2026 ഫിഫ ലോകകപ്പിന് വലിയ ആവേശത്തോടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്നത്. ഈ കാത്തിരിപ്പ് അവസാനിക്കാന്‍ ഒമ്പത് ദിവസങ്ങളുടെ ദൂരം മാത്രമാണുള്ളത്. ജൂണ്‍ 11ന് ലോകകമെമ്പാടുമുള്ള കാല്‍പന്ത് പ്രേമികളെ ആവേശത്തിലാക്കി വിശ്വവേദിയില്‍ പന്തുരുളും.
ലോകകപ്പ് തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആര് ജേതാക്കളാവുമെന്ന ആകാംക്ഷ ഏവരിലുമുണ്ട്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന കിരീടം നിലനിര്‍ത്തുമെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. മറുവശത്ത് ഏറ്റവും കൂടുതല്‍ തവണ കപ്പുയര്‍ത്തിയ ബ്രസീല്‍ തന്നെ ഇത്തവണ ചാമ്പ്യന്മാരാകുമെന്ന് ഒരു കൂട്ടരുടെ പ്രതീക്ഷ.
പോര്‍ച്ചുഗലിന് ആദ്യ കിരീടം പ്രവചിക്കുന്നവരും കുറവല്ല. ഇതിനെല്ലാം പുറമെ ലോകകപ്പിന് പുതിയ അവകാശികളെ പറയുന്നവരുമുണ്ട്. വാദ പ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.
പോർച്ചുഗൽ ടീം.
ക്ലബ്ബ് ഫുട്‌ബോളിലെ ചില സംഭവ വികാസങ്ങളാണ് റോണോ ആരാധകരെ ആവേശത്തിലാക്കുന്നത്. 2016ലാണ് പോര്‍ച്ചുഗല്‍ തങ്ങളുടെ ഏക യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്നത്. ആ വര്‍ഷം നടന്നതിന് സമാനമായ സംഭവങ്ങള്‍ ഈ വര്‍ഷവും ഫുട്‌ബോളില്‍ സംഭവിച്ചിട്ടുണ്ട്. അതാണ് പോര്‍ച്ചുഗല്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
2016ല്‍ അന്നത്തെ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായ മാനുവല്‍ പെല്ലെഗ്രിനി സ്ഥാനമൊഴിഞ്ഞിരുന്നു. ഇപ്പോള്‍ പെപ് ഗ്വാര്‍ഡിയോളയും ടീം വിട്ടിരിക്കുന്നു. അതുപോലെ സിറ്റിയുടെ വനിത ടീം ആ വര്‍ഷം വനിത സൂപ്പര്‍ ലീഗ് (ഡബ്ല്യു. എസ്.എല്‍) കിരീടമുയര്‍ത്തിയിരുന്നു. ഇത്തവണയും സിറ്റി വനിതാ ടീമാണ് ജേതാക്കള്‍.
ഇതുമാത്രമല്ല, മറ്റ് രണ്ട് സാമ്യതകള്‍ കൂടിയുണ്ട്. 2016ല്‍ ക്രിസ്റ്റല്‍ പാലസ് എഫ്.എ കപ്പ് ഫൈനലില്‍ ഒരു ഗോള്‍ നേടിയിരുന്നു. അന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മുന്നില്‍ തോല്‍വി വഴങ്ങിയിരുന്നു. ഇത്തവണ ദി ഈഗിള്‍സ് യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് ഫൈനലിലും ഒരു ഗോളടിച്ചിട്ടുണ്ട്.
കൂടാതെ ഈ രണ്ട് വര്‍ഷങ്ങളിലും ഇംഗ്ലണ്ടിലെ യോര്‍ക്ക്‌ഷെയറില്‍ ആസ്ഥാനമാക്കിയുള്ള ഹള്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനകയറ്റം ലഭിച്ചിരുന്നു. ഇവയെല്ലാം ഒത്തുചേര്‍ന്ന വര്‍ഷം പോര്‍ച്ചുഗല്‍ പ്രധാനപ്പെട്ടൊരു കിരീടം തങ്ങളുടെ ഷെല്‍ഫിലെത്തിച്ചു. പിന്നീട് ഒരിക്കലും പറങ്കിപ്പടയ്ക്ക്
യൂറോ കപ്പ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.
ഇവയെല്ലാം വെറും സാമ്യതകളാണെങ്കിലും പോര്‍ച്ചുഗല്‍ കിരീടം ഉയര്‍ത്തുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെ – യിലാണ്. ജൂണ്‍ 17ന് ഡി.ആര്‍ കോംഗോക്കെതിരെയാണ് റോണോ യുടെ ടീമിന്റെ ആദ്യ മത്സരം.
Content Highlight: Portugal has won Euro Cup in 2016 and Cristiano Ronaldo fans manifesting World Cup win as similar incidents of that year has happened in 2026