കൊല്ലം: ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ പുകഴ്ത്തിയ സംഭവത്തില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ തലച്ചിറ അസീസിനെ കേരള കോണ്‍ഗ്രസ് ബിയിലേക്ക് ക്ഷണിച്ചു.
ഔദ്യോഗികമായി അസീസിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതിനായി ഗണേഷ് കുമാര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട് കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു തലച്ചിറ അബ്ദുള്‍ അസീസ്.
ഗണേഷ് കുമാര്‍ കായ്ഫലമുള്ള മരമെന്ന് വിശേഷിപ്പിച്ച തലച്ചിറ അസീസ്, അദ്ദേഹത്തെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അസീസിന്റെ ഈ വാക്കുകള്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ക്കിടയില്‍ വിവാദമായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ, എല്‍.ഡി.എഫിന് വേണ്ടി കോണ്‍ഗ്രസ് നേതാവ് പരസ്യമായി വോട്ടഭ്യര്‍ത്ഥന നടത്തിയതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്. പിന്നാലെയാണ് കഴിഞ്ഞ ദിവസം അസീസിനെ കോണ്‍ഗ്രസ് പുറത്താക്കിയത്.
പത്തനാപുരം നിയോജക മണ്ഡലത്തിലെ തലച്ചിറയിലെ റോഡ് ഉദ്ഘാടന ചടങ്ങിനിടെയാണ് അസീസ് ഗതാഗത മന്ത്രിയെ പുകഴ്ത്തിയത്. ഗണേഷ് കുമാര്‍ വേദിയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
സദസിലും വേദിയിലുമിരിക്കുന്നവരോട് അടുത്തതവണയും ഗണേഷ് കുമാറിനെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കാനായി വോട്ട് ചെയ്യണമെന്നും അസീസ് അഭ്യര്‍ത്ഥിച്ചിരുന്നു.
‘നാടിന് ഗുണം ചെയ്യുന്ന ജാതിയും മതവും വര്‍ണവും വര്‍ഗവും നോക്കാതെ നാട്ടില്‍ വികസനം ചെയ്യുന്ന കരുത്തനായ നേതാവാണ് കെ.ബി ഗണേഷ് കുമാര്‍. അദ്ദേഹം കായ്ഫലമുള്ള മരമാണ്. ചില മച്ചി മരങ്ങള്‍ വോട്ട് അഭ്യര്‍ത്ഥിച്ച് വരും അവരെ തിരിച്ചറിയണം. അത് പൂക്കില്ല, കായ്ക്കില്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അദ്ദേഹത്തെ നമ്മുടെ മന്ത്രിയാക്കാന്‍ എല്ലാവരും തയ്യാറാകണം,’ എന്നായിരുന്നു അസീസിന്റെ വാക്കുകള്‍.
Content Highlight: Praise for KB Ganesh Kumar: Congress expelled Thalachira Aziz will joins Kerala Congress B