'ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 23 തവണ വിദേശയാത്ര'; ഷാജൻ സ്‌കറിയക്ക് മാനനഷ്ടത്തിന് നോട്ടീസയച്ച് പി.പി. ദിവ്യ
Kerala
'ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 23 തവണ വിദേശയാത്ര'; ഷാജൻ സ്‌കറിയക്ക് മാനനഷ്ടത്തിന് നോട്ടീസയച്ച് പി.പി. ദിവ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th September 2025, 2:24 pm

കണ്ണൂര്‍: മറുനാടന്‍ യൂട്യൂബ് ചാനല്‍ ഉടമ ഷാജൻ സ്‌കറിയക്ക് വക്കീല്‍ നോട്ടീസ് അയച്ച് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 23 തവണ വിദേശ യാത്ര നടത്തിയെന്ന ആരോപണത്തിലാണ് വക്കീല്‍ നോട്ടീസ്.

അഡ്വ. കെ. വിശ്വന്‍ മുഖേനയാണ് പി.പി. ദിവ്യ മാനനഷ്ടത്തിന് നോട്ടീസ് അയച്ചത്. ഷാജൻ സ്‌കറിയക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്ന വിവരം പി.പി. ദിവ്യ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

പി.പി. ദിവ്യ 23 തവണയും വിദേശ സന്ദര്‍ശനം നടത്തിയത് ബിനാമി ഇടപാടിനാണെന്നാണ് മറുനാടന്‍ മലയാളി ആരോപിച്ചത്.

നമ്മുടെ മന്ത്രിമാരേക്കാള്‍ അധികം വിദേശ യാത്ര നടത്തിയത് പി.പി. ദിവ്യയാണെന്നായിരുന്നു അവകാശവാദം. ദിവ്യയുമായി അടുത്ത ബന്ധമുള്ള ഒരാളില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്നും മറുനാടന്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ താന്‍ രണ്ട് തവണ മാത്രമേ വിദേശ യാത്ര നടത്തിയിട്ടുള്ളുവെന്ന് പിപി. ദിവ്യ പറയുന്നു. ദുബായില്‍ വെച്ച് കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയിലും കണ്ണൂരിലെ പ്രവാസി കൂട്ടായ്മയായ wake നടത്തിയ പരിപാടിയിലുമാണ് ദിവ്യ പങ്കെടുത്തത്.

സംഘടനകള്‍ ക്ഷണിച്ചതുകൊണ്ടാണ് ഈ രണ്ട് പരിപാടികളിലും പങ്കെടുത്തതെന്നും അതും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് വിദേശത്തേക്ക് പോയതെന്നും പി.പി. ദിവ്യ പറയുന്നു.

ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് തന്റെ പാസ്‌പോര്‍ട്ട് കോപ്പി അയച്ചുതരുമായിരുന്നുവെന്നും പി.പി. ദിവ്യ പറഞ്ഞു. ‘നടുക്കടലില്‍ നങ്കൂരമിടുന്ന നാവികര്‍ക്ക് വേലിയേറ്റത്തെ പറ്റി സ്റ്റഡി ക്ലാസെടുക്കരുത്’ എന്ന ഉപദേശവും ദിവ്യ നല്‍കി.

Content Highlight: PP Divya sends defamation notice to Shajan Skariah