യുറേനിയം സമ്പുഷ്ടീകരണവുമായി മുന്നോട്ടുപോയാല്‍ കൂടുതല്‍ 'ഒറ്റപ്പെടുത്തും, ഉപരോധിക്കും'; ഇറാന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയുടെ മുന്നറിയിപ്പ്
Middle East Politics
യുറേനിയം സമ്പുഷ്ടീകരണവുമായി മുന്നോട്ടുപോയാല്‍ കൂടുതല്‍ 'ഒറ്റപ്പെടുത്തും, ഉപരോധിക്കും'; ഇറാന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയുടെ മുന്നറിയിപ്പ്
ന്യൂസ് ഡെസ്‌ക്
Monday, 8th July 2019, 10:40 am

 

ന്യൂയോര്‍ക്ക്: അനുവദനീയമായതില്‍ കൂടുതല്‍ യുറേനിയം സമ്പുഷ്ടീകരണവുമായി മുന്നോട്ടുപോയാല്‍ കൂടുതല്‍ ഉപരോധങ്ങളും ഒറ്റപ്പെടുത്തലും നേരിടേണ്ടിവരുമെന്ന് ഇറാന് യു.എസിന്റെ മുന്നറിയിപ്പ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോയാണ് മുന്നറിയിപ്പ് നല്‍കിയത്.

യുറേനിയം സമ്പുഷ്ടീകരണത്തില്‍ 2015ലെ ആണവകരാറിന്റെ പരിധി മണിക്കൂറുകള്‍ക്കുള്ളില്‍ ലംഘിക്കുമെന്ന് ഞായറാഴ്ച ഇറാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യു.എസിന്റെ മുന്നറിയിപ്പ്.

‘ ആണവപദ്ധതി വ്യാപിപ്പിക്കാനുള്ള ഇറാന്റെ പുതിയ തീരുമാനം കൂടുതല്‍ ഒറ്റപ്പെടുത്തലിനും ഉപരോധനത്തിനും വഴിവെക്കും.’ പോമ്പിയോ ട്വീറ്റു ചെയ്തു. ആണവ ആയുധങ്ങളുള്‍പ്പെടെയുള്ള ഇറാന്റെ ഭരണകൂടം ലോകത്തിന് കൂടുതല്‍ ഭീഷണിയായിക്കൊണ്ടിരിക്കുകയാണെന്നും പോമ്പിയോ പറഞ്ഞു.

2015ലെ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയ യു.എസ്, ഇറാന്റെ എണ്ണ, ബാങ്കിങ് മേഖലയില്‍ ഉപരോധം പുനസ്ഥാപിച്ചതില്‍ പ്രതിഷേധിച്ചാണ് യുറേനിയം സമ്പുഷ്ടീകരണം ഉയര്‍ത്തുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചത്. യു.എസ് ഉപരോധം ഇറാനിയന്‍ സമ്പദ് വ്യവസ്ഥയെ വന്‍തകര്‍ച്ചയിലേക്ക് എത്തിച്ചിരുന്നു. എണ്ണ കയറ്റുമതി ഗണ്യമായി കുറഞ്ഞത് ഇറാന് വലിയ തിരിച്ചടിയായിരുന്നു.

യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് ഉയര്‍ത്തുന്നതിനുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയായതായി ഇറാന്‍ ആണവ ഏജന്‍സി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വൈദ്യുതി ആവശ്യത്തിനായി യുറേനിയം സമ്പുഷ്ടീകരണം പരിധിയായ 3.67%ത്തില്‍ നിന്നും അഞ്ചു ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം.