ഫ്രാൻസിസ് മാർപ്പാപ്പ അന്തരിച്ചു
World News
ഫ്രാൻസിസ് മാർപ്പാപ്പ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st April 2025, 1:36 pm

റോം: ഫ്രാൻസിസ് മാര്‍പാപ്പ (88) അന്തരിച്ചു. വത്തിക്കാനിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയിയിലൂടെ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍ ആണ് മാര്‍പാപ്പയുടെ മരണവിവരം അറിയിച്ചത്.

‘പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മുടെ പരിശുദ്ധ പിതാവായ ഫ്രാന്‍സിസിന്റെ മരണം അഗാധമായ ദുഃഖത്തോടെ ഞാന്‍ അറിയിക്കുന്നു,’ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസങ്ങളായി മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ആരോഗ്യനില തൃപ്തികരമായതോടെ അടുത്തിടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്.

കത്തോലിക്കാ സഭയുടെ 266ാം മാര്‍പാപ്പയിരുന്നു അദ്ദേഹം. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ കൂടിയായിരുന്നു പോപ്പ് ഫ്രാന്‍സിസ്. 2013ലാണ് അദ്ദേഹം പോപ്പ് പദവിയിലെത്തിയത്.

ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോ എന്നാണ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ പേര്. അര്‍ജന്റീനക്കാരനായ ബെര്‍ഗോഗ്ലിയോ മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു.

ബ്യൂണസ് അയേഴ്സില്‍ നിന്ന് കുടിയേറിയ റെയില്‍വേ ജീവനക്കാരന്‍ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ച് മക്കളില്‍ ഒരാളായി 1936ല്‍ ഡിസംബര്‍ 17നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ജനിച്ചത്.

ഫലസ്തീനില്‍ തുടരുന്ന ഇസ്രഈല്‍ വംശഹത്യയില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയ ആഗോള തലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പദവിയിലിരിക്കുന്ന വ്യക്തിയായിരുന്നു മാര്‍പാപ്പ. ഈസ്റ്റര്‍ ദിനമായ ഇന്നലെ (ഞായര്‍)യും യുദ്ധങ്ങളില്‍ ഇരയാക്കപ്പെടുന്നവര്‍ക്ക് വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു.

ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നുമായിരുന്നു മാര്‍പാപ്പയുടെ 2025 ഈസ്റ്റര്‍ ദിന സന്ദേശം. വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഗസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ മരണങ്ങളും നാശവും എന്തിനുവേണ്ടിയെന്നും മാര്‍പാപ്പ ചോദിച്ചിരുന്നു.

‘യുദ്ധം എപ്പോഴും പരാജയമാണ്. പുഞ്ചിരിക്കാന്‍ മറന്ന യുദ്ധഭൂമിയിലെ കുട്ടികളുടെ കണ്ണുകളിലെ കഷ്ടപ്പാടുകള്‍ കാണേണ്ടതുണ്ട്,’ എന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്തിടെ ഗസയിലെ വംശഹത്യയില്‍ അന്വേഷണം വേണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു.

ഗസയിലെ ബന്ദികളുടെയും കുഞ്ഞുങ്ങളുടെയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിരവധി തവണ അദ്ദേഹം തന്റെ രാജ്യാന്തര യാത്രകളില്‍ ഉടനീളം സംസാരിച്ചിട്ടുണ്ട്.

ലളിതമായ ജീവിതത്തിലൂടെ ലോകത്തിന് വലിയ സന്ദേശം നല്‍കിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. വത്തിക്കാനിലെ കൊട്ടാരം ഉപേക്ഷിച്ച് അതിഥി മന്ദിരത്തിലെ സാധാരണ മുറിയിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.

സ്വവര്‍ഗാനുരാഗികളെ ദൈവത്തിന്റെ മക്കളെന്ന് വിളിച്ച മാര്‍പ്പാപ്പ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് ആശീവാദം നല്‍കാന്‍ പുരോഹിതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ അത് ഒരു പ്രത്യേക സാഹചര്യമാണെന്നും സംസ്‌കാരവുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ കൊണ്ടാണ് എതിര്‍പ്പ് ഉണ്ടാകുന്നതെന്നുമാണ് മാര്‍പാപ്പ ഇതിനോട് പ്രതികരിച്ചത്.

ഒരിക്കല്‍ ബെല്‍ജിയത്തിലെ രാജകൊട്ടാരമായ ലെയ്കന്‍ പാലസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത മാര്‍പ്പാപ്പ ലൈംഗികാതിക്രമങ്ങളില്‍ കത്തോലിക്കാ സഭ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു.

Also Read: വിശ്വാസം ഏതുമായിക്കോട്ടെ,നാമെല്ലാവരും സഹോരങ്ങളാണ്; ദൈവത്തിന്റെ പാതയിലേക്ക് സഞ്ചരിക്കുന്നവർ: മാർപാപ്പ

Content: pope francis passed away