വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജന നായകന്‍. തമിഴ് ഇന്‍ഡസ്ട്രിയില്‍ വമ്പന്‍ മുന്നേറ്റം നടത്താന്‍ സാധ്യതയുള്ള സിനിമയായാണ് ജന നായകനെ കണക്കാക്കുന്നത്. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മുമ്പ് വിജയ് നായകനാകുന്ന ജന നായകന്റെ അപ്‌ഡേറ്റുകളൊന്നും ആരാധകര്‍ക്ക് സന്തോഷം നല്കുന്നവയല്ല.
ചിത്രത്തിന്റെ പോസ്റ്ററുകളൊന്നും ഹൈപ്പ് നല്കുന്നവയല്ലെന്നാണ് പ്രധാന വിമര്‍ശനം. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറി. ഇതിന് പിന്നാലെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ഗോപി പ്രസന്നക്കെതിരെ വലിയ ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. യാതൊരു ക്രീയേറ്റിവിറ്റിയുമില്ലാത്ത പോസ്റ്ററുകളാണ് ജന നായകന്റേതെന്നാണ് പ്രധാന വിമര്‍ശനം.
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെയും അതിന്റെ തമിഴ് റീമേക്കിലെയും സ്റ്റുഡിയോ രംഗം ഉപയോഗിച്ചുള്ള ട്രോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. സൂപ്പര്‍മാനിലേത് പോലെ ഒരു പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ ശ്രമിച്ച് അവസാനം ജന നായകനിലെ പോസ്റ്റര്‍ ലഭിക്കുമ്പോള്‍ ‘ചേട്ടന് ഇതിനെപ്പറ്റി വലിയ ധാരണയൊന്നും ഇല്ലല്ലേ’ എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
ഗോപി പ്രസന്ന മുമ്പ് ചെയ്ത സിനിമകളുടെ പോസ്റ്ററുകളെല്ലാം കണ്ടിട്ട് തന്നെയാണോ ജന നായകന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ ഏല്പിച്ചതെന്ന് പലരും ചോദിക്കുന്നുണ്ട്. ഒരേ ടെപ്ലേറ്റില്‍ വെവ്വേറെ സ്റ്റില്ലുകള്‍ വെച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് ഗോപിയുടേതെന്നാണ് പലരും ആരോപിക്കുന്നത്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, വേട്ടൈയന്‍, വിടാമുയര്‍ച്ചി തുടങ്ങിയ സിനിമകളുടെ പോസ്റ്ററുകളെല്ലാം യാതൊരു പ്രതീക്ഷയും നല്കാത്തവയാണെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.
എന്നാല്‍ മെയ്യഴകന്‍, 96, തഗ് ലൈഫ്, മാസ്റ്റര്‍ തുടങ്ങിയ സിനിമകളില്‍ ഗോപിയുടെ ഡിസൈന്‍ ഗംഭീരമാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ ജന നായകന് വേണ്ടി ഗോപി നിര്‍മിച്ച പോസ്റ്ററുകള്‍ ഒന്നും പ്രതീക്ഷയുണര്‍ത്തുന്നവയല്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. നെയ്‌വേലി സെല്‍ഫിയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ വിമര്‍ശനങ്ങളായിരുന്നു.