ഡെറാഡൂണ്‍: ഹരിദ്വാറിലെ ഹര്‍ കി പൗരി ഘാട്ടുകള്‍ക്ക് സമീപവും പരിസരപ്രദേശങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിച്ച് പോസ്റ്ററുകള്‍. ഹൈന്ദവ ആരാധനാലയത്തിന്റെ നടത്തിപ്പുകാരായ ശ്രീ ഗംഗാ സഭയുടെ നേതൃത്വത്തിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
‘അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് കര്‍ശനമായും നിരോധിച്ചിരിക്കുന്നു’ എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. 1916ല്‍ ഹരിദ്വാറിലുണ്ടായിരുന്ന മുനിസിപ്പല്‍ ആക്ട്/ ബൈലോ പ്രകാരമാണ് പോസ്റ്ററുകളെന്നാണ് വാദം.
മദന്‍ മോഹന്‍ മാളവ്യ സ്ഥാപിച്ച സംഘടനയാണ് ശ്രീ ഗംഗാ സഭ. സഭയുടെ നിലവിലെ പ്രസിഡന്റ് നിതിന്‍ ഗൗതം ഈ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മതപരമായ പവിത്രത സംരക്ഷിക്കാന്‍ അഹിന്ദുക്കളുടെ പ്രവേശനം തടയണമന്നൊണ് ഇവരുടെ വാദം.
നിരവധി ഹിന്ദു സംഘടനകളും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.
‘1916ലെ മുനിസിപ്പല്‍ ബൈലോയില്‍ പറയുന്നത് പോലെ അഹിന്ദുക്കളുടെ പ്രവേശനം പൂര്‍ണമായും വിലക്കുകയും നിരോധിക്കുകയും ചെയ്യണം. നിലവിലെ ഭരണകൂടത്തോട് ഇതിനാവശ്യമായ നടപടികളെടുക്കാന്‍ ഞങ്ങള്‍ പലയാവര്‍ത്തി ആവശ്യപ്പെട്ടതാണ്.
അവര്‍ അതിന് തയ്യാറാകാതെ വന്നതോടെയാണ് ഇത്തരം പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത്,’ നിതിന്‍ ഗൗതമിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഹരിദ്വാറിന്റെ പവിത്രത സംരക്ഷിക്കാനെന്ന പേരില്‍ 1916ല്‍ മദന്‍ മോഹന്‍ മാളവ്യയും ബ്രിട്ടീഷ് സര്‍ക്കാരുമായുള്ള കരാറിന്റെ ഭാഗമായാണ് ബൈലോകളും നിയമങ്ങളുമുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ നിയമത്തിന്റെ ഭാഗമായി ഹര്‍ കി പൗരി പോലുള്ള സ്ഥലങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം, താമസം എന്നിവ നിഷേധിക്കുകയും സനാതന പാരമ്പര്യമനുസരിച്ച് സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം.
ഈ നിയമങ്ങള്‍ നിലവിലെ ഹരിദ്വാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബൈലോകളില്‍ ഉള്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്രദേശത്ത് അഹിന്ദുക്കളെ വ്യാപാര സ്ഥാപനങ്ങളടക്കം സ്ഥാപിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ഹിന്ദു സംഘടനകള്‍ കാലങ്ങളായി ആവശ്യമുയർത്തുന്നുണ്ട്.
അതേസമയം, ശ്രീ ഗംഗാ സഭയുടെ നടപടിക്കെതിരെ പ്രദേശത്തെ സാമൂഹികപ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇത്തരം ബോര്‍ഡുകള്‍ വിവേചനപരമാണെന്ന് ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹികപ്രവര്‍ത്തകന്‍ രത്തന്‍ മണി ദോഭാല്‍ പറഞ്ഞു.
‘മുനിസിപ്പല്‍ ബൈലോകള്‍ വളരെ പവിത്രമാണെന്ന് ഗംഗാ സഭാ ഉദ്യോഗസ്ഥര്‍ കരുതുന്നുവെങ്കില്‍, ഗംഗയ്ക്ക് അഭിമുഖമായുള്ള വീടുകള്‍ പൊളിക്കാന്‍ അവര്‍ എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല? ഗംഗാ തീരത്ത് വ്യാപാരം എന്തുകൊണ്ട് അനുവദിക്കുന്നു?
ഘാട്ടുകളില്‍ ഭക്ഷണം പാകം ചെയ്യുന്നതും പൊതു വിരുന്നുകള്‍ (ലങ്കാറുകള്‍) സംഘടിപ്പിക്കുന്നതും എന്തുകൊണ്ടാണ്? ഇതെല്ലാം നിരോധിച്ചിട്ടുണ്ടെന്ന് ബൈലോകളില്‍ വ്യക്തമായി പറയുന്നുണ്ട്. ഗംഗാ സഭാ ഭാരവാഹികളുടെ ഇത്തരം ഏകപക്ഷീയമായ പെരുമാറ്റം തടയാന്‍ ജില്ലാ ഭരണകൂടം അടിയന്തര നടപടികള്‍ സ്വീകരിക്കണം,’ അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ പുതുതായി ഉണ്ടായതല്ല എന്നായിരുന്നു ഹരിദ്വാര്‍ മേയര്‍ കിരണ്‍ ജയ്‌സല്‍ പറഞ്ഞത്. ‘ഈ നിയന്ത്രണങ്ങള്‍ പുതിയതല്ല. ബോര്‍ഡുകള്‍ സ്ഥാപിച്ച് ശ്രീ ഗംഗാ സഭ അവ കൂടുതല്‍ കര്‍ശനമാക്കുക മാത്രമാണ് ചെയ്യുന്നത്,’ എന്നായിരുന്നു മേയറുടെ മറുപടി.
Content highlight: Posters in Haridwar denying entry to non-Hindus.