സങ്കിയെ പറഞ്ഞ് മനസിലാക്കാന്‍ പറ്റില്ലല്ലോ, കേരള ക്രൈം ഫയല്‍സിനും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണുമെതിരെ പ്രതിഷേധമില്ലേ എന്ന പോസ്റ്റിന് ട്രോള്‍ മഴ
Malayalam Cinema
സങ്കിയെ പറഞ്ഞ് മനസിലാക്കാന്‍ പറ്റില്ലല്ലോ, കേരള ക്രൈം ഫയല്‍സിനും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണുമെതിരെ പ്രതിഷേധമില്ലേ എന്ന പോസ്റ്റിന് ട്രോള്‍ മഴ
അമര്‍നാഥ് എം.
Friday, 27th February 2026, 3:54 pm

കേരളത്തെയും മലയാളികളെയും ഒന്നടങ്കം അധിക്ഷേപിക്കുന്ന ബോളിവുഡ് പ്രൊപ്പഗണ്ട ചിത്രം കേരള സ്റ്റോറി 2വാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഇന്ന് റിലീസാകേണ്ട ചിത്രം ഹൈക്കോടതി ഇടപെട്ട് റിലീസ് തടഞ്ഞിരിക്കുകയാണ്. ചിത്രം ഒന്നുകൂടെ കാണണമെന്നാണ് സെന്‍സര്‍ ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടത്.

ചിത്രത്തിന്റെ ടീസര്‍ റിലീസായപ്പോള്‍ തന്നെ മലയാളത്തിലെ പല പേജുകളിലും പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ ഈ പ്രതിഷേധങ്ങളെ ഇരട്ടിയാക്കുന്നതായിരുന്നു കേരള സ്റ്റോറി 2ന്റെ ട്രെയ്‌ലര്‍. ഹിന്ദു പെണ്‍കുട്ടിയെ കേരളത്തിലെ മുസ്‌ലിങ്ങള്‍ നിര്‍ബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം മലയാളികളെ ഒന്നടങ്കം ചൊടിപ്പിച്ചു. ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തെത്തിയിരുന്നു.

കേരള സ്റ്റോറി 2 Photo: Rashmi Sanil/ Facebook, IMDB

ഇപ്പോഴിതാ കേരള സ്‌റ്റോറിക്കെതിരായുള്ള പ്രതിഷേധങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചാവിഷയം. കേരള ക്രൈം ഫയല്‍സ് എന്ന സീരീസ് ഇറങ്ങിയപ്പോള്‍ കേരളത്തെ അപമാനിച്ചു എന്ന് പ്രബുദ്ധര്‍ക്ക് തോന്നാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചാണ് പോസ്റ്റ് ആരംഭിക്കുന്നത്. രശ്മി സനില്‍ എന്ന ഐ.ഡിയാണ് പോസ്റ്റ് പങ്കുവെച്ചത്.

ന്യൂഡെല്‍ഹി എന്ന ചിത്രം പണ്ട് റിലീസായത് നന്നായെന്നും ഇന്നായിരുന്നെങ്കില്‍ ദല്‍ഹിയിലുള്ളവരെ അപമാനിച്ചേനെയെന്നും രശ്മി പറയുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെന്ന സിനിമയെ സപ്പോര്‍ട്ട് ചെയ്തവരാണ് കേരള സ്‌റ്റോറിയെ എതിര്‍ക്കുന്നതെന്നും പോസ്റ്റിലുണ്ട്. 22 ഫീമെയില്‍ കോട്ടയം, അങ്കമാലി ഡയറീസ്, ട്രിവാന്‍ഡ്രം ലോഡ്ജ്, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ റിലീസായപ്പോള്‍ ആ സ്ഥലത്തെ അപമാനിച്ചെന്ന് പറഞ്ഞ് എസ്.എഫ്.ഐ പോലുള്ള സംഘടനകള്‍ ഫെസ്റ്റ് വെക്കാത്തത് ഭാഗ്യമെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിച്ചത്.

എന്നാല്‍ പോസ്റ്റിന് താഴെ രശ്മിയെ വിമര്‍ശിച്ചുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും. കാര്യം പറഞ്ഞ് മനസിലാക്കണമെന്നുണ്ടെന്നും എന്നാല്‍ സങ്കിയെ പറഞ്ഞ് മനസിലാക്കുന്നതിലും എളുപ്പം മങ്കിയെ പഠിപ്പിച്ചു ഡോക്ടര്‍ ആക്കുന്നതാണെന്ന് ഒരാള്‍ കമന്റ് പങ്കുവെച്ചു. സങ്കികളുടെ ബുദ്ധി ഇത്രയേയുള്ളുവെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നുണ്ട്.

‘കുട്ടനാടന്‍ മാര്‍പ്പാപ്പ, കുമ്പളങ്ങി നൈറ്റ്‌സ്, തൃശൂര്‍ പൂരം, കൊച്ചി രാജാവ്, കാസര്‍ഗോഡ് കാദര്‍ഭായി, മുംബൈ പൊലീസ്, ദല്‍ഹി ക്രൈംസ് എന്നീ സിനിമകളും ചേര്‍ക്കാമായിരുന്നു’, ‘അങ്കമാലി ഡയറീസ് അവിടുത്തെ കഥയാണ് കാണിക്കുന്നത്. ദല്‍ഹിയില്‍ നടക്കുന്ന കഥയാണ് ന്യൂദല്‍ഹി സിനിമയിലുള്ളത്. കേരള സ്റ്റോറി എന്ന് പേരിട്ടിട്ട് വേറൊരു നാട്ടിലെ കഥ കാണിക്കുമ്പോള്‍ സങ്കികളല്ലാത്തവര്‍ പ്രതികരിക്കും’ എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.

Kerala Story 2 gets stay from HC; Censor Board to watch the film again

എമ്പുരാന്‍, ഹാല്‍, ജന നായകന്‍ തുടങ്ങിയ സിനിമകളില്‍ മാറ്റം വരുത്താന്‍ സെന്‍സര്‍ ബോര്‍ഡ് മുന്നിട്ടിറങ്ങിയതും കേരള സ്‌റ്റോറിക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലെയും ഇരട്ടത്താപ്പും ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്. കേരള സ്‌റ്റോറി പോലുള്ള പ്രൊപ്പഗണ്ട സിനിമകളെ സപ്പോര്‍ട്ട് ചെയ്യുന്ന ഇത്തരം ആളുകളെ ശ്രദ്ധിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

Content Highlight: Post about Kerala Story 2 getting criticisms in Facebook

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം