തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രദീപ് രംഗനാഥന്‍ നായകനായെത്തുന്ന ലവ് ഇന്‍ഷുറന്‍സ് കമ്പനി. വിഘ്‌നേഷ് ശിവന്റെ സംവിധാനത്തില്‍ പ്രദീപ് രംഗനാഥന്‍, കൃതി ഷെട്ടി, എസ്.ജെ സൂര്യ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന് അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ ഹൈപ്പുണ്ടായിരുന്നു.
ലവ് ടുഡേ എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴിലൊട്ടാകെ സെന്‍സേഷനായി മാറിയ പ്രദീപ് രംഗനാഥന്റെ രണ്ടാമത് വരാനിരുന്ന സിനിമയായിരുന്നു ലവ് ഇന്‍ഷുറന്‍സ് കമ്പനി. എന്നാല്‍ പലവിധ സാങ്കേതിക കാരണങ്ങളാല്‍ സിനിമയുടെ റിലീസ് ഡേറ്റ് മാറ്റിവെച്ചു.
2025 ഒക്ടോബര്‍ 17 ന് ദീപാവലി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം, താരത്തിന്റെ തന്നെ ഡ്യൂഡുമായുള്ള ബോക്‌സ് ഓഫീസ് ക്ലാഷ് ഒഴിവാക്കാന്‍ മാറ്റിവച്ചു. തുടര്‍ന്ന് 2025 ഡിസംബര്‍ 18 ലേക്ക് പുനക്രമീകരിച്ചു. വാലന്റൈന്‍സ് ദിനത്തില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ചും ഊഹാപോഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ പിന്നീട് സിനിമയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നില്ല.
മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. 2026 ഏപ്രില്‍ 3ന് സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതോടെ ആരാധകരും ആവേശത്തിലാണ്.
ഹാട്രിക് ഹിറ്റിന് പിന്നാലെ പ്രദീപിന്റെ ലവ് ഇന്‍ഷുറന്‍സ് കമ്പനിയും മികച്ച വിജയം നേടുമെന്നാണ് പ്രേക്ഷകര്‍ കരുന്നത്. താരത്തിന്റെ ലവ് ടുഡേ, ഡ്രാഗണ്‍, എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ഒടുവില്‍ പുറത്തിറങ്ങിയ ഡ്യൂഡ് പ്രേക്ഷകരുടെ അടുത്ത് നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറി.
ലവ് ഇന്‍ഷുറന്‍സ് കമ്പനിയും സൂപ്പര്‍ ഹിറ്റടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേസമയം 2023ലാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വന്നിരുന്നു. 2025 ഓഗസ്റ്റില്‍ സിനിമയുടെ ടീസര്‍ പുറത്ത് വിടുകയും ചെയ്തു. 2040ല്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രണയകഥയെ ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന സിനിമയായണ് ലവ് ഇന്‍ഷുറന്‍സ് കമ്പനി എത്തുന്നത്.
ശിവകാര്‍ത്തികേയനെ നായകനാക്കി ആദ്യം പ്ലാന്‍ ചെയ്ത ചിത്രം പിന്നീട് പ്രദീപിലേക്ക് എത്തുകയായിരുന്നു. സംവിധായകന്‍ വിഘ്‌നേഷ്, പ്രദീപുമായി സഹകരിക്കുന്ന ആദ്യ ചിത്രമാണ് എല്‍.ഐ.കെ. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീത സംവിധാനം. സംവിധായകനായി കരിയര്‍ തുടങ്ങി ഇന്ന് നായകനടനായും ഇന്‍ഡസ്ട്രിയില്‍ തിളങ്ങി നില്‍ക്കുന്ന പ്രദീപിന് അന്യഭാഷകളിലും ആരാധകരുണ്ട്.
Content Highlight: Pradeep Ranganathan’s Love Insurance Company will hit theaters on April 3, 2026