തമിഴില്‍ നിലവിലെ സെന്‍സേഷണല്‍ താരമാണ് പ്രദീപ് രംഗനാഥന്‍. ആരെയും അസിസ്റ്റ് ചെയ്യാതെ സിനിമാലോകത്തേക്കെത്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്‍ഡസ്ട്രിയുടെ ശ്രദ്ധാ കേന്ദ്രമായി മാറാന്‍ പ്രദീപിന് സാധിച്ചു. സംവിധാനത്തിന് പുറമെ നായകനായും തിളങ്ങിയ പ്രദീപ് ഇന്ന് ഇന്‍ഡസ്ട്രിയുടെ അവിഭാജ്യ ഘടകമാണ്.
ഈ വര്‍ഷം പ്രദീപിന്റേതായി പുറത്തിറങ്ങിയ രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ വന്‍ മുന്നേറ്റം നടത്തിയിരുന്നു. ഫെബ്രുവരിയില്‍ റിലീസായ ഡ്രാഗണ്‍ 150 കോടിയും ദീപാവലി റിലീസായെത്തിയ ഡ്യൂഡ് 120 കോടിയും സ്വന്തമാക്കി. ഒരു വര്‍ഷം മൂന്ന് 100 കോടി ചിത്രമെന്ന അപൂര്‍വ നേട്ടം പ്രദീപിന് നേടാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ അത് നഷ്ടമായെന്നാണ് പുതിയ റിപ്പോര്‍ട്ട്.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലവ് ഇന്‍ഷുറന്‍സ് കമ്പനി റിലീസ് തിയതി മാറ്റിവെച്ചെന്നാണ് പുറത്തുവരുന്ന വിവരം. ഡിസംബര്‍ 18ന് തിയേറ്ററുകളിലെത്തുമെന്നറിയിച്ച ചിത്രം ഇപ്പോള്‍ ആ ഡേറ്റില്‍ നിന്ന് പിന്മാറിയിരിക്കുയാണ്. പുതിയ ഡേറ്റ് അധികം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രജിനിയടക്കം പല വമ്പന്‍ താരങ്ങള്‍ക്കും നേടാനാകാത്ത അപൂര്‍വ റെക്കോഡ് മിസ്സായതിന്റെ നിരാശയിലാണ് പ്രദീപ് ഫാന്‍സ്.
ഡിസംബര്‍ റിലീസില്‍ നിന്ന് പിന്മാറിയതിനാല്‍ 2026 വാലന്റൈന്‍സ് ഡേ റിലീസായിട്ടാകും ലവ് ഇന്‍ഷുറന്‍സ് കമ്പനി പ്രേക്ഷകരിലേക്കെത്തുകയെന്നാണ് റിപ്പോര്‍ട്ട്. അവതാര്‍: ഫയര്‍ ആന്‍ഡ് ആഷിന്റെ റിലീസ് തങ്ങളുടെ ചിത്രത്തെയും ബാധിക്കുമെന്ന കാരണത്തലാണ് എല്‍.ഐ.കെ പിന്മാറിയതെന്നാണ് പുറത്തുവരുന്ന വിവരം. ഓവര്‍സീസില്‍ സ്‌ക്രീനുകള്‍ ലഭിക്കില്ലെന്ന കാരണമാണ് പിന്‍വാങ്ങാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാപ്രേമികളുടെ ശ്രദ്ധ സ്വന്തമാക്കിയ ചിത്രമാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനി. ലവ് ടുഡേക്ക് ശേഷം പ്രദീപ് നായകനായ ചിത്രമായിരുന്നു ഇത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഷൂട്ട് നീണ്ടുപോവുകയായിരുന്നു. 2023ല്‍ ചിത്രത്തിലെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ ചിത്രത്തിന്റ ടീസറും പുറത്തുവിട്ടു.
രണ്ട് വര്‍ഷത്തോളം സമയമെടുത്ത് പൂര്‍ത്തിയാക്കിയ ചിത്രമാണിത്. 2040ല്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രണയകഥയെ ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്. കൃതി ഷെട്ടിയാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനിയിലെ നായിക. എസ്.ജെ. സൂര്യയാണ് ചിത്രത്തിലെ വില്ലനായി വേഷമിടുന്നത്. കാത്തുവാക്കുല രണ്ട് കാതലിന് ശേഷം വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രദീപിന്റെ ഹാട്രിക് 100 കോടി ചിത്രമാകുമെന്നാണ് കരുതുന്നത്.