വിജയ് 12 വട്ടം, രജിനി 10 തവണ, തമിഴ് സിനിമയിലെ എലീറ്റ് ലിസ്റ്റിലേക്ക് പ്രദീപ് രംഗനാഥന്റെ മാസ് എന്‍ട്രി
Indian Cinema
വിജയ് 12 വട്ടം, രജിനി 10 തവണ, തമിഴ് സിനിമയിലെ എലീറ്റ് ലിസ്റ്റിലേക്ക് പ്രദീപ് രംഗനാഥന്റെ മാസ് എന്‍ട്രി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th November 2025, 6:07 pm

നായകനായ മൂന്നാമത്തെ ചിത്രം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് പ്രദീപ് രംഗനാഥന്‍. ഏറ്റവും പുതിയ ചിത്രമായ ഡ്യൂഡ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 60 കോടി നേടി മുന്നേറുകയാണ്. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ ഇതിനോടകം 110 കോടിയിലേറെ നേടിക്കഴിഞ്ഞു. ഇതോടെ കോളിവുഡിലെ എലീറ്റ് ലിസ്റ്റില്‍ പ്രദീപ് ഇടംനേടിയിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 60 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാമനായിരിക്കുകയാണ് പ്രദീപ് രംഗനാഥന്‍. ടോപ്പ് താരങ്ങള്‍ മാത്രമുള്ള ലിസ്റ്റിലാണ് പ്രദീപിന്റെ മാസ് എന്‍ട്രി. ലിസ്റ്റിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വിജയ്‌യും രജിനികാന്തുമാണ്. 12 തവണയാണ് വിജയ് ഈ നേട്ടം സ്വന്തമാക്കിയത്. രജിനിയാകട്ടെ വെറും 10 തവണയും.

ഇവര്‍ക്ക് ശേഷം ഈ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് അജിത് കുമാറാണ്. എട്ട് തവണയാണ് അജിത് തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ ഈ നേട്ടം സ്വന്തമാക്കിയത്. ടൈര്‍ 2വില്‍ പ്രദീപിന്റെ എതിരാളിയായി ആരാധകര്‍ കണക്കാക്കുന്ന ശിവകാര്‍ത്തികേയന്‍ നാല് സിനിമകളുമായി നാലാം സ്ഥാനത്തുണ്ട്. ടൈര്‍ 2വിലെ മുന്‍നിര താരമായ ധനുഷ് പ്രദീപിന്റെ പിന്നിലാണ്. രണ്ട് സിനിമകള്‍ മാത്രമാണ് ധനുഷിന്റേതായി തമിഴ്‌നാട്ടില്‍ നിന്ന് 60 കോടിക്കുമുകളില്‍ നേടിയത്.

നായകനായ ആദ്യ ചിത്രം ലവ് ടുഡേ, രണ്ടാമത്തെ ചിത്രം ഡ്രാഗണ്‍ എന്നിവക്ക് ശേഷം ഡ്യൂഡും ബോക്‌സ് ഓഫീസില്‍ വമ്പന്‍ മുന്നേറ്റം നടത്തിയതോടെ പ്രദീപിന്റെ സ്റ്റാര്‍ഡം വലി രീതിയില്‍ ഉയര്‍ന്നു. ഈ വര്‍ഷം ഇനി പ്രദീപിന്റേതായി പുറത്തിറങ്ങാനുള്ള ലവ് ഇന്‍ഷുറന്‍സ് കമ്പനിയും മികച്ച വിജയമാകുമെന്നാണ് പലരും കണക്കു കൂട്ടുന്നത്.

തമിഴിലെ ടോപ്പ് താരങ്ങളായ കമല്‍ ഹാസന്‍, സൂര്യ, വിക്രം, വിജയ് സേതുപതി എന്നിവരുടെ ഓരോ സിനിമകള്‍ മാത്രമേ ഈ പട്ടികയിലൂള്ളു. ഇതില്‍ സൂര്യയുടെ തമിഴ്‌നാട് ഹൈയസ്റ്റ് കളക്ഷന്‍ 62 കോടിയാണ്. 2013ല്‍ പുറത്തിറങ്ങിയ സിങ്കം 2വാണ് താരത്തിന്റെ തമിഴ്‌നാട് ടോപ്പര്‍. ചുരുങ്ങിയ കാലം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ സെന്‍സേഷനായി മാറിയ പ്രദീപ് രംഗനാഥന്‍ സീനിയര്‍ നടന്മാരുടെ റേഞ്ചിലേക്ക് വളരുകയാണ്.

നവാഗതനായ കീര്‍ത്തീശ്വരന്‍ സംവിധാനം ചെയ്ത ഡ്യൂഡ് ദീപാവലി റിലീസുകളില്‍ മുന്നിട്ട് നിന്നിരുന്നു. എന്നാല്‍ ചിത്രത്തിന്റെ കഥക്കെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഒ.ടി.ടി റിലീസിന് ശേഷം വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് ഡ്യൂഡിന് നേരെ ഉണ്ടാകുമെന്നാണ് പലരും അനുമാനിക്കുന്നത്. നവംബര്‍ 14ന് ചിത്രം ഒ.ടി.ടിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Pradeep Ranganathan’s Dude movie collected more than 60 crores from Tamilnadu