സംവാദങ്ങളിലൂടേയും സമവായത്തിലൂടേയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം; തീവ്ര ദേശീയതക്കെതിരെ ലിയോ മാര്‍പാപ്പ
World News
സംവാദങ്ങളിലൂടേയും സമവായത്തിലൂടേയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം; തീവ്ര ദേശീയതക്കെതിരെ ലിയോ മാര്‍പാപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th June 2025, 8:07 am

വത്തിക്കാന്‍ സിറ്റി: തീവ്ര ദേശീയതക്കെതിരെ വിമര്‍ശനവുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. സംവാദങ്ങളിലൂടേയും സമവായത്തിലൂടേയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് തീവ്ര ദേശീയതയിലൂന്നിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിമര്‍ശിച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്‌നേഹമുള്ളിടത്ത് മുന്‍വിധികളില്ല. നമ്മുടെ അയല്‍ക്കാരില്‍ നിന്ന് നമ്മളെ വേര്‍തിരിക്കുന്ന സുരക്ഷ മേഖലകളുടെ ചിന്തകള്‍ നമ്മുടെ രാഷ്ട്രീയ ദേശീയതകളില്‍ ഉയര്‍ന്ന് വരുന്നതായി ഇപ്പോള്‍ കാണുന്നു,’ മാര്‍പാപ്പ പറഞ്ഞു.

ഒരു രാജ്യത്തേയോ ഒരു പ്രത്യേക നേതാവിനെയോ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആദ്യം നമ്മുടെ ഹൃദയങ്ങളില്‍ സമാധാനം ഉണ്ടാകട്ടെ. കാരണം നമ്മുടെ ഹൃദയങ്ങളില്‍ സമാധാനം ഉണ്ടെങ്കില്‍ മാത്രമെ കുടുംബത്തിലും സമൂഹത്തിലും അന്താരാഷ്ട്ര ബന്ധങ്ങളിലും സമാധാനം വ്യാപിപ്പിക്കാന്‍ കഴിയൂ എന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

നാമെല്ലാവരും ബന്ധപ്പെട്ട് കിടക്കുന്നു, പക്ഷെ പരസ്പരം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു, നിസംഗതയാല്‍ തകര്‍ന്നിരിക്കുന്നു, ഏകാന്തയാല്‍ വലയുന്നു എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാചകത്തേയും അദ്ദേഹം സംസാരത്തിനിടെ അനുസ്മരിച്ചു.

ലോകത്ത് അക്രമം നടക്കുന്ന എല്ലായിടത്തും സമാധാനം പുലരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്ത് നടക്കുന്ന യുദ്ധങ്ങളെ അപലപിച്ച മാര്‍പാപ്പ ഉക്രൈനിലെ സമാധാനത്തിനും ഗസയിലെ വെടിനിര്‍ത്തലിനായും പ്രാര്‍ത്ഥിച്ചു.

തന്റെ സ്ഥാനാരോഹണ സമയത്ത് ആദ്യമായി വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴും ഗസയിലേയും ഉക്രൈനിലേയും സമാധാനത്തിനായി അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നു.

സമാധാനത്തിന്റെ സന്ദേശം ലോകം മുഴുവന്‍ പരക്കട്ടെയെന്നും തനിക്ക് പ്രിയപ്പെട്ട ഉക്രൈനിലും ഇസ്രഈല്‍-ഗസയിലും സമാധാനം പുലരട്ടെയെന്നുമാണ് അദ്ദേഹം ആശംസിച്ചത്. യുദ്ധഭൂമിയില്‍ നിന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വീടുകളിലേക്ക് തിരിച്ച് പോവാന്‍ കഴിയട്ടെയെന്നും ബന്ദികളാക്കപ്പെട്ടവര്‍ക്ക് മോചനം ലഭിക്കട്ടെയെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ സന്തോഷമുണ്ടെന്നും അന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

Content Highlight: Pope Leo XIV criticize political extremism