തമിഴിലെ അടുത്ത സെന്‍സേഷനെന്ന് പലരും വിളിക്കുന്ന താരമാണ് പ്രദീപ് രംഗനാഥന്‍. സംവിധായകനായി സിനിമാലോകത്തേക്ക് കടന്നുവന്ന പ്രദീപ് രണ്ടാമത്തെ ചിത്രം സ്വയം സംവിധാനം ചെയ്ത് നായക വേഷവും കൈകാര്യം ചെയ്തു. ചിത്രം വന്‍ വിജയമായി. ഈ വര്‍ഷം പ്രദീപിന്റേതായി പുറത്തിറങ്ങിയ രണ്ട് സിനിമകളും 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തു.
ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രം ഡ്യൂഡ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 50 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ്. ഇതോടെ തമിഴ് ഇന്‍ഡസ്ട്രിയില്‍ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ് പ്രദീപ് രംഗനാഥന്‍. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം തുടര്‍ച്ചയായി മൂന്ന് വട്ടം 50 കോടി കളക്ഷന്‍ നേടുന്ന അഞ്ചാമത്തെ താരമായാണ് പ്രദീപ് മാറിയിരിക്കുന്നത്.
തമിഴിലെ സൂപ്പര്‍താരങ്ങളായ രജിനികാന്ത്, വിജയ്, അജിത്ത്, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ മറ്റ് നടന്മാര്‍. ഒരുപാട് വര്‍ഷങ്ങളെടുത്ത് രജിനിയടക്കമുള്ള താരങ്ങള്‍ നേടിയ നേട്ടത്തിലേക്കാണ് വെറും മൂന്ന് സിനിമകള്‍ കൊണ്ട് പ്രദീപ് നടന്നുകയറിയത്. തമിഴിലെ സീനിയര്‍ നടന്മാരായ സൂര്യ, വിക്രം എന്നിവര്‍ക്ക് നേടാനാകാത്ത കാര്യമാണ് പ്രദീപ് സ്വന്തമാക്കിയത്.
രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിജയ്‌യുടെ സ്ഥാനം ആര് സ്വന്തമാക്കുമെന്ന ചര്‍ച്ചയിലാണ് തമിഴ് സിനിമാപ്രേമികള്‍. ശിവകാര്‍ത്തികേയന്റെ പേര് അടുത്തിടെ ഉയര്‍ന്നുകേട്ടെങ്കിലും ഇപ്പോള്‍ പ്രദീപിന്റെ വരവ് ശിവക്കും കടുത്ത മത്സരം സമ്മാനിക്കുന്നുണ്ട്. സാധാരണക്കാരന് റിലേറ്റാകുന്ന തരത്തിലുള്ള കഥകള്‍ തെരഞ്ഞെടുത്ത് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം പി.ആര്‍ സ്വന്തമാക്കുമെന്ന് ഉറപ്പാണ്.
ഈ വര്‍ഷം പ്രദീപിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം ലവ് ഇന്‍ഷുറന്‍സ് കമ്പനിയാണ്. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം 100 കോടി നേടിയാല്‍ അത് മറ്റൊരു ചരിത്രമാകും. തമിഴില്‍ ഒരു വര്‍ഷം മൂന്ന് 100 കോടി ചിത്രം സ്വന്തം പേരിലാക്കുന്ന ആദ്യ താരമായി പ്രദീപ് മാറും. വമ്പന്‍ താരങ്ങള്‍ക്ക് പോലും സ്വന്തമാക്കാനാകാത്ത റെക്കോഡ് പ്രദീപ് നേടുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
ആരുടെയും അസിസ്റ്റന്റായി നില്‍ക്കാതെ ഷോര്‍ട് ഫിലിമുകളിലൂടെയാണ് പ്രദീപ് സിനിമാലോകത്തേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത ആദ്യ സിനിമ തന്നെ 50 കോടിക്കുമുകളില്‍ കളക്ഷന്‍ നേടിയിരുന്നു. ലവ് ഇന്‍ഷുറന്‍സ് കമ്പനിക്ക് ശേഷം പ്രദീപ് സംവിധാനരംഗത്തേക്ക് തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പ് വിജയ്‌യോട് പറഞ്ഞ കഥയാകും പ്രദീപ് സിനിമയാക്കുക. നായകനായി പ്രദീപ് തന്നെ വേഷമിടുമെന്നും സൂചനയുണ്ട്.
Content Highlight: Pradeep Ranganathan hat trick 50 crore gross from Tamilnadu and makes history