ബ്രില്യന്റായ ഫാസില്‍ മണിച്ചിത്രത്താഴില്‍ കാണിച്ച ചെറിയ മിസ്റ്റേക്ക്, ഹിന്ദിയില്‍ പ്രിയദര്‍ശന്‍ നൈസായി ഹാന്‍ഡില്‍ ചെയ്തു, വൈറലായി പോസ്റ്റ്
Indian Cinema
ബ്രില്യന്റായ ഫാസില്‍ മണിച്ചിത്രത്താഴില്‍ കാണിച്ച ചെറിയ മിസ്റ്റേക്ക്, ഹിന്ദിയില്‍ പ്രിയദര്‍ശന്‍ നൈസായി ഹാന്‍ഡില്‍ ചെയ്തു, വൈറലായി പോസ്റ്റ്
അമര്‍നാഥ് എം.
Wednesday, 25th February 2026, 3:57 pm

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കെന്ന് മണിച്ചിത്രത്താഴിനെ സംശയമില്ലാതെ വിശേഷിപ്പിക്കാം. റിലീസ് ചെയ്ത് 32 വര്‍ഷത്തിലേറെയായിട്ടും ഇന്നും മടുപ്പില്ലാതെ കാണാന്‍ സാധിക്കുന്ന ചുരുക്കം സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. മലയാളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റാവുകയും നിരവധി പുരസ്‌കാരം നേടുകയും ചെയ്ത ചിത്രം നാല് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

പഴുതുകളടച്ച തിരക്കഥയ്ക്കും ഗംഭീര മേക്കിങ്ങിനുമൊപ്പം അഭിനേതാക്കളുടെ പെര്‍ഫോമന്‍സും കൊണ്ട് ടോപ് ലീഗിലുള്ള മണിച്ചിത്രത്താഴ് ഓരോ സിനിമാപ്രേമിക്കും ടെക്സ്റ്റ്ബുക്കാണ്. എന്നാല്‍ ചിത്രത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ചെറിയൊരു മിസ്‌റ്റേക്ക് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ആദ്യപകുതിയില്‍ മാടമ്പള്ളി തറവാട്ടില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങളിലൊന്നിലാണ് മിസ്റ്റേക്ക് വന്നത്.

മണിച്ചിത്രത്താഴ് Photo: Screen grab/ Central Tlkies

ഗംഗയും നകുലനും ശ്രീദേവിയുമെല്ലാം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ക്ലോക്കിലേക്ക് കല്ലെടുത്തെറിയുന്ന രംഗം ഫാസിലിന് സംഭവിച്ച അബദ്ധമാണെന്ന് പോസ്റ്റില്‍ പറയുന്നുണ്ട്. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ ഇത് ചെയ്തത് ഗംഗയാണെന്ന് സണ്ണി വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കുമൊപ്പം നില്‍ക്കുന്നതിനിടയില്‍ ഗംഗ എങ്ങനെ ക്ലോക്കിലേക്ക് കല്ലെറിയുമെന്നാണ് പോസ്റ്റില്‍ ചോദിക്കുന്നത്.

ഇതേ രംഗം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ സംവിധായകനായ പ്രിയദര്‍ശന്‍ കൃത്യമായ ഡീറ്റെയിലിങ് നല്‍കിയിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഭൂല്‍ ഭുലയ്യയ്യില്‍ ഗ്ലാസ് പൊട്ടുന്ന രംഗം കാണിക്കുമ്പോള്‍ ഫ്രെയിമില്‍ ഷിനേ അഹൂജയും അമീഷ പട്ടേലും മാത്രമേയുള്ളൂ. ശബ്ദം കേട്ട് വിദ്യാ ബാലന്‍ അവതരിപ്പിച്ച അവ്‌നി ഓടിയെത്തുന്നതായിട്ടാണ് കാണിക്കുന്നത്. ക്ലൈമാക്‌സില്‍ ഈ രംഗം ഫ്‌ളാഷ്ബാക്കായി പറയുമ്പോള്‍ കൃത്യമായി ഡീറ്റെയില്‍ ചെയ്തിട്ടുണ്ട്.

ഭൂല്‍ ഭുലയ്യ Photo: Screen grab/ T Series

ഇത് പ്രിയദര്‍ശന്റെ ബ്രില്യന്‍സാണെന്നും ഫാസിലിന് പറ്റിയ അബദ്ധം അദ്ദേഹം ആവര്‍ത്തിച്ചിട്ടില്ലെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. പോസ്റ്റിന് താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്. മണിച്ചിത്രത്താഴിലെ സെക്കന്‍ഡ് യൂണിറ്റ് ഡയറക്ടര്‍മാരിലൊരാള്‍ പ്രിയദര്‍ശനാണെന്ന് ഒരാള്‍ ചൂണ്ടിക്കാണിക്കുന്നു. മണിച്ചിത്രത്താഴിന്റെ ടൈറ്റിലില്‍ പ്രിയദര്‍ശന്റെ പേരുള്ള സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് കമന്റ്.

തമിഴിലും കന്നഡയിലും ഇതേ മിസ്റ്റേക്ക് ആവര്‍ത്തിച്ചിട്ടുണ്ടെന്നും അവര്‍ കൂടുതല്‍ കാര്യങ്ങള്‍ ആലോചിച്ച് തല പുണ്ണാക്കിയില്ലെന്നും കമന്റുകളുണ്ട്. മണിച്ചിത്രത്താഴിന്റെ അപ്‌ഗ്രേഡഡ് വേര്‍ഷനാണ് ഭൂല്‍ ഭുലയ്യയെന്നും ഒരുപാട് കാര്യങ്ങളില്‍ മലയാളത്തെക്കാള്‍ മികച്ചതാണ് ഹിന്ദി റീമേക്കെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ മലയാളികള്‍ ഈ വസ്തുത അംഗീകരിച്ച് തരില്ലെന്നും കമന്റിലുണ്ട്.

Content Highlight: Post about pointing the mistake in Manichithrathazhu movie viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം