മമിത എവിടെയെന്ന് ചോദ്യം, ഹൃദയത്തിലാണെന്ന് പ്രദീപ് രംഗനാഥന്റെ മറുപടി
Indian Cinema
മമിത എവിടെയെന്ന് ചോദ്യം, ഹൃദയത്തിലാണെന്ന് പ്രദീപ് രംഗനാഥന്റെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th October 2025, 10:33 pm

തലയും ദളപതിയുമില്ലാത്ത ദീപാവലിക്കാണ് തമിഴ് സിനിമ സാക്ഷ്യം വഹിക്കുന്നത്. ഇന്‍ഡസ്ട്രിയുടെ ഏറ്റവും വലിയ ഫെസ്റ്റിവല്‍ ദിവസമായാണ് ദീപാവലിയെ കണക്കാക്കുന്നത്. തമിഴിലെ സൂപ്പര്‍താരങ്ങളായ വിജയ്, അജിത് എന്നിവരുടെ സിനിമകളാണ് കാലങ്ങളായി ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ആ കീഴ്‌വഴക്കം മാറിയ കാഴ്ചയാണ് തമിഴ് സിനിമയില്‍.

രാഷ്ട്രീയപ്രവേശനം കാരണം വിജയ്‌യും റേസും ബൈക്ക് ട്രിപ്പും കാരണം അജിത്തും സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഇവര്‍ ഒഴിഞ്ഞ കളത്തിലേക്ക് വരാന്‍ മറ്റ് താരങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് തമിഴില്‍ സെന്‍സേഷനായി മാറിയ പ്രദീപ് രംഗനാഥന്റെ ഡ്യൂഡാണ് ദീപാവലി റിലീസിലെ ശ്രദ്ധേയ ചിത്രം. മലയാളികളുടെ സ്വന്തം മമിത ബൈജുവാണ് ചിത്രത്തിലെ നായിക.

100 കോടി കളക്ഷന്‍ നേടിയ ഡ്രാഗണ് ശേഷം പ്രദീപ് നായകനായെത്തുന്ന ചിത്രമാണ് ഡ്യൂഡ്. ചിത്രത്തിന്റെ ഹൈദരബാദ് പ്രൊമോഷനിടെ നടന്ന സംഭവമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. പ്രൊമോഷന്‍ പരിപാടിക്ക് മമിത ബൈജു പങ്കെടുത്തിരുന്നില്ല. ‘മമിത എവിടെ’ എന്ന് ആരാധകരിലൊരാള്‍ ചോദിച്ച ചോദ്യത്തിന് പ്രദീപ് രസകരമായ മറുപടിയാണ് നല്‍കിയത്.

‘മമിത എവിടെയാണെന്ന് ചോദിച്ചാല്‍ (നെഞ്ചില്‍ തൊട്ടുകൊണ്ട്) ഇവിടെയാണ്. ചുമ്മാ ജോക്കടിച്ചതാണ്. ഇപ്പോള്‍ സൂര്യയോടൊപ്പമുള്ള സിനിമയുടെ ഷൂട്ടിലാണ് മമിത. നിലവില്‍ ഷൂട്ട് ചെയ്യുന്ന പോര്‍ഷനുകള്‍ക്ക് ശേഷം ഞങ്ങളുടെ കൂടെ പ്രൊമോഷന് ജോയിന്‍ ചെയ്യുമെന്ന് കരുതുന്നു. 11ാം തിയതി തൊട്ട് ഞങ്ങളുടെ കൂടെ ചേരുമെന്നാണ് പ്രതീക്ഷ.

ഒരിക്കല്‍ കൂടി ഹൈദരബാദില്‍ പ്രൊമോഷന് വരുമെന്ന് ഉറപ്പാണ്. മമിതക്ക് ഹൈദരബാദിലും ധാരാളം ഫാന്‍സുണ്ടെന്നറിയാം. അവരെയെല്ലാവരെയും കാണാന്‍ ഒരുതവണ കൂടി വരും. നിങ്ങളെല്ലാവരും അന്നും ഉണ്ടാകുമെന്ന് കരുതുന്നു. ഹൃദയത്തിലാണ് മമിതയെന്ന് പറഞ്ഞത് ചുമ്മാതാണ്. ഒന്നും വിചാരിക്കരുത്,’ പ്രദീപ് രംഗനാഥന്‍ പറയുന്നു.

നവാഗതനായ കീര്‍ത്തീശ്വരനാണ് ഡ്യൂഡിന്റെ സംവിധായകന്‍. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകള്‍ക്ക് മികച്ച പ്രതികരണമായിരുന്നു. സായ് അഭ്യങ്കര്‍ ഈണമിട്ട പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തു. ശരത് കുമാര്‍, ഹൃദു ഹാറൂണ്‍, രോഹിണി എന്നിവരാണ് മറ്റ് താരങ്ങള്‍. ഒക്ടോബര്‍ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Pradeep Ranganathan’s reply about Mamitha Baiju viral in Social Media