നമുക്ക് ഒരു ദിവസം ഇരുപത്തിനാല് മണിക്കൂറല്ലേ ഉള്ളൂ; തുറമുഖം ട്രെയിലറിന് താഴെ നിവിന്‍ പോളിയെക്കുറിച്ച് വന്ന കമന്റുകള്‍ക്ക് മറുപടി നല്‍കി പൂര്‍ണിമ
Entertainment news
നമുക്ക് ഒരു ദിവസം ഇരുപത്തിനാല് മണിക്കൂറല്ലേ ഉള്ളൂ; തുറമുഖം ട്രെയിലറിന് താഴെ നിവിന്‍ പോളിയെക്കുറിച്ച് വന്ന കമന്റുകള്‍ക്ക് മറുപടി നല്‍കി പൂര്‍ണിമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th June 2022, 5:15 pm

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ജൂണ്‍ 10നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തിലെ നിവിന്‍ പോളിയുടെ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സഹതാരമായ പൂര്‍ണിമ ഇന്ദ്രജിത്.

സോഷ്യല്‍ മീഡിയയില്‍ തുറമുഖം ട്രെയിലറിന്റെ താഴെ ഇത് നിവിന്‍ പോളിയുടെ കം ബാക്ക് സിനിമയായിരിക്കും എന്നുള്ള കമന്റുകള്‍ വരുന്നുണ്ടല്ലോ, അതിനോടുള്ള പ്രതികരണമെന്താണ് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൂര്‍ണിമ.

”അതൊരു പ്രതീക്ഷയാണ്. അദ്ദേഹത്തിന് ഇങ്ങനെ ഒരു സിനിമ ചെയ്യണമെങ്കില്‍ അതിന് ഒരു പ്രോസസുണ്ടല്ലോ. ആ പ്രോസസ് ചെയ്യണമെങ്കില്‍ അതിന് നമുക്ക് സമയം വേണം. നമുക്ക് ഒരു ദിവസം 24 മണിക്കൂറല്ലേ ഉള്ളൂ.

ജനങ്ങളുടെ സ്‌നേഹമാണ് ഈ കമന്റുകളിലുള്ളതെന്നാണ് എനിക്ക് തോന്നുന്നത്. കൂടുതല്‍ കാണാനുള്ള ആഗ്രഹം കൊണ്ടാണ് അവര്‍ ഇതെല്ലാം പറയുന്നത്.

നമ്മളെ സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. പക്ഷെ അതിനോടൊപ്പമുള്ള പ്രതീക്ഷകളും ഒരുപാടാണ്. അത് ഒരുപക്ഷേ ആ നടനെ ലിമിറ്റ് ചെയ്‌തേക്കാം.

നിവിന്‍ ഒരു തരത്തില്‍ വളരെ ഭാഗ്യവാനാണ് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഈ സിനിമയില്‍ നിവിന്റെ കഥാപാത്രം വളരെ ലെയറുകളുള്ള ഒന്നാണ്. അത് വിശ്വസനീയമായ രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കുക എന്ന് പറയുന്നത് നിസ്സാര കാര്യമല്ല.

അത്രയും എഫേര്‍ട്ട് എടുക്കണം അതിന്. ഈ സിനിമയില്‍ വര്‍ക്ക് ചെയ്ത ആരായാലും അത് ചെയ്തിട്ടുണ്ട്. അതില്‍ നായകനായി അവതരിപ്പിക്കാന്‍ പറ്റുക, ജനങ്ങള്‍ക്ക് അതില്‍ ഇത്രയും പ്രതീക്ഷകളുണ്ടാകുക എന്ന് പറയുന്നത് വളരെ പ്രോമിസിങ്ങായ ഒരു കാര്യമാണ്.

അതുകൊണ്ട് നിവിന്റെ കാര്യത്തില്‍ എനിക്ക് വളരെ സന്തോഷമുണ്ട്,” പൂര്‍ണിമ പറഞ്ഞു.

Content Highlight: Poornima Indrajith about Nivin Pauly and Thuramukham movie