റോം: കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിയന്തര സാഹചര്യം ലോകം തിരിച്ചറിയണമെന്നും ദരിദ്രരുടെ നിലവിളി കേൾക്കണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ. ബുധനാഴ്ച്ച വത്തിക്കാനിലെ കാസ്റ്റൽ ഗാൻഡോൾഫോയിലെ പേപ്പൽ സമ്മർ എസ്റ്റേറ്റിലെ പുതിയ പാരിസ്ഥിതിക പഠനകേന്ദ്രത്തിലെ പൂന്തോട്ടത്തിൽ നടന്ന കുർബാനയിലാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.
നമ്മുടെ പൊതുഭവനത്തെ പരിപാലിക്കേണ്ടതിന്റെ അടിയന്തര സാഹചര്യം ഇപ്പോഴും തിരിച്ചറിയാത്ത, സഭയ്ക്കകത്തും പുറത്തുമുള്ള നിരവധി ആളുകളുടെ മാനസാന്തരത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. മിക്കവാറും എല്ലാ ദിവസവും ലോകത്തിന്റെ നാനാ ഭാഗത്ത് വ്യത്യസ്തങ്ങളായ പ്രകൃതി ദുരന്തങ്ങൾ നാം കാണുന്നുണ്ടെന്നും അവ ഭാഗികമായി നമ്മുടെ ജീവിതശൈലിയിലെ അത്യാഗ്രഹം മൂലമാണ് സംഭവിക്കുന്നതെന്നും മാർപാപ്പ പറയുകയുണ്ടായി.
ഫ്രാൻസിസ് മാർപാപ്പയുടെ എൻവിയോൺമെന്റൽ ലെഗസിയെ ഉദ്ധരിച്ചാണ് ലിയോ പതിനാലാമൻ മാർപാപ്പ ഇക്കാര്യം പറഞ്ഞത്. സമ്പന്ന രാജ്യങ്ങളും ബഹുരാഷ്ട്ര കോർപ്പറേഷനുകളും ഭൂമിയെയും അതിലെ ഏറ്റവും ദുർബലരായ ജനങ്ങളെയും ലാഭത്തിനുവേണ്ടി ചൂഷണം ചെയ്തതിനെ വിമർശിച്ച ആദ്യത്തെ മാർപാപ്പയായിരുന്നു ഫ്രാൻസിസ്. അദ്ദേഹത്തിന്റെ 2015 ലെ പരിസ്ഥിതി ചാക്രികലേഖനമായ പ്രൈസ്ഡ് ബി (ലാറ്റിനിൽ ലൗഡാറ്റോ സി) ന്റെ പേരിലാണ് പോപ്പ് ലിയോ പേപ്പൽ സമ്മർ എസ്റ്റേറ്റിലെ 50 ഓളം ജീവനക്കാർക്കായി ദിവ്യബലി അർപ്പിച്ചത്.