20 വര്‍ഷത്തോളം കോളേജ് വിദ്യാര്‍ത്ഥിയായി അഭിനയിച്ച നടന്‍, മലയാളത്തിന്റെ സ്വന്തം കോളേജ് സ്റ്റാര്‍, സുധീഷിനെക്കുറിച്ചുള്ള പോസ്റ്റ് വൈറല്‍
Malayalam Cinema
20 വര്‍ഷത്തോളം കോളേജ് വിദ്യാര്‍ത്ഥിയായി അഭിനയിച്ച നടന്‍, മലയാളത്തിന്റെ സ്വന്തം കോളേജ് സ്റ്റാര്‍, സുധീഷിനെക്കുറിച്ചുള്ള പോസ്റ്റ് വൈറല്‍
അമര്‍നാഥ് എം.
Saturday, 7th March 2026, 10:04 pm

ഒരു നടന്‍ ഏതെങ്കിലുമൊരു വേഷത്തില്‍ ശ്രദ്ധിക്കപ്പെട്ടാല്‍ അയാളെ പിന്നീട് അത്തരം കഥാപാത്രങ്ങളില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നത് ഇന്‍ഡസ്ട്രിയിലെ സ്ഥിരം കാഴ്ചയാണ്. പല നടന്മാരും ഇത്തരത്തില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടുകൂടി ഇത്തരം ടൈപ്പ്കാസ്റ്റുകള്‍ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

അത്തരത്തില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ട നടന്മാരിലൊരാളാണ് സുധീഷ്. ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന സുധീഷ് പിന്നീട് നായകനായും സഹനടനായുമെല്ലാം കഴിവ് തെളിയിച്ചു. 2018ന് ശേഷം തന്റെ ശൈലി മാറ്റിപ്പിടിച്ച സുധീഷിനെയാണ് സിനിമാപ്രേമികള്‍ കണ്ടത്. ക്യാരക്ടര്‍ റോളുകളിലേക്ക് ഇപ്പോള്‍ ട്രാക്ക് മാറ്റിയ സുധീഷ് ഒരുകാലത്ത് മലയാളത്തിലെ ആസ്ഥാന കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു.

സുധീഷിന്റെ കരിയറിനെക്കുറിച്ച് ഷാനു എന്ന ഐ.ഡി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ച. 20 വര്‍ഷത്തെ ഗ്യാപ്പില്‍ സുധീഷ് അഭിനയിച്ച കോളേജ് സ്റ്റുഡന്റിന്റെ വേഷങ്ങളെക്കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്. മണിച്ചിത്രത്താഴിലാണ് സുധീഷ് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥിയായി അഭിനയിച്ചത്. കോളേജിലെ രംഗങ്ങള്‍ കാണിക്കുന്നില്ലെങ്കിലും ബി.എയ്ക്കാണ് പഠിക്കുന്നതെന്ന് സുധീഷ് അവതരിപ്പിച്ച ചന്തു എന്ന കഥാപാത്രം പറയുന്നത്.

ഒന്നും രണ്ടുമല്ല, ഇരുപത് വര്‍ഷത്തോളമായിരുന്നു സുധീഷ് കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷം ചെയ്തത്. അനിയത്തിപ്രാവിലൂടെയാണ് സുധീഷിന്റെ കോളേജ് വിദ്യാര്‍ത്ഥി റോള്‍ ചര്‍ച്ചയാകുന്നത്. 1997ല്‍ റിലീസായ ചിത്രത്തില്‍ നായകന്റെ കൂട്ടുകാരനായ രാധാമാധവന്‍ എന്ന കഥാപാത്രത്തെയാണ് സുധീഷ് അവതരിപ്പിച്ചത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സിലും കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷം തന്നെയായിരുന്നു സുധീഷിന്.

199ല്‍ റിലീസായ ഉദയപുരം സുല്‍ത്താനിലും താരം കോളേജ് വിദ്യാര്‍ത്ഥിയായി വേഷമിട്ടു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്ന വേഷം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായിരുന്നു. 2002ല്‍ റിലീസായ കൈയെത്തും ദൂരത്ത്, 2005ല്‍ റിലീസായ ഫൈവ് ഫിംഗേഴ്‌സ് എന്നിങ്ങനെ പല സിനിമകളിലും സുധീഷ് കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷമാണ് കൈകാര്യം ചെയ്തത്.

2009ല്‍ പൃഥ്വിരാജ് നായകനായ പുതിയ മുഖത്തിലാണ് സുധീഷ് അവസാനമായി കോളേജ് സ്റ്റുഡന്റായി പ്രത്യക്ഷപ്പെട്ടത്. പുതിയ മുഖത്തിന് ശേഷം സുധീഷ് പിന്നീട് കോളേജ് വിദ്യാര്‍ത്ഥിയായിട്ടില്ല. 2020ന് ശേഷം അദ്ദേഹം തന്റെ ട്രാക്ക് മാറ്റുകയും ചെയ്തു. ടൊവിനോ നായകനായ തീവണ്ടിയില്‍ സുധീഷിന്റെ അമ്മാവന്‍ വേഷം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

അഞ്ചാം പാതിര, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, ലളിതം സുന്ദരം, 2018, അജയന്റെ രണ്ടാം മോഷണം എന്നീ സിനിമകളില്‍ ഒന്നിനൊന്ന് വ്യത്യസ്തമായ വേഷങ്ങളായിരുന്നു സുധീഷ് അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം റിലീസായ ധീരനിലും ഷോ സ്റ്റീലര്‍ സുധീഷ് തന്നെയായിരുന്നു. ഒരുകാലത്ത് കോളേജ് സ്റ്റാറായി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടിരുന്ന സുധീഷിന്റെ ഈ ട്രാക്ക് മാറ്റം ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചിരിക്കുകയാണ്.

Content Highlight: Post about actor Sudheesh’s career viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം