മമിതയുടെ ആ പഴയ ഷോര്‍ട്ട് ഫിലിം കണ്ട് അവരെ ലവ് ടുഡേയിലേക്ക് വിളിച്ചിരുന്നു, നല്ല ക്യൂട്ടായിരുന്നു അവര്‍; പ്രദീപ് രംഗനാഥന്‍
Indian Cinema
മമിതയുടെ ആ പഴയ ഷോര്‍ട്ട് ഫിലിം കണ്ട് അവരെ ലവ് ടുഡേയിലേക്ക് വിളിച്ചിരുന്നു, നല്ല ക്യൂട്ടായിരുന്നു അവര്‍; പ്രദീപ് രംഗനാഥന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th October 2025, 8:06 pm

ദീപാവലിക്ക് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഡ്യൂഡ്. നിലവില്‍ തമിഴിലെ സെന്‍സേഷനായി മാറിയ പ്രദീപ് രംഗനാഥന്‍ നായകനായെത്തുന്ന ചിത്രത്തില്‍ മലയാളികളുടെ സ്വന്തം മമിത ബൈജുവാണ് നായിക. ഡ്യൂഡിന്റെ പാട്ടിലും ട്രെയ്‌ലറിലും മമിത- പ്രദീപ് കെമിസ്ട്രി ആരാധകര്‍ ഏറ്റെടുത്തിരുന്നു. മമിത ബൈജുവിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രദീപ് രംഗനാഥന്‍.

‘ഞാന്‍ ആദ്യമായി നായകനായ ലവ് ടുഡേയില്‍ മമിതയെ കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് അവര്‍ക്ക് ഡേറ്റുണ്ടായിരുന്നില്ല. വണങ്കാന്‍ എന്ന പടത്തിന്റെ തിരക്കിലായതുകൊണ്ട് അവര്‍ക്ക് ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. ഇപ്പോഴാണ് മമിതയുടെ കൂടെ വര്‍ക്ക് ചെയ്യാനാകുന്നത്. സെറ്റെല്ലാം നല്ല ഫണ്ണായിരുന്നു.

ഒരു ഷോര്‍ട് ഫിലിമിലൂടെയാണ് ഞാന്‍ മമിതയെ ആദ്യമായി കാണുന്നത്. അതിന്റെ പേര് എനിക്കറിയില്ല. ആ ഷോര്‍ട് ഫിലിമില്‍ മമിത പപ്പടം കഴികുന്ന സീന്‍ വൈറലായിട്ടുണ്ടായിരുന്നു. നല്ല ക്യൂട്ടായിട്ട് അവര്‍ ആ സീന്‍ ചെയ്തിട്ടുണ്ട്. നല്ല നടിയാണെന്ന് ആ ഒരു സീനിലൂടെ എനിക്ക് മനസിലായി’, പ്രദീപ് രംഗനാഥന്‍ പറയുന്നു.

ഡ്യൂഡിലേക്ക് മമിതയെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംവിധായകന്‍ കീര്‍ത്തീശ്വരനും സംസാരിച്ചു. പ്രേമലു എന്ന സിനിമയിലൂടെയാണ് മമിത സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍ തരംഗമായതെന്ന് കീര്‍ത്തീശ്വരന്‍ പറഞ്ഞു. എന്നാല്‍ പ്രേമലു കണ്ടിട്ടല്ല താന്‍ മമിതയെ കാസ്റ്റ് ചെയ്തതെന്നും സൂപ്പര്‍ ശരണ്യയിലാണ് താന്‍ ആദ്യമായി മമിതയെ ശ്രദ്ധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നായികയുടെ കൂട്ടുകാരിയായാണ് വേഷമിട്ടതെങ്കിലും ആ റോളില്‍ മമിത തിളങ്ങിയെന്നും കീര്‍ത്തീശ്വരന്‍ പറയുന്നു. സൂപ്പര്‍ ശരണ്യയിലെ പ്രകടനമാണ് ഡ്യൂഡിലേക്ക് മമിതയെ എത്തിച്ചതെന്നും അതിനിടയിലായിരുന്നു പ്രേമലുവിന്റെ റിലീസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്യൂഡിന്റെ ഹൈദരബാദ് പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

തമിഴില്‍ സെന്‍സേഷനായി മാറിയ സായ് അഭ്യങ്കറാണ് ഡ്യൂഡിന്റെ സംഗീതം. സായ്‌യുടെ ആദ്യചിത്രമാണിത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ശരത് കുമാര്‍, രോഹിണി, ഹൃദു ഹാറൂണ്‍ എന്നിവരാണ് ഡ്യൂഡിലെ മറ്റ് താരങ്ങള്‍. തമിഴിലും തെലുങ്കിലുമായി റിലീസിനൊരുങ്ങുന്ന ചിത്രം ഒക്ടോബര്‍ 16ന് തിയേറ്ററുകളിലെത്തും.

 

Content Highlight: Pradeeep Ranganathan saying he wished to cast Mamitha Baiju in Love Today movie