മതനേതാക്കളില്‍ നിന്ന് വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാവരുത്; വിഭജനമോ വിഭാഗീയതയോ വിതയ്ക്കരുത്: മാര്‍പ്പാപ്പ
World
മതനേതാക്കളില്‍ നിന്ന് വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാവരുത്; വിഭജനമോ വിഭാഗീയതയോ വിതയ്ക്കരുത്: മാര്‍പ്പാപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th September 2021, 9:47 am

ഹംഗറി: മതനേതാക്കളുടെ നാവുകളില്‍ നിന്ന് വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാവരുതെന്ന് ക്രൈസ്തവ സമൂഹത്തോട് മാര്‍പ്പാപ്പ. ദൈവം ആഗ്രഹിക്കുന്നത് സൗഹാര്‍ദ്ദതയാണെന്നും സംഘര്‍ഷങ്ങള്‍ നിറഞ്ഞ ലോകത്ത് സമാധാനപക്ഷത്ത് നില്‍ക്കണമെന്നും മാര്‍പ്പാപ്പ ഹംഗറിയിലെ വിശ്വാസികളെ അഭിസംബോധന ചെയ്ത് പറഞ്ഞു.

നാല് ദിവസത്തെ മധ്യയൂറോപ്യന്‍ പര്യടനത്തിലായിരുന്നു അദ്ദേഹം. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചികിത്സയിലായ മാര്‍പ്പാപ്പ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന ആദ്യ വിദേശപര്യടനമായിരുന്നു ഇത്.

മതനേതാക്കള്‍ വിഭജനമോ വിഭാഗീയയോ വിതയ്ക്കരുത്. വ്യക്തികളുടേയും സമൂഹത്തിന്റെയും സൗഹാര്‍ദ്ദതയാണ് ദൈവം എപ്പോഴും ആഗ്രഹിക്കുന്നത്.

ഒട്ടേറെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ കാലഘട്ടത്തിലൂടേയാണ് നമ്മള്‍ കടന്നുപോകുന്നത്. ഇപ്പോള്‍ മതനേതാക്കളടക്കം സമാധാനത്തിന്റെ പക്ഷത്താണ് നില്‍ക്കേണ്ടത്.

അപരന്റെ പേര് പറഞ്ഞല്ല നാം സംഘടിക്കേണ്ടത് മറിച്ച് ദൈവത്തിന്റെ പേരിലാണ് നാം സംഘടിക്കേണ്ടത്. ഏതൊരു രാജ്യത്തേയും ന്യൂനപക്ഷത്തിന്റെ സംരക്ഷണം അവിടുത്തെ ഭൂരിപക്ഷത്തിന്റെ കൈകളിലാണെന്നും ന്യൂനപക്ഷങ്ങളോട് അങ്ങേയറ്റം തുറന്ന മനസോടെ പെരുമാറണമെന്നും മാര്‍പ്പാപ്പ പറഞ്ഞു.

ഇന്നും ജൂതവിരുദ്ധതയുടെ അംശങ്ങള്‍ യൂറോപ്പിലെ പല രാജ്യങ്ങളിലും നിലനില്‍ക്കുന്നെന്നും അത് ഇന്നൊരു കനലാണെങ്കില്‍ നാളെ ഒരു അഗ്നിയായി പടരാന്‍ നമ്മള്‍ അനുവദിക്കരുതെന്നും സമാധാനത്തിന്റെ ജലം കൊണ്ട് ആ കനലുകളെ അണയ്ക്കണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. ഏഴ് മണിക്കൂറാണ് മാര്‍പ്പാപ്പ ഹംഗറിയില്‍ തങ്ങിയത്.

75 ശതമാനം ക്രിസ്ത്യന്‍ ജനസംഖ്യയുള്ള ഹംഗറിയിലെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ പല നിലപാടുകള്‍ക്കെതിരെയും നേരത്തേയും മാര്‍പ്പാപ്പ രംഗത്തെത്തിയിരുന്നു. ഭൂരിപക്ഷ ക്രൈസ്തവ വാദിയായ വിക്ടര്‍ ഓര്‍ബിന്റെ കുടിയേറ്റ വിരുദ്ധ നിലപാടിലടക്കം മാര്‍പ്പാപ്പയ്ക്ക് എതിര്‍പ്പുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ക്രൈസ്തവ സമൂഹത്തെ തകര്‍ക്കാന്‍ നോക്കുന്ന ആളാണ് പോപ്പ് എന്ന തരത്തിലുള്ള ആരോപണങ്ങളടക്കം വിക്ടര്‍ ഓര്‍ബിനുമായി ബന്ധപ്പെട്ട ചില മാധ്യമങ്ങള്‍ എഴുതിയിരുന്നു. ഹംഗറിയിലെത്തിയ മാര്‍പ്പാപ്പ 40 മിനുട്ട് നേരമാണ് വിക്ടര്‍ ഓര്‍ബിനുമായി സംസാരിച്ചത്. ഇതിന് പിന്നാലെയാണ് മാര്‍പ്പാപ്പ ക്രൈസ്തവ സമൂഹത്തെ അഭിസംബോധന ചെയ്ത് ദീര്‍ഘമായ പ്രസംഗം നടത്തിയത്.

കേരളത്തില്‍ നാര്‍ക്കോട്ട് ജിഹാദ് നടക്കുന്നുണ്ടെന്ന പാല ബിഷപ്പിന്റെ പ്രസ്താവന വിവാദമായിരിക്കെ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഈ വാക്കുകള്‍ വിശ്വാസ സമൂഹത്തില്‍ ചര്‍ച്ചയായേക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pope Francis speech on Hungary