ചന്ദ്രബാബു നായിഡുവിനേയും പവന്‍ കല്യാണിനെയും വിമര്‍ശിച്ചു; ആന്ധ്രയില്‍ നടന്‍ അറസ്റ്റില്‍
national news
ചന്ദ്രബാബു നായിഡുവിനേയും പവന്‍ കല്യാണിനെയും വിമര്‍ശിച്ചു; ആന്ധ്രയില്‍ നടന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th February 2025, 8:42 am

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനേയും ഉപമുഖ്യമന്ത്രി പവന്‍ കല്യാണിനെയും വിമര്‍ശിച്ച നടന്‍ പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍.

ഇന്നലെ (ബുധന്‍) രാത്രി ഹൈദരാബാദിലെ വീട്ടില്‍ നിന്നാണ് നടനെ കസ്റ്റഡിയിലെടുത്തത്. സാംബേപ്പള്ളി പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്.

നടനും തിരക്കഥാകൃത്തും തിയേറ്റര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായ പോസാനി കൃഷ്ണ വൈ.എസ്.ആര്‍ അനുഭാവിയാണ്.

നടനെ രാജംപേട്ടിലെ അഡീഷണല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നാണ് വിവരം. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് നടനെതിരെ കേസെടുത്തത്. ബി.എന്‍.എസ് നിയമത്തിലെ സെക്ഷന്‍ 196, 353 (2), 111 r/w 3(5) എന്നിവ പ്രകാരമാണ് നടനെതിരായ കേസ്.

ഒരു പ്രത്യേക സമുദായത്തിനെതിരെ അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇത് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കിയെന്നുമാണ് കേസ്. 2024 നവംബറിലാണ് പോസാനി കൃഷ്ണക്കെതിരെ കേസെടുത്തത്.

Content Highlight: Posani Krishna Murali arrested in Hyderabad