ഇസ്രഈല്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച; ദ്വിരാഷ്ട്ര പരിഹാരം ഉന്നയിച്ച് മാര്‍പാപ്പ
Trending
ഇസ്രഈല്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച; ദ്വിരാഷ്ട്ര പരിഹാരം ഉന്നയിച്ച് മാര്‍പാപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th September 2025, 7:55 pm

വത്തിക്കാന്‍: ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെസോഗുമായുള്ള കൂടിക്കാഴ്ചയില്‍ ദ്വിരാഷ്ട്ര പരിഹാരം ഉന്നയിച്ച് പോപ്പ് ലിയോ. ഫലസ്തീന്‍ മേഖലകളില്‍ സ്ഥിരമായ വെടിനിര്‍ത്തലിനും മാര്‍പാപ്പ ആഹ്വാനം ചെയ്തു. വ്യാഴാഴ്ചയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. ദ്വിരാഷ്ട്ര പരിഹാരത്തിന് വത്തിക്കാന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ദുരന്തമേഖലയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് ബഹുമാനം നല്‍കുന്നതിനുമുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കണമെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ തനിക്ക് ലഭിച്ച സ്വീകരണത്തില്‍ ഹെര്‍സോഗ് വത്തിക്കാന് നന്ദി അറിയിക്കുകയും ചെയ്തു. മുഴുവന്‍ മേഖലയുടെയും മികച്ച ഭാവിക്കായി ബന്ദികളെ മോചിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതില്‍ മതനേതാക്കളും പണ്ഡിതരും ഒരുമിച്ച് നില്‍ക്കണമെന്നും ഹെര്‍സോഗ് ആവശ്യപ്പെട്ടു.

ഇതിനുപിന്നാലെ മെഡിറേനിയന്‍ യൂത്ത് കൗണ്‍സില്‍ അംഗങ്ങളെ ലിയോ പതിനാലാമന്‍ പ്രത്യാശയുടെ അടയാളങ്ങളാകാന്‍ ക്ഷണിക്കുകയും ചെയ്തു. വ്യത്യാസങ്ങള്‍ സംഘര്‍ഷത്തിനുള്ള പ്രേരണയല്ലെന്ന് പറഞ്ഞ മാര്‍പാപ്പ, സംഘര്‍ഷ മേഖലയിലെ സിവില്‍ അധികൃതരുമായുള്ള സംഭാഷണത്തിന് മുന്‍കൈ എടുക്കണമെന്ന് പറഞ്ഞു.

തകര്‍ന്ന നഗരങ്ങള്‍ പുനര്‍നിര്‍മിക്കാനും മാനസികമായി തളര്‍ന്നവര്‍ക്ക് ധൈര്യം പകരാനും കൗണ്‍സില്‍ അംഗങ്ങള്‍ക്ക് മാര്‍പാപ്പ നിര്‍ദേശം നല്‍കി. ഇതിനുമുമ്പും പോപ്പ് ലിയോ ഫലസ്തീന്‍-ഇസ്രഈല്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

യുദ്ധ മൃഗീയത ഉടന്‍ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയായിരുന്നു. കൂട്ട ശിക്ഷകള്‍ നിരോധിക്കാനും ബലപ്രയോഗവും ജനങ്ങളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നതും തടയണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഇസ്രഈലി ആക്രമണത്തില്‍ കാത്തോലിക് പള്ളിയില്‍ അഭയം തേടിയ ആളുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു മാര്‍പ്പാപ്പ ആക്രമണം അവസാനിപ്പിക്കാനും വെടിനിര്‍ത്തലിനും ആഹ്വാനം ചെയ്തത്.

അടുത്തിടെ സമയം അതിക്രമിക്കുന്നതിന് മുമ്പ് ലിയോ മാര്‍പാപ്പ ഗസ സന്ദര്‍ശിക്കണമെന്ന് അമേരിക്കന്‍ പോപ്പ് ഗായിക മഡോണ ആവശ്യപ്പെട്ടിരുന്നു. മാര്‍പാപ്പ ഗസ സന്ദര്‍ശിക്കണമെന്നും അവിടുത്ത കുട്ടികള്‍ക്ക് വെളിച്ചം നല്‍കണമെന്നുമാണ് മഡോണ ആവശ്യപ്പെട്ടത്.

ഗസയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരേയൊരു വ്യക്തി മാര്‍പാപ്പ യാണെന്നും മഡോണ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Pope raises ‘tragic situation in Gaza’ in meeting with Israeli president