രണ്ടാം ഭാഗത്തിന് പ്രതീക്ഷ ഉയര്‍ത്തി അപ്രതീക്ഷിത ക്ലൈമാക്‌സ്, വീണ്ടും മണി രത്‌നം മാജിക്; മികച്ച പ്രതികരണവുമായി പൊന്നിയിന്‍ സെല്‍വന്‍
Film News
രണ്ടാം ഭാഗത്തിന് പ്രതീക്ഷ ഉയര്‍ത്തി അപ്രതീക്ഷിത ക്ലൈമാക്‌സ്, വീണ്ടും മണി രത്‌നം മാജിക്; മികച്ച പ്രതികരണവുമായി പൊന്നിയിന്‍ സെല്‍വന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th September 2022, 11:21 am

തെന്നിന്ത്യയാകെ കാത്തിരുന്ന മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്തിരിക്കുകയാണ്. ഫസ്റ്റ് ഷോ മുതല്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മണി രത്‌നം തന്റെ മാജിക്ക് വീണ്ടും പൊന്നിയിന്‍ സെല്‍വനിലൂടെ ആവര്‍ത്തിച്ചു എന്ന് പ്രേക്ഷകര്‍ പറയുന്നു.

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് റിലീസ് ചെയ്തിരിക്കുന്നത്. രണ്ടാം ഭാഗത്തിന് പ്രതീക്ഷ ഉയര്‍ത്തുന്ന അപ്രതീക്ഷിത ക്ലൈമാക്‌സാണ് ചിത്രത്തില്‍ ഒരുക്കി വെച്ചിരിക്കുന്നതെന്നും ചിത്രം കണ്ടവര്‍ പറഞ്ഞു.

മാസ് ചിത്രം പ്രതീക്ഷിച്ച് ആരും തിയേറ്ററിലേക്ക് വരേണ്ടതില്ല. മണിരത്‌നത്തിന്റെ ക്ലാസിക് ചിത്രമാണിത്. കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചു നിന്നു, ഏറ്റവും ശ്രദ്ധേയമായത് കാര്‍ത്തിയുടെ കഥാപാത്രമാണ്. വിക്രവും തന്റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു. മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ് ചിത്രം നല്‍കുന്നത്. ഗംഭീര മേക്കിങ്, പ്രത്യേകിച്ച ഫൈറ്റ് രംഗങ്ങളും യുദ്ധ രംഗങ്ങളും മികച്ചുനില്‍ക്കുന്നു. മലയാളി താരങ്ങളായ ജയറാമും ഐശ്വര്യ ലക്ഷ്മിയും തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കിയെന്നും പ്രേക്ഷകര്‍ പറഞ്ഞു.

ഐശ്വര് റായ്-തൃഷ കോമ്പിനേഷന്‍ രംഗങ്ങളും ശ്രദ്ധേയമായി. പ്രത്യേകിച്ച് തൃഷയുടെ സ്‌ക്രീന്‍ പ്രെസന്‍സും പല പ്രേക്ഷകരും എടുത്തുപറയുന്നുണ്ട്.

വിക്രം, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ്ങ് ആരംഭിക്കുക. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

തോട്ട ധരണിയും വാസിം ഖാനും ചേര്‍ന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷന്‍ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം. ആനന്ദ് കൃഷ്ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. ഏക ലഖാനി വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു.

Content Highlight: ponniyin selvan has been getting good response since the first show