തമിഴ് ചിത്രം ഡ്യൂഡിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഹൈദരബാദില്‍ നടന്ന പ്രീ റിലീസ് ഇവന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഇവന്റിനിടെ ചിത്രത്തിലെ നായകന്‍ പ്രദീപ് രംഗനാഥനും നായിക മമിത ബൈജുവും ഡ്യൂഡിലെ സീന്‍ പുനരാവിഷ്‌കരിച്ചതാണ് ചര്‍ച്ചാവിഷയമായി മാറിയത്.
ഏതെങ്കിലുമൊരു സീന്‍ റീ ക്രിയേറ്റ് ചെയ്യാമോ എന്ന് അവതാരക ചോദിച്ചതിന് പിന്നാലെ ട്രെയ്‌ലറിലെ ഒരു രംഗം പ്രദീപ് റീ ക്രിയേറ്റ് ചെയ്യുകയായിരുന്നു. മമിതയുടെ മുടി പിടിച്ചുവലിച്ചും കൈപിടിച്ച് വലിച്ചുകൊണ്ടു പോവുകയും ചെയ്ത പ്രദീപിനോട് ‘ക്യൂട്ടാകാന്‍ നോക്കുകയാണോ, ഒട്ടും ക്യൂട്ടല്ല’ എന്ന് മമിത മറുപടി നല്‍കുന്ന ചെറിയൊരു ഭാഗം ഇതിനോടകം വൈറലായി മാറി.
പ്രദീപിന്റെ പ്രവൃത്തികളും ചേഷ്ടകളുമെല്ലാം വിമര്‍ശനത്തിന് വിധേയമായിരിക്കുകയാണ്. പ്രദീപിന്റെ നീക്കത്തില്‍ മമിത ഒട്ടും കംഫര്‍ട്ടല്ലെന്നും എന്നിട്ടും അവര്‍ പ്രതികരിക്കാതെ ഇരുന്നതാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. കൂടെയുള്ള ആര്‍ട്ടിസ്റ്റിനെ ഇത്തരത്തില്‍ അണ്‍കംഫര്‍ട്ടബിളാക്കുന്ന കാര്യങ്ങള്‍ ചെയ്തതില്‍ പ്രദീപിനെ പലരും വിമര്‍ശിക്കുന്നു.
എന്നാല്‍ വിമര്‍ശനത്തിനപ്പുറത്തേക്ക് പ്രദീപിനെ ജാതീയമായി അധിക്ഷേപിച്ചുള്ള ചില കമന്റുകളും ചിലര്‍ പങ്കുവെച്ചു. പുള്ളിങ്കോ കപ്പിള്‍ (കണ്ണാപ്പി എന്നതിന്റെ തമിഴ് വാക്ക്), ‘കേരള പൊണ്ണിനെ വളക്കാന്‍ നോക്കുന്ന ടിപ്പിക്കല്‍ തമിഴ് പയ്യന്‍’, ‘കണ്ണാപ്പിയുടെ കോമാളിക്കളി’, ‘കിട്ടിയ അവസരം മുതലാക്കാന്‍ നോക്കുന്നവന്‍’ എന്നിങ്ങനെയാണ് പ്രദീപിനെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകള്‍.
ഈ സിനിമയോടുകൂടി പ്രദീപ് ഫീല്‍ഡ് ഔട്ട് ആയേക്കുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. പ്രദീപ് രംഗനാഥന്റെ പ്രവൃത്തിയില്‍ ശരികേടുണ്ടെന്ന് അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അയാളെ ജാതീയമായി അധിക്ഷേപിക്കാന്‍ പാടില്ലെന്നും ഒരുകൂട്ടമാളുകള്‍ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. ആരുടെയും അസിസ്റ്റന്റാകാതെ സ്വന്തം പ്രയത്‌നത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് പ്രദീപ് രംഗനാഥന്‍.
നായകനായെത്തിയ ആദ്യത്തെ രണ്ട് സിനിമകളും 100 കോടി ക്ലബ്ബില്‍ കയറ്റിയ നടനാണ് പ്രദീപ്. നിലവില്‍ തമിഴിലെ സെന്‍സേഷനായി മാറിയ താരം ഡ്യൂഡിലൂടെ ബോക്‌സ് ഓഫീസിലെ സ്ഥാനം ഊട്ടിയുറപ്പിക്കുമെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ പ്രസ് മീറ്റില്‍ പ്രദീപ് ഹീറോ മെറ്റീരിയലല്ലെന്ന് ഒരു മാധ്യമപ്രവര്‍ത്തക അഭിപ്രായപ്പെട്ടതും ശരത് കുമാര്‍ അതിന് മറുപടി നല്കിയതും വലിയ വാര്‍ത്തയായിരുന്നു.
Content Highlight: Pradeep Ranganathan got cyber attack after Dude movie pre release event