ലംബോർഗിനി ട്രോൾ ഞങ്ങളെ വിഷമിപ്പിച്ചു, പക്ഷേ അമ്മ അത് കൂളായി കൈകാര്യം ചെയ്‌തു: പൂർണിമ ഇന്ദ്രജിത്ത്
Entertainment news
ലംബോർഗിനി ട്രോൾ ഞങ്ങളെ വിഷമിപ്പിച്ചു, പക്ഷേ അമ്മ അത് കൂളായി കൈകാര്യം ചെയ്‌തു: പൂർണിമ ഇന്ദ്രജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th June 2022, 10:26 am

സോഷ്യൽ മീഡിയയിൽ ഒരു കാലത്ത് ഏറെ ആഘോഷിക്കപെട്ട വീഡിയോയാണ് മല്ലിക സുകുമാരൻ പൃഥിരാജിന്റെ ലംബോർഗിനി കാറിനെ കുറിച്ച് പറയുന്നത്. ട്രോളന്മാർ ഇതേറ്റെടുക്കുകയും അവരുണ്ടാക്കിയ ട്രോളുകളെല്ലാം തന്നെ വൈറലാവുകയും ചെയ്തു. ആ സംഭവം തങ്ങൾക്ക് ഏറെ വിഷമമുണ്ടാക്കിയിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്.

വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയിലും സീരിയലിലും ഒരേ പോലെ തിളങ്ങിയിരുന്ന നടിയായിരുന്നു പൂർണിമ. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിലൂടെയായിരുന്നു പൂർണിമ തിരിച്ചുവരവ് നടത്തിയത്. ഇപ്പോൾ പൂർണിമ അഭിനയിച്ച തുറമുഖത്തിന്റെ റിലീസിനെ കുറിച്ചാണ് സിനിമ മേഖലയിൽ ചർച്ച ഉയരുന്നത്. തുറമുഖം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഡൂൾന്യൂസിനു നൽകിയ അഭിമുഖത്തിലാണ് പൂർണിമ ട്രോളുകളെയും മല്ലിക സുകുമാരൻ അത് കൈകാര്യം ചെയ്ത രീതിയെയും കുറിച്ച് പറയുന്നത്.

 

‘അമ്മ ( മല്ലിക സുകുമാരൻ) ഈ ഇടക്ക് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് എന്ത് മാത്രം സത്യമാണ്. അമ്മ പണ്ട് ലംബോർഗിനി കാറിനെ കുറിച്ച് പറഞ്ഞതിനെ കുറിച്ച് ഒരുപാട് ട്രോളുകൾ വന്നിരുന്നു. ആ സമയത്ത് ഞങ്ങൾക്ക് ഒക്കെ നല്ല വിഷമമായി. പക്ഷെ അമ്മയെ അത് വലുതായൊന്നും ബാധിച്ചതേയില്ല. അമ്മയുടെ ഈ പ്രായത്തിൽ സോഷ്യൽ മീഡിയയിൽ അനാവശ്യമായി അമ്മയെ കുറിച്ച് സംസാരിക്കുമ്പോൾ മക്കളായ ഞങ്ങൾക്ക് ഭയങ്കര വിഷമമുണ്ടായിരുന്നു. പക്ഷെ അമ്മ അത് മനോഹരമായി കൈകാര്യം ചെയ്തു. ഇതാണ് ജീവിതമെന്ന് അമ്മ മനസ്സിലാക്കുന്നുണ്ട്,’ പൂർണിമ പറഞ്ഞു.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് പൂർണിമയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഈ മാസം പത്താം തീയതിയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.

Content Highlight: Poornima Indrajith says that trolls about Mallika Sukumaran made her sad