ഞാനെന്ത് പറഞ്ഞാലും പ്രിവിലേജിന്റെ പുറത്താണെന്നേ ആളുകൾ പറയൂ, എനിക്കും എന്റേതായ ബുദ്ധിമുട്ടുകളുണ്ട്: പൂർണിമ ഇന്ദ്രജിത്ത്
Entertainment news
ഞാനെന്ത് പറഞ്ഞാലും പ്രിവിലേജിന്റെ പുറത്താണെന്നേ ആളുകൾ പറയൂ, എനിക്കും എന്റേതായ ബുദ്ധിമുട്ടുകളുണ്ട്: പൂർണിമ ഇന്ദ്രജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th June 2022, 5:11 pm

സിനിമ താരം, ഫാഷൻ ഡിസൈനർ, സംരംഭക എന്നീ നിലകളിൽ ഏറെ ആരാധകരുള്ള വ്യക്തിയാണ് പൂർണിമ ഇന്ദ്രജിത്ത്. പൂർണിമ ഡിസൈൻ ചെയ്യുന്ന ഡ്രസ്സുകൾ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഒരു സംരംഭക എന്ന നിലയിൽ കേരളത്തിൽ നിലനിന്നുപോകുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് താരം ഇപ്പോൾ.

പൂർണിമക്ക് അവരുടേതായ പ്രിവിലേജുകൾ ഉണ്ടെന്നും എന്നാൽ അത് തന്റെ യാത്രയെ എല്ലാ കാലത്തും എളുപ്പമാക്കില്ലെന്നുമാണ് ഡൂൾന്യൂസിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്.

‘ഞാനെന്ത് പറഞ്ഞാലും അതൊരു പ്രിവിലേജിന്റെ പുറത്ത് ആണെന്നേ ആളുകൾ പറയൂ. സംരംഭക എന്നതിനേക്കാൾ സമൂഹത്തിൽ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കാൻ അല്ലെങ്കിൽ വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീ നേരിണ്ടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചർച്ച ചെയ്യേണ്ട വിഷയം. അങ്ങനെ നോക്കുമ്പോൾ ഒരു പക്ഷെ എനിക്ക് പ്രിവിലേജുകളുണ്ട്. ആ പ്രിവിലേജുകൾ ഒരു പരിധി വരെ ഗുണവുമാണ്. പക്ഷെ അതുകരുതി എന്റെ വഴികൾ എളുപ്പമാകുന്നില്ല. നമുക്ക് മുന്നോട്ടുള്ള യാത്രയിൽ എത്രകാലം ഈ പ്രിവിലേജും കൊണ്ട് നടക്കാൻ സാധിക്കും?

എനിക്ക് ഉള്ള ഈ പ്രിവിലേജുകളിൽ എനിക്ക് നന്ദിയുമുണ്ട്. അതേ സമയം അതുമായി വരുന്ന ഒരുപാട് പ്രശ്നങ്ങളുമുണ്ട്. നിങ്ങൾക്ക് എല്ലാം എളുപ്പമാണല്ലോ, നിങ്ങൾക്ക് എന്തിനാ പൈസ തുടങ്ങിയ ചോദ്യങ്ങളും വരാറുണ്ട്. ഈ കാര്യങ്ങൾ എന്റെ കൂടെ വർക്ക് ചെയ്യുന്നവരോട് എനിക്ക് അങ്ങനെ പറയാൻ പറ്റത്തില്ലല്ലോ. എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ അവരുടേതായ പോസിറ്റീവ് ആയ കാര്യങ്ങളുണ്ട്. അതേപോലെ തന്നെ ബുദ്ധിമുട്ടുകളുമുണ്ടാകും. ഇത് ബാലൻസ് ചെയ്ത് മുന്നോട്ട് പോകുക എന്നതിലാണ് കാര്യം. അതിനുള്ള ശ്രമത്തിലാണ് ഞാനും. എനിക്കും എന്റേതായ പ്രശ്നങ്ങളുണ്ട്,’പൂർണിമ പറഞ്ഞു.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് പൂർണിമയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഈ മാസം പത്താം തീയതിയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.

Content Highlight: Poornima Indrajith talking about her privileges and problems