ജയില്‍പുള്ളികളുടെ വേതനം; ബിഗ് ബ്രദറിലെ ലാലേട്ടന്റയും വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിലെ ദിലീപിന്റെയും കഥാപാത്രങ്ങളുടെ വരുമാനം കണക്കുകൂട്ടി സോഷ്യല്‍ മീഡിയ
Malayalam Cinema
ജയില്‍പുള്ളികളുടെ വേതനം; ബിഗ് ബ്രദറിലെ ലാലേട്ടന്റയും വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിലെ ദിലീപിന്റെയും കഥാപാത്രങ്ങളുടെ വരുമാനം കണക്കുകൂട്ടി സോഷ്യല്‍ മീഡിയ
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 14th January 2026, 6:04 pm

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച വിഷയമായിരുന്നു സംസ്ഥാനത്തെ ജയിലില്‍ കഴിയുന്ന തടവുകാരുടെ വേതനം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി. സ്‌കില്‍ഡ് ജോലിക്കാര്‍ക്ക് 620 രൂപ, സെമിസ്‌കില്‍ഡ് ജോലിക്കാര്‍ക്ക് 560 രൂപ, അണ്‍സ്‌കില്‍ഡ് ജോലിക്കാര്‍ക്ക് 530 രൂപ എന്നിങ്ങനെയായിരുന്നു വര്‍ദ്ധനവ്.

സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ക്കും, തൊഴിലുറപ്പ് ജീവനക്കാര്‍ക്കും വരെ ഇത്രയും ദിവസക്കൂലി ഇല്ലാതിരിക്കെ കൊടും കുറ്റകൃത്യങ്ങള്‍ ചെയ്ത് ജയിലില്‍ കഴിയുന്നവര്‍ക്ക് വലിയ ദിവസക്കൂലി നല്‍കുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

കസ്തൂരിമാന്‍. Photo: Reddit

ഇപ്പോഴിതാ മലയാള സിനിമയില്‍ ജയിലില്‍ കഴിഞ്ഞ കഥാപാത്രങ്ങളുടെ വരുമാനം കണക്കുകൂട്ടി ട്രോളുകളുമായി എത്തിയിരിക്കുകയാണ് ഫെയ്്‌സ്ബുക്കടക്കമുള്ള സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകള്‍. ബിഗ് ബ്രദറിലെ സച്ചി, കസ്തൂരി മാനിലെ പ്രിയംവദ, ഏഴ് കൊല്ലം ജയിലില്‍ കിടന്ന കോട്ടയം കുഞ്ഞച്ചന്‍ എന്നീ കഥാപാത്രങ്ങളുടെ ലക്ഷകണക്കിന് വരുന്ന വേതനമാണ് ചര്‍ച്ചയാകുന്നത്.

രണ്ടുപേരെ കൊന്നതിന് 24 വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ചാണ് സിദ്ധിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദര്‍ മോഹന്‍ലാലിന്റെ കഥാപാത്രം സച്ചി പുറത്തിറങ്ങുന്നത്. ജയിലിലെ വേതനം വര്‍ദ്ധിപ്പിച്ചതിന് ശേഷമാണ് സച്ചി ജയിലില്‍ കിടക്കുന്നതെങ്കില്‍ അവിദഗ്ദ തൊഴിലാളി എന്ന നിലയില്‍ പോലും 24 വര്‍ഷത്തേക്ക് 530 രൂപ വെച്ച് ഏകദേശം 46 ലക്ഷം രൂപയിലധികമായിരിക്കും സച്ചിക്ക് സമ്പാദിക്കാന്‍ കഴിയുകയെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.

ലോഹിതദാസിന്റെ സംവിധാനത്തില്‍ പിറന്ന ഹൃദയഹാരിയായ പ്രണയചിത്രമായ കസ്തൂരിമാനില്‍ മീര ജാസ്മിന്‍ അവതരിപ്പിച്ച പ്രിയംവദ ഒമ്പത് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞിറങ്ങുമ്പോള്‍ ഏകദേശം 17 ലക്ഷം രൂപ കൈയ്യില്‍ ഉണ്ടാകുമായിരുന്നു. സാജന്‍ ആലുക്കയുമായി ചേര്‍ന്ന് സന്തോഷകരമായ ഒരു ജീവിതം നേടാന്‍ ഈ തുക ധാരാളമെന്നും ഇവര്‍ പറയുന്നു.

Photo: IMDB

മമ്മൂട്ടിയുടെ കരിയറിലെ ഐക്കോണിക്ക് കഥാപാത്രമായ കോട്ടയം കുഞ്ഞച്ചന് ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങുമ്പോള്‍ കോട്ടയത്ത് തന്നെ ഡ്രൈവിങ്ങ് സ്‌കൂള്‍ തുടങ്ങാനുള്ള തുകയായ 13 ലക്ഷം രൂപ കിട്ടുമായിരുന്നു. ദിലീപിന്റെ കരിയറിലെ ദുരന്ത ചിത്രങ്ങളിലൊന്നായ വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലാണ് കമന്റ് ബോക്‌സുകളില്‍ ചര്‍ച്ചയാകുന്ന മറ്റൊരു ചിത്രം.

എങ്ങനെയെങ്കിലും പ്രശ്‌നമുണ്ടാക്കി ജയിലിലെത്താന്‍ ശ്രമിക്കുന്ന ദിലീപിന്റെ കഥാപാത്രത്തിന് പുറത്തു ജോലി ചെയ്യുന്നവരെക്കാള്‍ കൂടുതല്‍ വരുമാനവും 3 നേരം ഭക്ഷണവും കിട്ടുമെന്നാണ് കമന്റുകള്‍. ഗോവിന്ദച്ചാമിക്ക് കിട്ടുന്ന വരുമാനം പോലും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് പറഞ്ഞ് വിലപിക്കുന്നവരെയും കമന്റ് ബോക്‌സില്‍ കാണാം.

Content Highlight: Post goes viral regarding the wages of jail inmates wages of Malayalam cinema characters portrayed by Mammootty and Mohanlal

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.