പാലക്കാട് നവജാത ശിശുവും അമ്മയും മരിച്ച സംഭവം; അമ്മയുടെ മരണം അമിത രക്തസ്രാവം മൂലം; കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി വരിഞ്ഞുമുറുകിയ നിലയിലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
Kerala News
പാലക്കാട് നവജാത ശിശുവും അമ്മയും മരിച്ച സംഭവം; അമ്മയുടെ മരണം അമിത രക്തസ്രാവം മൂലം; കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി വരിഞ്ഞുമുറുകിയ നിലയിലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th July 2022, 8:29 pm

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചത് അമിത രക്തസ്രാവമുണ്ടായതിനാലെന്ന് പ്രാഥമിക വിവരം. ഐശ്വര്യയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായതോടെയാണ് പ്രാഥമിക വിവരം പുറത്തുവരുന്നത്. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വ്യക്തത വരൂവെന്ന് പാലക്കാട് ഡി.വൈ.എസ്.പി അറിയിച്ചു.

തങ്കം ആശുപത്രിയില്‍ നിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഐശ്വര്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

ചികിത്സാ പിഴവിനെ തുടര്‍ന്നാണ് ഐശ്വര്യ പ്രസവത്തോടെ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഐശ്വര്യയുടെ കുഞ്ഞും പ്രസവത്തോടെ മരിച്ചിരുന്നു. ആറ് ദിവസം മുന്‍പാണ് പ്രസവ വേദനയെ തുടര്‍ന്ന് 23 വയസുകാരി ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൂന്ന് തവണ മരുന്നുവെച്ച ശേഷമാണ് സര്‍ജറിയിലേക്ക് ഡോക്ടര്‍മാര്‍ പോയതെന്നും സീസേറിയന്‍ വേണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഐശ്വര്യയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു.

കുഞ്ഞിന്റെ മൃതദേഹം പൊലീസ് ഇടപെട്ട് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു. കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നുവെന്നും ഇതുമൂലം വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ ലക്ഷണങ്ങള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തിന് പിന്നാലെ യുവതി മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് തിങ്കളാഴ്ച മരണപ്പെട്ടത്. ഐശ്വര്യ ജന്മം നല്‍കിയ നവജാത ശിശു കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

അതേസമയം, സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ചികിത്സാ പിഴവിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡോ. അജിത്, ഡോ. നിള. ഡോ. പ്രിയദര്‍ശിനി എന്നിവര്‍ക്കെതിരെയാണ് കേസ്. സംഭവത്തില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.