നീലകണ്ഠന് എഴുത്താണി കത്തി സമ്മാനിച്ചത് മമ്മൂട്ടി, നരസിംഹത്തിലെ പോള്‍ ആസാദ് മനോജ് കെ. ജയന്‍, രഞ്ജിത്തിന്റെ മുഖമില്ലാത്ത കഥാപാത്രങ്ങളെക്കുറിച്ചുള്ള പോസ്റ്റ് വൈറല്‍
Malayalam Cinema
നീലകണ്ഠന് എഴുത്താണി കത്തി സമ്മാനിച്ചത് മമ്മൂട്ടി, നരസിംഹത്തിലെ പോള്‍ ആസാദ് മനോജ് കെ. ജയന്‍, രഞ്ജിത്തിന്റെ മുഖമില്ലാത്ത കഥാപാത്രങ്ങളെക്കുറിച്ചുള്ള പോസ്റ്റ് വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th October 2025, 10:07 pm

ഏത് ഴോണറിലുള്ള സിനിമയും തനിക്ക് അനായാസം വഴങ്ങുമെന്ന് തെളിയിച്ച എഴുത്തുകാരനാണ് രഞ്ജിത്. തിരക്കഥാകൃത്തായും സംവിധായകനായും ഒരുകാലത്ത് ഇന്‍ഡസ്ട്രിയെ താങ്ങിനിര്‍ത്തിയ രഞ്ജിത്തിന്റെ സിനിമകളില്‍ പലതും ക്ലാസിക്കായി വാഴ്ത്തപ്പെടുന്നവയാണ്. ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ രാവണപ്രഭു റീ റിലീസിലും തരംഗം തീര്‍ത്ത് മുന്നേറുകയാണ്.

രഞ്ജിത്തിന്റെ തിരക്കഥകളില്‍ നായകനും മറ്റ് കഥാപാത്രങ്ങളും വന്‍ ഹൈപ്പ് കൊടുക്കുന്ന ഏതെങ്കിലും കഥാപാത്രമുണ്ടായിരിക്കും. എന്നാല്‍ സിനിമയില്‍ ഒരിടത്തുപോലും ഇവരുടെ മുഖം കാണിക്കുകയുമില്ല. സിനിമയോടൊപ്പം ആ കഥാപാത്രവും ചര്‍ച്ചയായി മാറുന്ന തരത്തിലുള്ള എഴുത്താണ് രഞ്ജിത്തിന്റേത്. ഇപ്പോഴിതാ അത്തരത്തില്‍ ചില കഥാപാത്രങ്ങള്‍ക്ക് മുഖം നല്‍കിയാല്‍ എങ്ങനെയുണ്ടാകുമെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സിനിമാ പ്രാന്തന്‍ എന്ന പേജ് പങ്കുവെച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. രഞ്ജിത്- ഷാജി കൈലാസ് ടീമിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ആറാം തമ്പുരാനില്‍ ജഗന്നാഥനെ സംഗീതം പഠിപ്പിക്കുന്ന ഉസ്താദ് ബാദുഷ ഖാനായി നസറുദ്ദീന്‍ ഷായുടെ മുഖമാണ് നല്കിയിരിക്കുന്നത്. കഥയിലെ വര്‍ണനക്ക് ചേരുന്ന മുഖമാണ് നസറുദ്ദീന്‍ ഷായുടേതെന്നാണ് കമന്റുകള്‍.

സമ്മര്‍ ഇന്‍ ബെത്‌ലെഹേമില്‍ നിരഞ്ജന്‍ കൊന്നുകളഞ്ഞ വ്യവസായി ബ്രിജേഷ് മല്യയായി തെലുങ്ക് താരം ജഗപതി ബാബുവിനെയാണ് കാസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ആ കഥാപാത്രമായി ശരത് സക്‌സേനയാണ് കുറച്ചുകൂടി ആപ്‌റ്റെന്ന് കമന്റ് ബോക്‌സില്‍ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആറാം തമ്പുരാനില്‍ ജഗന്നാഥന്‍ മെന്‍ഷന്‍ ചെയ്യുന്ന ചാലിശ്ശേരിക്കാരന്‍ ഐപ്പ് എന്ന കഥാപാത്രമായി ബാലന്‍ കെ. നായര്‍ വന്നാല്‍ നന്നാകുമെന്നാണ് പോസ്റ്റില്‍ പറയുന്നത്.

രാവണപ്രഭുവില്‍ മംഗലശ്ശേരി നീലകണ്ഠന് കത്തി സമ്മാനിക്കുന്ന സുഹൃത്ത് മൊയ്തീന്‍ കണ്ണ് റാവുത്തറായി മമ്മൂട്ടിയെയാണ് പോസ്റ്റില്‍ കാണിക്കുന്നത്. പാലേരി മാണിക്യത്തിലെ അഹമ്മദ് കുട്ടി ഹാജിയുടെ ഗെറ്റപ്പിലാണ് മമ്മൂട്ടിയെ ചിത്രീകരിച്ചിരിക്കുന്നത്. വല്യേട്ടനില്‍ അറക്കല്‍ മാധവനുണ്ണിയെ തല്ലും പിടി പഠിപ്പിച്ച വള്ളുവമ്പ്രം കലന്തന്‍ കുട്ടി ഹാജിയായി തിലകനെയാണ് പോസ്റ്റില്‍ കാണിച്ചത്.

ഉസ്താദില്‍ പുറത്ത് പാടുവരാതെ ഇടിക്കാന്‍ പരമേശ്വരനെ പഠിപ്പിച്ച മുംബൈയിലെ കോണ്‍സ്റ്റബിള്‍ ജഗ്ഗുഭായ് എന്ന കഥാപാത്രമായി ശശി കപൂറിനെയും പോസ്റ്റില്‍ ചിത്രീകരിച്ചിട്ടുണ്ട്. നരസിംഹം എന്ന ചിത്രത്തില്‍ പല രംഗങ്ങളിലും പ്രതിപാദിക്കുന്ന കഥാപാത്രങ്ങളാണ് പോള്‍ ആസാദും ഇന്ദുചൂഡന്റെ സുഹൃത്ത് രവിയും

പോള്‍ ആസാദായി മനോജ് കെ. ജയനെയും പൊളിറ്റിക്കല്‍ സെക്രട്ടറി രവിയായി സുരേഷ് ഗോപിയെയുമാണ് പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ കഥപാത്രങ്ങളെക്കാള്‍ ആദ്യാവസാനം സസ്‌പെന്‍സാക്കി വെച്ച ഒരു മറവത്തൂര്‍ കനവിലെ കോര സാര്‍, സമ്മര്‍ ഇന്‍ ബെത്‌ലെഹേമില്‍ പൂച്ചയെ അയക്കുന്ന പെണ്‍കുട്ടി എന്നിവര്‍ ആരായിരിക്കുമെന്നാണ് കമന്റ് ബോക്‌സിലെ ചോദ്യങ്ങള്‍.

Content Highlight: Post about Ranjith’s characters gone viral in social media