വമ്പന്‍ റിലീസുകള്‍ക്കായാണ് 2026 ല്‍ സിനിമാലോകം കാത്തിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായ ടോക്‌സിക്കും ധുരന്ധര്‍ 2 വും മാര്‍ച്ച് 19 ന് തിയേറ്ററുകളില്‍ മാറ്റുരക്കുമ്പോള്‍ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3, ആട് 3, വാഴ 2, തുടങ്ങിയ ചിത്രങ്ങളും വരാനിരിക്കുന്നുണ്ട്. ഇവക്ക് പുറമെ മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി ചിത്രം L366 മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പാട്രിയറ്റ്, മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്ന ജയിലര്‍ 2 തുടങ്ങി ആരാധകര്‍ക്ക് വിശ്രമമില്ലാതെ ആവേശമാക്കാന്‍ ഒട്ടനവധി ചിത്രങ്ങള്‍ തിയേറ്ററിലെത്തുന്നുണ്ട്.
വമ്പന്‍ ചിത്രങ്ങള്‍ക്ക് പുറമെ ചെറിയ ബഡ്ജറ്റിലെത്തി മികച്ച വിജയം പ്രതീക്ഷിക്കുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇത്തരത്തില്‍ ഈ വര്‍ഷം വരാനിരിക്കുന്ന ചിത്രങ്ങളാണ് ഓട്ടംതുള്ളലും മോഹിനിയാട്ടവും. അടുത്തിടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായ ഇരുചിത്രങ്ങളും അവയുടെ പേരിലുള്ള സാമ്യം കാരണം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മോഹനന്‍ നെല്ലിക്കാട്ട് നിര്‍മിച്ച് ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ഓട്ടംതുള്ളലില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. വേനലവധിക്ക് തിയേറ്ററുകളിലെത്തുന്ന ചിത്രം റോഷന്‍ മാത്യു-ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ വേഷമിട്ട മഹാറാണിക്ക് ശേഷമുള്ള ജി.മാര്‍ത്താണ്ഡന്റെ ആറാമത്തെ ചിത്രമാണ്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിന്‍, പാവാട, ജോണി ജോണി യെസ് അപ്പാ തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങള്‍.
പ്രേക്ഷകശ്രദ്ധ നേടിയ ഭരതനാട്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് മോഹിനിയാട്ടം ഒരുങ്ങുന്നത്. സൈജു കുറുപ്പ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇന്ന് പുറത്തുവന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ആദ്യഭാഗത്തിന്റെ സംവിധായകനായ കൃഷ്ണദാസ് മുരളി തന്നെയാണ് മോഹിനിയാട്ടവും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സൈജു കുറുപ്പിന് പുറമെ സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോര്‍ട്ട്, സായി കുമാര്‍, ശ്രീജ രവി, കലാരഞ്ജിനി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Posters of new Malayalam movie ottamthulall and mohiniyattam released on social media
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.