ് പ്രകാശ് രാജ് പരിഹാസം ഉയർത്തിയത്.

പോളിങ് ബൂത്ത് ഡ്രസിങ് റൂമല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. കോണ്‍ഗ്രസ് എം.പിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനം എക്സില്‍ പങ്കുവെച്ചാണ് നടന്റെ പരിഹാസം.

‘പോളിങ് ബൂത്തില്‍ സി.സി.ടി.വികള്‍ സ്ഥാപിക്കുന്നതിന് മുമ്പ് നിങ്ങള്‍ സ്ത്രീകളുടെ അനുവാദം വാങ്ങിയിരുന്നോ? പോളിങ് ബൂത്ത് വസ്ത്രം മാറാനുള്ള ഡ്രസിങ് റൂമല്ല. നിങ്ങളുടെ ന്യായങ്ങള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. ഞങ്ങള്‍ക്ക് സുതാര്യതയാണ് വേണ്ടത്,’ പ്രകാശ് രാജ് കുറിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ പോളിങ് ബൂത്തിലെ സി.സി.ടി.വിയെ കുറിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സംസാരിക്കുന്നതിന്റെ ഒരു ഭാഗമാണ് പ്രകാശ് രാജ് ഷെയര്‍ ചെയ്തിരിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിരവധി സ്ത്രീ വോട്ടര്‍മാരുടെ ഫോട്ടോകള്‍ അവരുടെ അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നാണ് ഗ്യാനേഷ് കുമാര്‍ പത്രസമ്മേളനത്തില്‍ പറയുന്നത്.


ഈ ഫോട്ടോകള്‍ ഉപയോഗിച്ച് വോട്ടര്‍മാര്‍ക്കെതിരെ ചില ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നുവെന്നും അപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ വോട്ട് ചെയ്ത അമ്മമാരുടെയും പെണ്മക്കളുടെയും സിസി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാണോയെന്നും ഇലക്ഷന്‍ കമ്മീഷണര്‍ മാധ്യമങ്ങളോട് ചോദിക്കുകയായിരുന്നു.

വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ മാത്രമാണ് അവരുടെ പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്തിട്ടുള്ളൂവെന്നും ഗ്യാനേഷ് കുമാര്‍ അവകാശപ്പെട്ടിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയാണ് പ്രകാശ് രാജിന്റെ വിമര്‍ശനം.

അതേസമയം രാഹുല്‍ ഗാന്ധി വോട്ട് ചോരി ആരോപണമുന്നയിച്ച് പ്രചരണം കടുപ്പിച്ചതിന് പിന്നാലെ വാര്‍ത്താസമ്മേളനം വിളിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ പൂര്‍ണമായി തള്ളിക്കൊണ്ടുള്ള വാര്‍ത്താ സമ്മേളനമാണ് ഗ്യാനേഷ് കുമാര്‍ നടത്തിയത്.

രാഹുലിന്റെ ആരോപണം അടിസ്ഥാനരഹിതവും ഭരണഘടനയെ അപമാനിക്കുന്നതുമാണെന്നും ഗ്യാനേഷ് പറഞ്ഞിരുന്നു. കൂടാതെ, ഒന്നുകില്‍ രാഹുല്‍ ഗാന്ധി തന്റെ ആരോപണങ്ങള്‍ തെളിയിക്കുന്നതിനായി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും അല്ലെങ്കില്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Did you ask permission from women when you installed CCTV in poling booth? Prakash Raj questioned EC