ഇനി നടക്കപ്പോറത് യുദ്ധം; ഡബിള്‍ ബാരലുമായി നയന്‍താരയും ഇഷ്ടിക പിടിച്ച് മമിത ബൈജുവും
Indian Cinema
ഇനി നടക്കപ്പോറത് യുദ്ധം; ഡബിള്‍ ബാരലുമായി നയന്‍താരയും ഇഷ്ടിക പിടിച്ച് മമിത ബൈജുവും
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 31st December 2025, 3:28 pm

വലിയ പ്രതീക്ഷകളോടെയാണ് സിനിമാ ആരാധകര്‍ പുതുവര്‍ഷത്തില്‍ വരാനിരിക്കുന്ന ചിത്രങ്ങളെ കാത്തിരിക്കുന്നത്. പല ഭാഷകളില്‍ നിന്നായി ഒരുപിടി ചിത്രങ്ങളാണ് വമ്പന്‍ ബാനറുകള്‍ക്ക് കീഴില്‍ അണിയറയില്‍ ഒരുങ്ങുന്നത്. തമിഴിന്റെ ദളപതിയുടെ ഫെയര്‍വെല്‍ ചിത്രം ജന നായകന്‍ മുതല്‍ കെ.ജി.എഫിലൂടെ ബ്രാന്‍ഡായ യഷിന്റെ ടോക്‌സിക്കും ഈ ലിസ്റ്റില്‍ മുന്‍പന്തിയിലാണ്.

ഇരുചിത്രങ്ങളുടെയും അപ്‌ഡേഷനുകള്‍ക്ക് വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ടോക്‌സിക്കിലെ നയന്‍താരയുടെ ക്യരക്ടര്‍ പോസ്റ്ററും ജന നായകനിലെ മമിതയുടെ സ്റ്റില്ലും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

Photo: Book My Show

ടോക്‌സിക്കിലെ നായകന്‍ യഷിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട നയന്‍താരയുടെ പോസ്റ്റര്‍ മണിക്കൂറുകള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഗംഗ എന്ന കാഥാപാത്രമായാണ് താരമെത്തുക എന്ന വിവരണത്തോടെ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ഭാരമേറിയ ഡബിള്‍ ബാരല്‍ തോക്കുമായി ഉഗ്രന്‍ ആറ്റിറ്റിയൂഡിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടോക്‌സിക്കിലെ ഹുമാ ഖുറേഷിയുടെയും കിയാര അദ്വാനിയുടെയും ക്യരക്ടര്‍ പോസ്റ്ററുകള്‍ നേരത്തേ പുറത്തു വിടുകയും താരങ്ങളുടെ ലുക്കുകള്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. മുതിര്‍ന്നവര്‍ക്കുള്ള ഒരു ടോക്‌സിക് ഫെയറി ടെയ്ല്‍ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ഫാന്റസി ഴോണറിനെ ഓര്‍മപ്പെടുത്തുന്നതായിരുന്നു.

മറുഭാഗത്ത് ഏറെ അപ്രതീക്ഷിതമായാണ് ജന നായകനിലെ മമിതയുടെ സ്റ്റില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തിയത്. ചിത്രത്തില്‍ വിജയ് യുടെ തങ്കച്ചിയായി ഇമോഷണല്‍ സീനുകള്‍ മാത്രമായിരിക്കും മമിതയുടെതായി ഉണ്ടാവുക എന്ന് പ്രതീക്ഷിച്ചവര്‍ക്ക് മുമ്പിലേക്കാണ് ആക്ഷന്‍ ലുക്കിലുള്ള മമിതയുടെ സ്റ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Photo: Book my show

നയന്‍താരയുടെ കൈയ്യില്‍ തോക്കായിരുന്നെങ്കില്‍ എതിരാളിയുടെ തല അടിച്ചു പൊളിക്കാന്‍ ഇഷ്ടികയുമായാണ് മാസ് ലുക്കില്‍ മമിതയുടെ നില്‍പ്പ്. വിജയ് യുടെ കരിയറിലെ ഏറ്റവും വയലന്‍സുള്ള ചിത്രമായിരിക്കും ജന നായകന്‍ എന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനെ ശരി വെക്കുന്ന രീതിയിലാണ് സ്റ്റില്ലെന്നും അഭിപ്രായം ഉയരുന്നുണ്ട്.

ജനുവരി 9 ന് പൊങ്കല്‍ റിലീസായി ജന നായകന്‍ എത്തുമ്പോള്‍ മാര്‍ച്ച് 19 ന് പാന്‍ ഇന്ത്യ റിലീസായാണ് ടോക്‌സിക് തിയേറ്ററുകളിലെത്തുന്നത്. തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായിരിക്കും ജനനായകന്‍.

Content Highlight: poster and still of toxic and Jana nayagan released

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.