ഇന്ത്യന്‍ സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ ബാഹുബലി വീണ്ടും തിയേറ്ററുകളിലേക്കെത്തുമ്പോള്‍ ഷൂട്ടിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് പ്രഭാസ്. ഷൂട്ട് തുടങ്ങിയ സമയം ആദ്യം ചിത്രീകരിച്ചത് വിചാരണ രംഗമായിരുന്നെന്ന് പ്രഭാസ് പറഞ്ഞു. ആദ്യമായാണ് താന്‍ പീരിയോഡിക് സിനിമയില്‍ അഭിനയിക്കുന്നതെന്നും അതിന്റെ ടെന്‍ഷനുണ്ടായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
ആദ്യത്തെ മൂന്ന് ദിവസവും വിചാരണരംഗം തന്നെയായിരുന്നു ഷൂട്ട് ചെയ്തതെന്നും താന്‍ ആ കഥാപാത്രവുമായി പൊരുത്തപ്പെടാന്‍ ഒരുപാട് സമയമെടുത്തെന്നും അദ്ദേഹം പറയുന്നു. ബാഹുബലി ദി എപ്പിക്കിന്റെ പ്രൊമോഷന്റെ ഭാഗമായി റാണാ ദഗ്ഗുബട്ടി, രാജമൗലി എന്നിവരുമായി സംസാരിക്കവെയാണ് പ്രഭാസ് പഴയ ഓര്‍മകള്‍ പങ്കുവെച്ചത്.
‘രാജാവിന്റെ കോസ്റ്റ്യൂം ധരിക്കുക എന്ന് പറഞ്ഞാല്‍ എനിക്ക് അത് വലിയ പണിയായിരുന്നു. ആ കമ്മലും ബാക്കി ആഭരണങ്ങളുമെല്ലാം എനിക്ക് ഒട്ടും കംഫര്‍ട്ടല്ലായിരുന്നു. എങ്ങനെ ഈ കോസ്റ്റിയൂമില്‍ പടം കംപ്ലീറ്റാക്കുമെന്ന് ആ സമയത്ത് ചിന്തിച്ചു. നാലാമത്തെ ദിവസമായിരുന്നു തല വെട്ടുന്ന സീന്‍. ആ ഒരൊറ്റ സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ തന്നെ രാജമൗലിയോട് ഞാന്‍ ‘ഡാര്‍ലിങ്, ഞാന്‍ കഥാപാത്രത്തിലേക്ക് ഇന്‍ ആയി’ എന്ന് പറഞ്ഞു.
എന്നെ കഥാപാത്രത്തിലേക്ക് ഇറക്കാന്‍ ആ ഒരു സീന്‍ മതിയായിരുന്നു. പിന്നീട് എന്നെ കൊട്ടാരത്തില്‍ നിന്ന് പുറത്താക്കുന്ന സീന്‍ എടുത്തു. അതിന് ശേഷം ഗ്രാമത്തിലേക്ക് മാറുന്ന സീനും ഷൂട്ട് ചെയ്തു. രാജാവാകുന്നതിന് മുമ്പ് തന്നെ എന്നെ കൊട്ടാരത്തില്‍ നിന്ന് പുറത്താക്കുന്ന സീനാണ് രാജമൗലി ഷൂട്ട് ചെയ്തത്. പിന്നീട് ഞാനും അനുഷ്‌കയും ഗ്രാമത്തിലെ സീനുകള്‍ ചെയ്തത് മൂന്ന് വര്‍ഷത്തിന് ശേഷമാണ്’ പ്രഭാസ് പറയുന്നു.
എന്നാല്‍ പ്രഭാസ് പറഞ്ഞതില്‍ ചെറിയൊരു തിരുത്തുണ്ടെന്നും കൊട്ടാരത്തിലെ സീനുകള്‍ക്ക് മുമ്പ് വേറെ കുറച്ച് രംഗങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നെന്ന് രാജമൗലി കൂട്ടിച്ചേര്‍ത്തു. കുര്‍നൂല്‍ എന്ന സ്ഥലത്ത് വെച്ച് ഷൂട്ട് തുടങ്ങാനായിരുന്നു പ്ലാനെന്നും അതിനനുസരിച്ച് ക്രൂ മുഴുവന്‍ അങ്ങോട്ട് തിരിച്ചെന്നും അദ്ദേഹം പറയുന്നു.
‘കുര്‍നൂലിലെത്തി അവിടുന്ന് കുറച്ച് സീനുകള്‍ ഷൂട്ട് ചെയ്തു. പിന്നീടാണ് കൊട്ടരത്തില്‍ നിന്ന് പുറത്താക്കുന്ന സീനുകളൊക്കെ ചിത്രീകരിച്ചത്. പടം മൊത്തം കംപ്ലീറ്റായപ്പോള്‍ ദൈര്‍ഘ്യം കൂടുതലുള്ളതുകൊണ്ട് ഒരുപാട് സീനുകള്‍ കട്ട് ചെയ്യേണ്ടി വന്നു. അതില്‍ ഈ സീനുകളും ഉള്‍പ്പെട്ടു. പ്രഭാസിനെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്,’ രാജമൗലി പറയുന്നു.
Content Highlight: Prabhas and Rajamouli shares the memories of Bahubali movie