പോസ്റ്റ്-അപ്പോക്കലിപ്റ്റിക്: ഗസയിൽ ഭക്ഷണ ട്രക്കുകൾ കൊള്ളയടിക്കുന്നു, കൊള്ളമുതലിനായി ഏറ്റുമുട്ടൽ രൂക്ഷം
World News
പോസ്റ്റ്-അപ്പോക്കലിപ്റ്റിക്: ഗസയിൽ ഭക്ഷണ ട്രക്കുകൾ കൊള്ളയടിക്കുന്നു, കൊള്ളമുതലിനായി ഏറ്റുമുട്ടൽ രൂക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th June 2025, 2:22 pm

ഗസ: ഗസയിൽ മാനുഷിക സഹായങ്ങൾ കൊണ്ടുവരുന്ന ട്രക്കുകൾ കൊള്ളയടിക്കപ്പെടുന്നു. കൊള്ളമുതലിനായുള്ള സായുധ സംഘങ്ങളുടെ രൂക്ഷമായ ഏറ്റുമുട്ടലുകളും തുടരുന്നു.

സഹായ വാഹനവ്യൂഹങ്ങളിൽ നിന്ന് തട്ടിയെടുത്ത ഭക്ഷ്യ വസ്തുക്കളെ ചൊല്ലിയുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം ഗസയിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ ആക്രമണം നടന്നിരുന്നു.

പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ റൈഫിളുകളുമായി ആളുകൾ ആശുപത്രി ആക്രമിച്ചു. അവർ മെഡിക്കൽ സ്റ്റാഫിനെ മർദിക്കുകയും ഉപകരണങ്ങൾ തകർക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. പിന്നാലെ മറ്റൊരു സംഘം എത്തുകയും കൂടുതൽ വെടിവെപ്പുണ്ടാവുകയും ചെയ്തതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

21 മാസത്തെ യുദ്ധത്തിന് പിന്നാലെ സായുധ സംഘനങ്ങളുടെ ആക്രമണവും വർധിക്കുകയാണെന്ന് ഗസയിലെ സാധാരണക്കാർ പറയുന്നു. ‘വിവിധ സംഘങ്ങൾ തമ്മിൽ പൊരുതുന്നുണ്ട്. ഇതിനിടെ ഇസ്രഈലി സൈന്യം ആളുകളെ വെടിവയ്ക്കുന്നു. ഹമാസ് ഇപ്പോഴും അവിടെയുണ്ട്. അതേസമയം നിരാശരായ സാധാരണക്കാർ ഭക്ഷണം ലഭിക്കാതെ വിശപ്പ് സഹിച്ച് ടെന്റുകളിൽ കഴിഞ്ഞുകൂടുന്നു. ഇത് ഒരുതരം പോസ്റ്റ്-അപ്പോക്കലിപ്റ്റിക് സയൻസ് ഫിക്ഷൻ സിനിമ പോലെയാണ്,’ ഗസയിൽ നിന്നുള്ള ഒരു വ്യക്തി പറഞ്ഞു.

2023 ഓഗസ്റ്റ് ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ ഇസ്രാഈൽ ആരംഭിച്ച വംശഹത്യ ഇനിയും തുടരുകയാണ്. ഇതുവരെ, ഇസ്രഈൽ ആക്രമണം 56,500ലധികം ഫലസ്തീനികളെ കൊന്നൊടുക്കി. സമീപ മാസങ്ങളിൽ, കൂടുതൽ സായുധ പ്രവർത്തകർ ആക്രമണങ്ങൾ നടത്താൻ തുടങ്ങി. ഹമാസിനെ എതിർക്കുന്ന സായുധ പ്രവർത്തകർക്ക് ഇസ്രഈൽ ആയുധങ്ങൾ നൽകുന്നുണ്ടെന്ന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

മാനുഷിക സഹായങ്ങൾ കൊള്ളയടിക്കുന്നവരെ ആക്രമിക്കാനായി ഹമാസ് രൂപീകരിച്ച സഹ്ം സേനയിലെ നിരവധി അംഗംങ്ങളെ കഴിഞ്ഞയാഴ്ച ദെയ്ർ അൽ-ബലായിൽ ഇസ്രഈൽ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തിൽ നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടുവെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ഗസയിൽ ഇപ്പോളുള്ള ക്ഷാമവും ആക്രമണങ്ങളും നിർമിതമാണെന്ന് മാനുഷിക സഹായം വിതരണം ചെയ്യാനെത്തിയ ഉദ്യോഗസ്ഥൻ പറഞ്ഞു.

‘ക്ഷാമം പൂർണമായും കൃത്രിമമാണ്. അതായത് ഗാസയിലേക്കെത്തുന്ന മാനുഷിക സഹായം ഇപ്പോൾ ഏറ്റവും വിലപ്പെട്ട ഒന്നാണ്. നിങ്ങൾക്ക് തോക്കുകളും സഹായവും ലഭിക്കുമെങ്കിൽ, നിങ്ങൾക്ക് അത് പണവും അധികാരവും നേടാൻ ഉപയോഗിക്കാം എന്നതാണിവിടുത്തെ സ്ഥിതി. അതാണ് ധാരാളം അക്രമങ്ങൾക്ക് കാരണമാകുന്നത്. 25 കിലോഗ്രാം ധാന്യപ്പൊടി ഒരു ചാക്കിന് 500 ഡോളർ എന്ന തോതിൽ വിൽക്കാം,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: Post-apocalyptic’: medical staff struggle as gangs fight over aid supplies in Gaza