മുസ്‌ലിം മതനിയമത്തെ കുറിച്ചുള്ള അജ്ഞതയാണ് ചിലര്‍ ഒന്നിലേറെ വിവാഹം കഴിക്കാൻ കാരണം: ഹെെക്കോടതി
Kerala
മുസ്‌ലിം മതനിയമത്തെ കുറിച്ചുള്ള അജ്ഞതയാണ് ചിലര്‍ ഒന്നിലേറെ വിവാഹം കഴിക്കാൻ കാരണം: ഹെെക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th September 2025, 9:58 am

കൊച്ചി: എല്ലാ ഭാര്യമാര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ മുസ്‌ലിം പുരുഷന് ഒന്നിലേറെ വിവാഹം കഴിക്കാനാകുള്ളൂവെന്ന് ഹൈക്കോടതി. ഖുര്‍ആനിന്റെ അധ്യാപനം ഇതുതന്നെയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം.

ഒന്നിലേറെ വിവാഹം ചെയ്യാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടെങ്കിലും മുസ്‌ലിങ്ങളിലെ ഭൂരിഭാഗം പേര്‍ക്കും ഒരു ഭാര്യ മാത്രമേയുള്ളുവെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. അതേസമയം ഏത് സാഹചര്യത്തിലും ഒന്നിലേറെ സ്ത്രീകളെ വിവാഹം കഴിക്കാമെന്നത് തെറ്റിദ്ധാരണയാണെന്നും കോടതി പറഞ്ഞു.

ഒന്നാം ഭാര്യ ജീവിച്ചിരിക്കെ രണ്ടാമത് വിവാഹം ചെയ്യുകയും ശേഷം ഈ സ്ത്രീയെ ഉപേക്ഷിച്ച് മൂന്നാം വിവാഹത്തിനൊരുങ്ങുന്ന വ്യക്തിയ്ക്ക് കൗൺസിലിങ് നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. സര്‍ക്കാരിനാണ് കോടതിയുടെ നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

അന്ധനും യാചകനുമായ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. മതനേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാകണം കൗൺസിലിങ് നല്‍കേണ്ടതെന്നും നിര്‍ദേശമുണ്ട്.

പാലക്കാട് കുറ്റിപ്പുറം സ്വദേശിയായ എന്‍. സെയ്തലവിക്കെതിരെ മലപ്പുറം സ്വദേശിയായ ജുബൈരിയയാണ് കോടതിയെ സമീപിച്ചത്. നേരത്തെ സെയ്തലവിയോട് ജീവനാംശം നല്‍കാന്‍ നിര്‍ദേശിക്കാനാകില്ലെന്ന് കുടുംബ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ജുബൈരിയ ഹൈക്കോടതിയെ സമീപിച്ചത്.

വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ ഭിക്ഷാടനം നടത്തിയും ചെറിയ ജോലികള്‍ ചെയ്തുമാണ് സെയ്തലവി ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ജീവനാംശം നല്‍കാനാകില്ലെന്നായിരുന്നു സെയ്തലവിയുടെ വാദം. അതേസമയം സെയ്തലവിയ്ക്ക് 25,000 രൂപ വരുമാനമുണ്ടെന്നും അതില്‍ നിന്ന് 10,000 രൂപ ജീവനാംശമായി ലഭിക്കണമെന്നുമാണ് ഹരജിക്കാരി ആവശ്യപ്പെട്ടിരുന്നത്.

നിലവില്‍ കുടുംബകോടതിയുടെ ഉത്തരവ് ഹൈക്കോടതിയും ശരിവെക്കുകയാണ് ചെയ്തത്. എന്നാല്‍ രണ്ടാം ഭാര്യയായ ജുബൈരിയക്ക് ജീവനാംശം നല്‍കാതെ സെയ്തലവി മൂന്നാം വിവാഹത്തിനൊരുങ്ങുന്നത് ശരിയല്ലെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. മതനിയമവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസത്തിന്റെ കുറവാണ് ഇത്തരത്തിലുള്ള പ്രതിസന്ധിയുണ്ടാക്കുന്നതെന്നും കോടതി പറഞ്ഞു.

‘നീതി ഉറപ്പുവരുത്തണമെന്ന ഉദ്‌ഘോഷണമാണ് വിശുദ്ധഗ്രന്ഥത്തിന്റെ യഥാര്‍ത്ഥ ആത്മാവ്. ഈ യാഥാര്‍ഥ്യം മറന്നാണ് മുസ്‌ലിം സമുദായത്തിലെ ചിലര്‍ ബഹുഭാര്യത്വം സ്വീകരിക്കുന്നത്. ഇത്തരക്കാരെ സമൂഹവും മതനേതൃത്വവും തിരുത്തണം,’ ബെഞ്ച് നിര്‍ദേശിച്ചു.

കൂടാതെ സര്‍ക്കാരിന് കോടതിയുടെ മറ്റു ചില നിര്‍ദേശങ്ങളുമുണ്ട്. ഭിക്ഷാടനം സംസ്ഥാനത്ത് അംഗീകരിക്കപ്പെട്ട തൊഴിലല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ജീവിക്കാന്‍ ആരും തന്നെ ഭിക്ഷാടനം നടത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ കടമയാണെന്നും പറഞ്ഞു. ഒപ്പം ഭക്ഷണവും വസ്ത്രവും ഉറപ്പുവരുത്തേണ്ട ബാധ്യതയും സര്‍ക്കാരിനുണ്ട്.

എന്നാല്‍ നിലവില്‍ പരിഗണനിയിലുള്ള ഹരജി ഒരു ഒറ്റപ്പെട്ട സംഭവമായിരിക്കാമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ശ്രീനാരായണ ഗുരുവിന്റെ ദൈവദശകത്തിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

Content Highlight: Polygamy is permissible for Muslims only if equal justice can be ensured: High Court