കീവ് സന്ദര്‍ശിക്കില്ല; റഷ്യന്‍ ഓര്‍ത്തഡോക്‌സ് പുരോഹിതനുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി മാര്‍പ്പാപ്പ
World News
കീവ് സന്ദര്‍ശിക്കില്ല; റഷ്യന്‍ ഓര്‍ത്തഡോക്‌സ് പുരോഹിതനുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി മാര്‍പ്പാപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd April 2022, 8:40 am

വത്തിക്കാന്‍: റഷ്യന്‍ ഓര്‍ത്തഡോക്‌സ് പുരോഹിതനുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായി വത്തിക്കാന്‍ വൃത്തങ്ങള്‍.

പാത്രിയാര്‍ക്കീസ് കിറിലുമായി ജൂണില്‍ നടത്താനിരുന്ന കൂടിക്കാഴ്ചയാണ് മാര്‍പ്പാപ്പ വേണ്ടെന്ന് വെച്ചത്. യുദ്ധ സാഹചര്യത്തില്‍ ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തില്ലെന്നും വത്തിക്കാന്‍ പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി അടുത്ത ബന്ധമുള്ളയാള്‍ കൂടിയാണ് പാത്രിയാര്‍ക്കീസ് കിറില്‍.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ ജൂണ്‍ മാസത്തില്‍ ലെബനന്‍ സന്ദര്‍ശിക്കാനിരിക്കുകയാണ്. ഈ സന്ദര്‍ശനത്തിനിടെ ജെറുസലേമില്‍ വെച്ച് പാത്രിയാര്‍ക്കീസ് കിറിലുമായി കൂടിക്കാഴ്ച നടത്താനായിരുന്നു പദ്ധതി.

എന്നാല്‍ ഇത് കാന്‍സല്‍ ചെയ്തതായി ഒരു അര്‍ജന്റീനിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍പ്പാപ്പ പറഞ്ഞു. കത്തോലിക് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പാത്രിയാര്‍ക്കീസ് കിറിലുമായി മാര്‍പ്പാപ്പ നടത്താനിരുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.

”പാത്രിയാര്‍ക്കീസ് കിറിലുമായി നടത്താനിരുന്ന രണ്ടാമത്തെ കൂടിക്കാഴ്ച റദ്ദാക്കിയതില്‍ എനിക്ക് കുറ്റബോധമുണ്ട്,” മാര്‍പ്പാപ്പ അഭിമുഖത്തില്‍ പറഞ്ഞു.

തനിക്ക് കിറിലുമായി വളരെ നല്ല ബന്ധമാണ് ഉള്ളതെന്നും എന്നാല്‍ തങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ഒരു കൂടിക്കാഴ്ച നടന്നാല്‍ അത് ഒരുപാട് ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കുമെന്ന് മനസിലാക്കുന്നതായും മാര്‍പ്പാപ്പ വ്യക്തമാക്കി.

2016 ഫെബ്രുവരിയിലായിരുന്നു മുമ്പ് പാത്രിയാര്‍ക്കീസ് കിറിലും ഫ്രാന്‍സിസ് മാര്‍പ്പാപ്പയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

Content Highlight: Pope Francis canceled meeting with Russian Orthodox Patriarch Kirill