മികച്ച സിനിമകളിലൂടെ മലയാളജനതയുടെ ജീവിതത്തിന്റെ ഭാഗമായ അഭിനേതാക്കളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പതിറ്റാണ്ടുകളോളം മലയാള സിനിമയുടെ അമരത്ത് തുടരുന്ന ഇരുവരും പകരം വെക്കാന്‍ കഴിയാത്ത സംഭാവനകളാണ് മലയാള സിനിമക്ക് നല്‍കിയിരിക്കുന്നത്. വില്ലനായും നായകനായും സിനിമയില്‍ പല വേഷങ്ങള്‍ പകര്‍ന്നാടിയ മലയാളത്തിലെ ബിഗ് എംസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പ്രൊഡക്ഷന്‍ ഹൗസിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്നത്.
നിലവില്‍ സ്വന്തമായി മലയാളത്തിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകളുള്ള ഇരുവരും ഒന്നിച്ച് കൈകോര്‍ത്തത് കാസിനോ എന്ന കമ്പനിക്ക് വേണ്ടിയായിരുന്നു. ഇരുവര്‍ക്കും പുറമെ ഐ.വി. ശശി, സീമ, സെഞ്ച്വറി കൊച്ചുമോഹന്‍ തുടങ്ങിയവരും പ്രൊഡക്ഷന്‍ ഹൗസിന്റെ ഭാഗമായിരുന്നു. 1980 കളില്‍ പുറത്തിറങ്ങിയ ചില ഹിറ്റ് ചിത്രങ്ങളും നിര്‍മിച്ച പ്രൊഡക്ഷന്‍ ഹൗസിനെക്കുറിച്ച് പലര്‍ക്കും അറിവില്ല.
മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളായ ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, അടിയൊഴുക്കുകള്‍, കരിമ്പിന്‍പൂവിന്നക്കരെ തുടങ്ങിയവയാണ് കാസിനോയുടെതായി പുറത്തുവന്നിരിക്കുന്നത്.
പി. പത്മരാജന്‍ തിരക്കഥയെഴുതി ഐ.വി.ശശി സംവിധാനം ചെയ്ത് മമ്മൂട്ടി, മോഹന്‍ലാല്‍, ഭരത് ഗോപി, സീമ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു കരിമ്പിന്‍പൂവിന്നക്കരെ. ഐ.വി.ശശിയുടെ സംവിധാനത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ ചിത്രം മലയാള സിനിമയുടെ ക്ലാസിക്കുകളിലൊന്നാണ്. മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ഗാന്ധിനഗര്‍ സെക്കന്‍ന്റ് സ്ട്രീറ്റാണ് കാസിനോ ഫിലിംസിന്റെ മറ്റൊരു പ്രൊഡക്ട്. ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാട് കാസിനോ ഫിലിംസുമായി ചേര്‍ന്ന് നിര്‍മിച്ച മറ്റൊരു ചിത്രമായിരുന്നു നാടോടിക്കാറ്റ്. കമ്പനിയുടെ ഏറ്റവും വലിയ ഹിറ്റും ഇതുതന്നെ.
കാസിനോ ഫിലിംസിന് അധികകാലം ഭാവിയുണ്ടായിരുന്നില്ലെങ്കിലും സമകാലിക മലയാള സിനിമയിലെ ഏറ്റവും വലിയ രണ്ട് പ്രൊഡക്ഷന്‍ ഹൗസുകളുടെ ഉടമകളാണ് ഇരുതാരങ്ങളും. കളങ്കാവലും നന്‍പകല്‍ നേരത്ത് മയക്കവുമടക്കം മികച്ച ചിത്രങ്ങള്‍ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനി മലയാള സിനിമക്ക് സമ്മാനിക്കുമ്പോള്‍ എമ്പുരാനും ദൃശ്യം 3യുമടക്കം വമ്പന്‍ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസിന്റെ സംഭാവന.
Content Highlight: Post about Mammootty and Mohanlal together owned Production House Casino Films
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.