പ്രേമലുവിലെ ഏറ്റവും വലിയ ലോജിക്കില്ലായ്മ അമല്‍ ഡേവിസിന്റെ പ്രണയമെന്ന് പോസ്റ്റ്, മറുപടിയുമായി സോഷ്യല്‍ മീഡിയ
Malayalam Cinema
പ്രേമലുവിലെ ഏറ്റവും വലിയ ലോജിക്കില്ലായ്മ അമല്‍ ഡേവിസിന്റെ പ്രണയമെന്ന് പോസ്റ്റ്, മറുപടിയുമായി സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Tuesday, 24th February 2026, 7:25 am

റിലീസ് ചെയ്ത് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഇന്നും പലരുടെയും ഫേവറെറ്റാണ് പ്രേമലു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ഈ റോം കോം കേരളത്തിന് പുറത്തും വലിയ ഹിറ്റായി മാറി. സാക്ഷാല്‍ രാജമൗലി വരെ പ്രശംസിച്ച പ്രേമലുവിന് രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തിരുന്നെങ്കിലും പിന്നീട് അത് മുടങ്ങുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ ചെറിയൊരു ലോജിക്കില്ലായ്മ ചൂണ്ടിക്കാണിക്കുന്ന പോസ്റ്റ് ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ്. മോളിവുഡ് കണക്ട് എന്ന പേജില്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയായത്. ചിത്രത്തില്‍ നായകന്റെ സുഹൃത്തായ അമല്‍ ഡേവിസിന്റെ പ്രണയമാണ് ഒട്ടും ലോജിക്കില്ലാത്തതെന്ന് പോസ്റ്റില്‍ പറയുന്നുണ്ട്.

ഇന്ത്യയില്‍ ഏറ്റവും ബ്രൈറ്റായ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണ് ഐ.ഐ.ടി റൂര്‍ക്കെയെന്നും അവിടെ പഠിക്കുന്ന ഒരു പെണ്‍കുട്ടി എങ്ങനെ അമല്‍ ഡേവിസിനെ പ്രണയിക്കുമെന്നും പോസ്റ്റില്‍ ചോദിക്കുന്നു. പഠിത്തത്തെക്കുറിച്ചല്ലാതെ മറ്റൊന്നും അവിടെയുള്ള കുട്ടികള്‍ ചിന്തിക്കാറില്ലെന്നും ശ്വാസം വിടാന്‍ പോലും അവര്‍ക്ക് സമയം ലഭിക്കാറില്ലെന്നും പറയുന്നുണ്ട്.

അത്തരമൊരു സ്ഥാപനത്തില്‍ പഠിക്കുന്ന കുട്ടി അമല്‍ ഡേവിസുമായി രാത്രി ഫോണില്‍ സംസാരിക്കുന്നതും പ്രണയിക്കുന്നതുമെല്ലാം റിയാലിറ്റിയുമായി ഒരു ബന്ധവുമില്ലാത്തതുപോലെ തോന്നിയെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ എല്ലാ പെയറിങ്ങും ഓക്കെയായപ്പോള്‍ ഇത് മാത്രം ഓവറായെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിച്ചത്. ഈ പോസ്റ്റിന് പലരും നല്‍കിയ മറുപടിയും വൈറലായി.

ഐ.ഐ.ടി എന്ന് വെച്ചാല്‍ ജയിലല്ലെന്നും അവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് വലിയ പ്രഷറൊന്നും ഉണ്ടാകില്ലെന്നുമാണ് പലരുടെയും കമന്റ്. പുഷ്പ എന്ന സിനിമയില്‍ ഒട്ടും ലോജിക്കില്ലെന്നും ആ ചിത്രം 1000 കോടിയിലേറെ കളക്ഷന്‍ നേടിയിട്ടുണ്ടെന്നും ചിലര്‍ ഓര്‍മപ്പെടുത്തി. ഇന്ത്യയിലെ മറ്റ് ഐ.ഐ.ടികളെ വെച്ച് നോക്കുമ്പോള്‍ ഐ.ഐ.ടി റൂര്‍ക്കെ അത്ര വലിയ സ്ഥാപനമല്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

‘പോസ്റ്റിട്ടയാള്‍ ഗാല്‍ഗോട്ടിയ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച ആളാണെന്ന് തോന്നുന്നു’, ‘അമല്‍ ഡേവിസ് പഠിപ്പിയല്ല എന്ന് പോസ്റ്റുമാന് എങ്ങനെ പറയാന്‍ പറ്റും’ എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍. റിലീസ് ചെയ്ത് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സോഷ്യല്‍ മീഡിയയില്‍ പ്രേമലുവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. പ്രേമലുവിന് രണ്ടാം ഭാഗം ഇല്ലെങ്കിലും ഇത്തരം ചര്‍ച്ചകള്‍ ഇനിയുമുണ്ടാകുമെന്ന് ഉറപ്പാണ്.

Content Highlight: Post about Premalu movie and Sangeeth Prathap viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

 

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം