ഗസയിലെ ക്രൂരത ഉടനടി അവസാനിപ്പിക്കണം: ലിയോ മാർപ്പാപ്പ
Trending
ഗസയിലെ ക്രൂരത ഉടനടി അവസാനിപ്പിക്കണം: ലിയോ മാർപ്പാപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st July 2025, 12:24 pm

വത്തിക്കാൻ സിറ്റി: ഗസയിൽ ഇസ്രഈൽ നടത്തുന്ന യുദ്ധത്തിൽ  അപലപിച്ച്  ലിയോ പതിനാലാമൻ മാർപ്പാപ്പ. ഗസയിലെ കത്തോലിക്കാ പള്ളിയിൽ ഇസ്രഈൽ സൈന്യം നടത്തിയ ആക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗസയിലെ ആക്രമണത്തില്‍ അഗാധ ദുഖമുണ്ടെന്നും അദ്ദേഹം രേഖപ്പെടുത്തി.

‘ഗസയിലെ യുദ്ധത്തിന്റെ ക്രൂരത ഉടനടി അവസാനിപ്പിക്കാനും സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണാനും ഞാൻ ഒരിക്കൽ കൂടി ആവശ്യപ്പെടുന്നു.

ഗസ സിറ്റിയിലെ കത്തോലിക്ക പള്ളി ഇടവകയ്ക്ക് നേരെ ഇസ്രഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ കടുത്ത ദുഖം രേഖപ്പെടുത്തുന്നു. ആക്രമണത്തില്‍ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഇരകള്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഗസയിലെ സാധാരണക്കാര്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെയുള്ള സൈനിക ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ഈ പ്രവൃത്തി.

യുദ്ധ മൃഗീയത ഉടന്‍ അവസാനിപ്പിക്കണമെന്ന് ഞാന്‍ ആഹ്വാനം ചെയ്യുന്നു. മാനുഷിക നിയമങ്ങൾ പാലിക്കാനും സിവിലിയന്മാരെ സംരക്ഷിക്കാനുള്ള ബാധ്യതയെ ബഹുമാനിക്കണം. കൂട്ട ശിക്ഷകൾ നിരോധിക്കാനും ബലപ്രയോഗവും ജനങ്ങളെ നിർബന്ധിതമായി കുടിയിറക്കുന്നത് തടയണമെന്നും ഞാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുന്നു,’ റോമിനടുത്തുള്ള മാർപ്പാപ്പയുടെ വേനൽക്കാല വസതിയായ കാസ്റ്റൽ ഗാൻഡോൾഫോയിൽ ലിയോ പറഞ്ഞു.

കഴിഞ്ഞയാഴ്ച ഗസയിലെ ഏക കത്തോലിക്കാ പള്ളിയിൽ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത്തരം ആക്രമണങ്ങൾ തന്നെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരേതനായ ഫ്രാൻസിസ് മാർപാപ്പ ദിവസവും ഫോൺ ചെയ്യാറുണ്ടായിരുന്ന ഇടവക വികാരിക്കും അന്നത്തെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

അതേസമയം 600 ഓളം കുടിയിറക്കപ്പെട്ട ആളുകൾക്ക് അഭയം നൽകിയിരുന്ന പള്ളിയിൽ നടന്ന ആക്രമണത്തിൽ ഇസ്രഈൽ ‘ദുഃഖം’ പ്രകടിപ്പിക്കുകയും അന്വേഷണം ആരംഭിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളായിരുന്നു.

അതേസമയം ഗസയിൽ ഇസ്രഈൽ വംശഹത്യ തുടരുകയാണ്. ജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ ലഭ്യമല്ലാത്തതിനാൽ പട്ടിണി രൂക്ഷമാണ്. ഇസ്രഈൽ അധികൃതർ ഗസയിലെ സാധാരണക്കാരെ പട്ടിണിയിലാക്കുകയാണെന്ന് ഫലസ്തീനികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ ഉൻർവ പറഞ്ഞു, അതിൽ ഒരു ദശലക്ഷം കുട്ടികളും ഉൾപ്പെടുന്നു.

ഗസയിലെ മുഴുവൻ ജനങ്ങൾക്കും മൂന്ന് മാസത്തിലേറെയായി ആവശ്യമായ ഭക്ഷണം ഈജിപ്തിലെ അരിഷിലുള്ള വെയർഹൗസുകളിൽ സംഭരിച്ചിട്ടുണ്ടെന്നും എന്നാൽ അവ ഗസയിലേക്ക് ഇസ്രഈൽ സേന കടത്തിവിടുന്നില്ലെന്നും അവർ പറഞ്ഞു.

 

Content Highlight: Pope condemns Gaza war’s ‘barbarity’ as 93 reported killed by Israeli fire while waiting for food