'പ്ലെയര്‍ ഓഫ് ദി മാച്ചിന് സഞ്ജു അര്‍ഹനായിരുന്നില്ല, അവര്‍ നാല് പേരില്‍ ഒരാള്‍ക്ക് നല്‍കണമായിരുന്നു'; അടിയും തിരിച്ചടിയുമായി ചര്‍ച്ച മുറുകുന്നു
T20 world cup
'പ്ലെയര്‍ ഓഫ് ദി മാച്ചിന് സഞ്ജു അര്‍ഹനായിരുന്നില്ല, അവര്‍ നാല് പേരില്‍ ഒരാള്‍ക്ക് നല്‍കണമായിരുന്നു'; അടിയും തിരിച്ചടിയുമായി ചര്‍ച്ച മുറുകുന്നു
ആദര്‍ശ് എം.കെ.
Friday, 6th March 2026, 1:37 pm

മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഒരിക്കല്‍ക്കൂടി സഞ്ജു സാംസണ്‍ ടീമിന്റെ രക്ഷകനായി. കരുത്തരായ ഇംഗ്ലണ്ടിനെതിരെ ഏഴ് റണ്‍സിന്റെ വിജയത്തോടെ ഇന്ത്യ ഫൈനല്‍ പോരാട്ടത്തിന് ടിക്കറ്റെടുത്തപ്പോള്‍ 42 പന്തില്‍ 89 റണ്‍സുമായി സഞ്ജു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായി.

ഏഴ് സിക്‌സറും എട്ട് ഫോറും അടക്കം 211.90 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റില്‍ സ്‌കോര്‍ ചെയ്ത സഞ്ജുവിനെ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്.

എന്നാല്‍ സെമി ഫൈനലില്‍ സഞ്ജു സാംസണേക്കാള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരനത്തിന് മറ്റ് നാല് താരങ്ങള്‍ അര്‍ഹരായിരുന്നു എന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ക്രിക്കറ്റ് വൈബ്‌സ് 365 എന്ന പേജില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

സഞ്ജുവിന് പി.ഒ.ടി.എം നല്‍കിയത് ഡിബേറ്റബിള്‍ ഡിസിഷനാണെന്നും സഞ്ജുവിന്റെ ഇന്നിങ്‌സിനേക്കാള്‍ മഹത്വം ഹര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും എറിഞ്ഞ സ്‌പെല്ലുകള്‍ക്കുണ്ടെന്നാണ് കുറിപ്പില്‍ പറയുന്നത്.

ജസ്പ്രീത് ബുംറ | ഹർദിക് പാണ്ഡ്യ

12 പന്തില്‍ 27 റണ്‍സ് നേടിയ ഹര്‍ദിക് ഫിനിഷറുടെ റോളിലും തിളങ്ങിയെന്നും 38 റണ്‍സ് വഴങ്ങി ഫില്‍ സാള്‍ട്ടിന്റേതടക്കം രണ്ട് വിക്കറ്റ് വീഴ്ത്തിയെന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. നാല് ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ബുംറയുടെ പ്രകടനം കളി തിരിക്കുന്നതില്‍ നിര്‍ണായകമായെന്നും വിശദീകരിക്കുന്നു.

അക്‌സര്‍ പട്ടേല്‍ കൈപ്പിടിയിലൊതുക്കിയ രണ്ട് ഗംഭീര ക്യാച്ചുകളില്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ട് 15 ഓവറില്‍ വിജയിക്കുമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അക്‌സര്‍ പട്ടേലിന് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്ന് കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.

ഇംഗ്ലണ്ട് യുവതാരം ജേകബ് ബേഥലിനെയാണ് നാലാമതായി കുറിപ്പില്‍ പരാമര്‍ശിക്കുന്നത്. ടോപ്പ് ഓര്‍ഡര്‍ നിലംപൊത്തിയ സാഹചര്യത്തില്‍ ഇന്ത്യ പോലൊരു ടീമിനെതിരെ അതും 250+ റണ്‍സ് ചെയ്‌സ് ചെയ്യുമ്പോള്‍ നേടിയ സെഞ്ച്വറി വിലമതിക്കാനാകാത്തതാണെന്നും തോറ്റ ടീമിലെ ഒരാള്‍ക്ക് പി.ഒ.ടി.എം നല്‍കാനാകില്ല എന്ന് പറയാനാകില്ലെന്നും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ സഞ്ജുവിന്റെ ഇന്നിങ്‌സ് തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ചിന് അര്‍ഹമായതെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

‘സഞ്ജുവിന്റെ ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ തോല്‍ക്കുമായിരുന്നു, പിന്നെ ബുംറ എറിഞ്ഞിട്ടൊന്നും കാര്യമുണ്ടാകില്ല’, ‘ബുംറയ്ക്ക് എറിയണമെങ്കില്‍ സ്‌കോര്‍ ബോര്‍ഡില്‍ വല്ലതും വേണ്ടേ. സഞ്ജുവിന്റെ ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ 170 റണ്‍സില്‍ ഒതുങ്ങിയേനേ’,’ടോസ് നഷ്ടപെട്ട ടീമിനെ ഇങ്ങിനെ ഒരു ടോട്ടല്‍ എത്തിച്ച ഇന്നിംഗ്‌സ് ആണ് സഞ്ജുവിന്റേത് അതില്ല എങ്കില്‍ കളി തികച്ചും ഇംഗ്ലണ്ട് ഏക പക്ഷീയമായി ജയിക്കും’ തുടങ്ങി നിരവധി കമന്റുകള്‍ പോസ്റ്റിന് പിന്നാലെയെത്തുന്നുണ്ട്.

തനിക്ക് ലഭിച്ച പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സഞ്ജു ബുംറയ്ക്ക് ഡെഡിക്കേറ്റ് ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നവരും കുറവല്ല.

അതേസമയം, തങ്ങളുടെ ലോകകപ്പ് കരിയറിലെ നാലാം ഫൈനലിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇതിന് മുമ്പ് കളിച്ച മൂന്ന് ഫൈനലില്‍ രണ്ടിലും ഇന്ത്യ കിരീടം ചൂടിയിരുന്നു. ഞായറാഴ്ച ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന ഫൈനലിലും വിജയിക്കാന്‍ സാധിച്ചാല്‍ ചരിത്രത്തിലാദ്യമായി മൂന്ന് ലോകകപ്പ് നേടുന്ന ആദ്യ ടീം എന്ന നേട്ടവും കിരീടം നിലനിര്‍ത്തിയ ആദ്യ ടീമന്നെ നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമാക്കാം.

 

Content Highlight: Post goes viral saying four other players deserve more Player of the Match award than Sanju

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.