ബാഹുബലിക്ക് ശേഷം നിലം തൊടാതെ പ്രഭാസ്, രാജാ സാബും കൈവിട്ടു ഇനി പ്രതീക്ഷ ആ 4 ചിത്രങ്ങള്‍
Indian Cinema
ബാഹുബലിക്ക് ശേഷം നിലം തൊടാതെ പ്രഭാസ്, രാജാ സാബും കൈവിട്ടു ഇനി പ്രതീക്ഷ ആ 4 ചിത്രങ്ങള്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 12th January 2026, 10:31 am

രാജമൗലി എന്ന സംവിധായകന്റെയും പ്രഭാസ് എന്ന നായക നടന്റെയും എന്തിനധികം, ഇന്ത്യന്‍ സിനിമയുടെ തന്നെ തലവര മാറ്റിമറിച്ച ചിത്രമായിരുന്നു രണ്ടു ഭാഗങ്ങളിലായെത്തിയ ബാഹുബലി. ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ അപ്പീല്‍ നേടിയെടുത്ത ഇരുവരും പിന്നീട് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ പ്രൊജക്ടുകളുടെ ഭാഗമായിരുന്നു.

സംവിധായകനെന്ന നിലയില്‍ രാജമൗലി തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയപ്പോള്‍ മറുവശത്ത് ബാഹുബലി നല്‍കിയ ഊര്‍ജത്തിന്റെ കരുത്തിലാണ് കഴിഞ്ഞ 10 വര്‍ഷമായിട്ടും റിബെല്‍ സ്റ്റാര്‍ എന്ന പേരിലറിയപ്പെടുന്ന പ്രഭാസിന്റെ യാത്ര. 2017 ല്‍ പുറത്തിറങ്ങിയ ബാഹുബലി 2വിന് ശേഷം പറയത്തക്ക ഹിറ്റുകളൊന്നും നേടാനാകാത്ത താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ രാജാസാബും വിമര്‍ശനങ്ങള്‍ നേരിടുകയാണ്.

സലാര്‍ പാര്‍ട്ട് വണ്‍ സീസ് ഫയറും. Photo: THeatrical Poster

പാന്‍ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലേക്കുയര്‍ന്നതിന് ശേഷം പ്രഭാസിനെ നായകനാക്കി വന്‍ ഹൈപ്പിലെത്തിയ ചിത്രമായിരുന്നു സാഹോ. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം സാമ്പത്തികപരമായി വലിയ നഷ്ടങ്ങള്‍ നേരിട്ടില്ലെങ്കിലും വലിയ ട്രോളുകള്‍ക്ക് ചിത്രം വിധേയമായിരുന്നു. പിന്നീട് 2022 ല്‍ പുറത്തിറങ്ങിയ പീരിയോഡിക്കല്‍ ഡ്രാമയായ രാധേ ശ്യാം എല്ലാ അര്‍ത്ഥത്തിലും പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു.

ഇതിന് പിന്നാലെ നോര്‍ത്ത് ഇന്ത്യന്‍ മാര്‍ക്കറ്റിനെ ലക്ഷ്യമിട്ടെത്തിയ ആദിപുരുഷിനെ മുമ്പില്ലാത്ത വിധത്തില്‍ ട്രോളുകളുമായാണ് ആരാധകര്‍ വരവേറ്റത്. ചിത്രത്തിലെ വി.എഫ്.എക്‌സ് രംഗങ്ങള്‍ക്കും പ്രഭാസിന്റെ ലുക്കിനുമെതിരെ വലിയ രീതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ അമ്പേ പരാജയമായിരുന്നു.

പിന്നീട് താരത്തിന് അല്പമെങ്കിലും ആശ്വാസം നല്‍കിയത് പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സലാര്‍ പാര്‍ട്ട് വണ്‍ സീസ് ഫയറും നാഗ് അശ്വിന്‍ സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രം കല്‍ക്കി 2898 എ.ഡിയുമാണ്. പ്രഭാസ്, കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍ തുടങ്ങി വമ്പന്‍ താര നിര അണിനിരന്ന കല്‍ക്കി ബോക്‌സ് ഓഫീസില്‍ നിന്നും 1000 കോടിയെന്ന നേട്ടം കരസ്ഥമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് 400 കോടി ബഡ്ജറ്റിലെത്തിയ രാജാ സാബിനും തിയേറ്ററുകളില്‍ നിന്നും നെഗറ്റീവ് റിവ്യൂ നേരിടേണ്ടി വരുന്നത്.

ആദിപുരുഷ്‌. Photo: variety

ഈ പരാജയങ്ങള്‍ക്ക് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് പ്രഭാസിന് നേരിടേണ്ടി വരുന്നത്. ബാഹുബലിക്ക് മാത്രമായി ജനിച്ച നടനാണ് പ്രഭാസെന്നും ഇരിക്കുമ്പോള്‍ പോലും ഡ്യൂപ്പിനെ ആവശ്യമാണെന്നുമുളള തരത്തിലാണ് ട്രോളുകള്‍. രാജാ സാബിലടക്കം പല ചിത്രങ്ങളിലും താരത്തിന്റെ ശരീരം വി.എഫ്.എക്‌സ് ചെയ്ത് എഡിറ്റ് ചെയ്ത രംഗങ്ങള്‍ പങ്കുവെച്ചാണ് ആരാധകരുടെ പരിഹാസം.

അതേസമയം താരത്തിന്റെ കരിയറിലെ മോശം സമയം കഴിഞ്ഞുവെന്നും ഇനി മോശം ചിത്രങ്ങള്‍ പ്രഭാസിന്റെ ലൈനപ്പിലില്ലെന്നുമുള്ള ആശ്വാസത്തിലാണ് ആരാധകര്‍. കല്‍ക്കിയുടെയും സലാറിന്റെയും രണ്ടാം ഭാഗം, കഴിഞ്ഞ രണ്ട് ചിത്രങ്ങള്‍ ഹിറ്റടിച്ച സംവിധായകന്‍ സന്ദീപ് റെഡ്ഡി വങ്കയുടെ സ്പിരിറ്റ് തുടങ്ങിയവയാണ് താരത്തിന്റെതായി പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍.

ഇതിന് പുറമെ ദുല്‍ഖര്‍ സല്‍മാന്റെ ഹിറ്റ് ചിത്രമായ സീതാ രാമത്തിന്റെ സംവിധായകന്‍ ഹനു രാഘവപുടി സംവിധാനം ചെയ്ത് പ്രഭാസ് നായകനാകുന്ന ഫൗസിയും പ്രതീക്ഷയേകുന്നതാണ്. പരിചയ സമ്പന്നരായ സംവിധായകര്‍ക്കൊപ്പം മികച്ച ചിത്രങ്ങള്‍ ചെയ്ത് തന്റെ പഴയ പ്രതാപം പ്രഭാസ് വീണ്ടെടുക്കുമെന്നാണ് ആരാധകരുടെ വിശ്വാസം.

Content Highlight: Prabhas career looks dim after negative review for raja Saab but 4 movies in his lineup gives hope

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.