വത്തിക്കാന്‍ സിറ്റി: ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഹുസൈന്‍ മൊഖ്താരിക്ക് വത്തിക്കാന്റെ പരമോന്നത നയതന്ത്ര ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് പയസ് IX’ (Order of Pius IX) ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സമ്മാനിച്ചു. നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും സമാധാനത്തിനും സംവാദങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍ക്കും നയതന്ത്രജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവും വിശിഷ്ടമായ നൈറ്റ്ഹുഡ് പദവികളില്‍ ഒന്നാണിത്.
1847ല്‍ പയസ് ഒമ്പതാമന്‍ മാര്‍പ്പാപ്പ സ്ഥാപിച്ച ഈ പുരസ്‌കാരം, വത്തിക്കാന്റെ സജീവമായ നയതന്ത്ര ബഹുമതികളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പദവികളില്‍ ഒന്നാണ്. ക്രൈസ്തവര്‍ക്കിടയില്‍ സമാധാനവും മതങ്ങള്‍ക്കിടയിലെ സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിന് ഇറാന്‍ നല്‍കിയ അസാധാരണമായ സംഭാവനകള്‍ പരിഗണിച്ചാണ് ഈ ബഹുമതിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെട്ടുവെന്നും ഇറാന്‍ ആണവായുധങ്ങള്‍ കൈവശം വെക്കാന്‍ മാര്‍പ്പാപ്പ ആഗ്രഹിക്കുന്നുവെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ച അതേ ആഴ്ചയിലാണ് ഈ പുരസ്‌കാരം സമ്മാനിച്ചത് എന്നതും ശ്രദ്ധേയമാണ്.
ഇറാന്‍ എംബസിയുടെ സമാധാന ശ്രമങ്ങള്‍ക്കും യുദ്ധവിരുദ്ധ നിലപാടുകള്‍ക്കുമുള്ള അംഗീകാരമായി ഇതിനെ ഇറാനിയന്‍ മാധ്യമങ്ങള്‍ വിലയിരുത്തുന്നു.
സാധാരണയായി വത്തിക്കാനില്‍ സേവനമനുഷ്ഠിക്കുന്ന അംബാസഡര്‍മാര്‍ക്ക് രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ഈ പുരസ്‌കാരം നല്‍കാറുണ്ട്. 2023 ഡിസംബറിലാണ് മൊഖ്താരി അംബാസഡറായി നിയമിതനായത്.
‘ഒരു ഭരണകൂടം അല്ലെങ്കില്‍ ഒരു രാജ്യം ജനങ്ങളുടെ ജീവന്‍ അന്യായമായി എടുത്താല്‍ അത് തീര്‍ച്ചയായും അപലപിക്കപ്പെടേണ്ടതാണ്’ എന്നാണ് ഇറാനിലെ പ്രതിഷേധങ്ങളെക്കുറിച്ച് മാര്‍പ്പാപ്പ നേരത്തെ പറഞ്ഞിരുന്നത്.
അതേസമയം, വത്തിക്കാന്റെ നയതന്ത്ര ബഹുമതി എന്നത് ഇറാന്‍ ഭരണകൂടത്തിന്റെ എല്ലാ നടപടികള്‍ക്കുമുള്ള ധാര്‍മിക അംഗീകാരമല്ലെന്നും, മറിച്ച് ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നിടാനുള്ള ഒരു മാര്‍ഗമാണെന്നും വത്തിക്കാന്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.
ഏത് സമയത്താണെങ്കിലും ലിയോ മാര്‍പാപ്പ സമാധാനത്തിന് വേണ്ടി സംസാരിക്കുന്നത് തുടരും, ആ സന്ദേശം മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. ഇത് വത്തിക്കാന്റെ പ്രഖ്യാപിത നിലപാടാണ് എന്നായിരുന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു.
ആണവായുധങ്ങളോടുള്ള വത്തിക്കാന്റെ എതിര്‍പ്പില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മാര്‍പ്പാപ്പ അനേകം കത്തോലിക്കരെ അപകടത്തിലാക്കുന്നു എന്നും ഇറാന്‍ ആണവായുധം കൈവശം വെക്കുന്നത് മാര്‍പ്പാപ്പയ്ക്ക് പ്രശ്‌നമല്ല എന്നും ട്രംപ് ആരോപിച്ചു. യു.എസ് ഭരണകൂടം സമാധാന ചര്‍ച്ചകളെ തള്ളിക്കളയുമ്പോള്‍ മാര്‍പ്പാപ്പ ഇറാന്‍ അംബാസഡറെ ആദരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്.
Content highlight: Pope confers highest diplomatic honor on Iranian ambassador