റോം: വെനസ്വേലയിലെ സ്ഥിതിഗതികളില്‍ ആശങ്ക അറിയിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വെനസ്വേല സ്വതന്ത്ര രാജ്യമായി തുടരണമെന്നും രാജ്യത്തിന്റെ പരമാധികാരം ഉറപ്പാക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.
ഇന്ന് (ഞായര്‍) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടന്ന പ്രാര്‍ത്ഥനക്കിടെ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിയുടെയും സമാധാനത്തിന്റെയും പാതയിലേക്ക് കടക്കാന്‍ അധികം വൈകരുതെന്നും ജനങ്ങളുടെ നന്മക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞു.
വെനസ്വേലന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മനുഷ്യാവകാശങ്ങളെയും നിയമവാഴ്ചയെയും അമേരിക്ക മാനിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.
‘വെനസ്വേലന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നിയമവാഴ്ച ഉറപ്പാക്കേണ്ടതുണ്ട്. ഓരോ വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും നാം ബഹുമാനിക്കണം. സഹകരണത്തിന്റെയും സ്ഥിരതയുടെയും സമാധാനപരമായ ഭാവി കെട്ടിപ്പടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക,’ ലിയോ പതിനാലാമന്‍ പറഞ്ഞു.
അമേരിക്കക്കാരനായ ആദ്യ മാര്‍പാപ്പയാണ് ലിയോ പതിനാലാമന്‍. ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈല്‍ യുദ്ധത്തില്‍ ഉള്‍പ്പെടെ അദ്ദേഹം തന്റെ നിലപാടുകള്‍ ഒന്നിലധികം തവണ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ അദ്ദേഹത്തിന്റെ പ്രതികരണം അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള നിര്‍ണായകമായ അഭിപ്രായ പ്രകടനമാണ്. വെനസ്വേലന്‍ വിഷയത്തില്‍ 2025 ഡിസംബറിലും മാര്‍പാപ്പ പ്രതികരിച്ചു.
സൈനിക ബലപ്രയോഗം നടത്തി യു.എസ് മഡുറോയെ പുറത്താക്കരുതെന്നായിരുന്നു മാര്‍പാപ്പയുടെ നിര്‍ദേശം.
നിലവില്‍ യു.എസ് സേന അറസ്റ്റ് ചെയ്ത് ന്യൂയോര്‍ക്കില്‍ എത്തിച്ച വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കും പ്രഥമ വനിത സീലിയ ഫ്ലോറൻസിനുമെതിരെ നാര്‍ക്കോ-ടെററിസം ഗൂഢാലോചന കുറ്റം ചുമത്തി യു.എസ് നീതിന്യായ വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു.
വെനസ്വേലയിലെ അധികാര കൈമാറ്റത്തില്‍ യു.എസ് നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മാര്‍-എ-ലാഗോയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
അതുവരെ മഡുറോയെ യു.എസ് ഓടിക്കുമെന്നും വെനസ്വേലയുടെ പ്രവര്‍ത്തനം അമേരിക്കയുടെ നിയന്ത്രണത്തില്‍ ആയിരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
വെനസ്വേലക്കെതിരായ നടപടി അമേരിക്കയെ അപകടത്തിലാക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും പാഠമായിരിക്കണമെന്നും ട്രംപ് പറഞ്ഞു.
Content Highlight: Pope said US must respect the rule of law envisioned by the Venezuelan constitution