മൂന്നിടങ്ങളില്‍ ആരൊക്കെ? അന്തിമ ഫലമറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം
Kerala News
മൂന്നിടങ്ങളില്‍ ആരൊക്കെ? അന്തിമ ഫലമറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2024, 7:47 am

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. പാലക്കാട്, ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെയും വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെയും അന്തിമ ഫലമറിയാന്‍ കേരളം കാത്തിരിക്കുകയാണ്.

രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായതോടെ ചേലക്കര മണ്ഡലത്തില്‍ എല്‍.ഡി.എഫും പാലക്കാട് മണ്ഡലത്തില്‍ എന്‍.ഡി.എയും വയനാട് മണ്ഡലത്തില്‍ യു.ഡി.എഫും മുന്നിലാണ്.

പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫിന്റെ രാഹുല്‍ മാങ്കൂട്ടത്തിലും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഡോ. പി. സരിനും എന്‍.ഡി.എയുടെ സി. കൃഷ്ണകുമാറുമാണ് ജനവിധി തേടുന്നത്.

ചേലക്കര നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫിന്റെ രമ്യ ഹരിദാസും എല്‍.ഡി.എഫിന്റെ യു.ആര്‍. പ്രദീപും എന്‍.ഡി.എയുടെ കെ. ബാലകൃഷ്ണനും ജനവിധി തേടുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധിയും എല്‍.ഡി.എഫിന്റെ സത്യന്‍ മൊകേരിയും എന്‍.ഡി.എയുടെ നവ്യ ഹരിദാസുമാണ് മത്സര രംഗത്തുള്ളത്.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ 858 വോട്ടുകളുമായി സി. കൃഷ്ണ കുമാര്‍ ലീഡ് ചെയ്യുകയാണ്. ചേലക്കരയില്‍ 1890 വോട്ടുകളുമായി യു.ആര്‍. പ്രദീപും വയനാട്ടില്‍ 45,380 വോട്ടുകളുമായി പ്രിയങ്ക ഗാന്ധിയും ലീഡ് ഉയര്‍ത്തുകയാണ്.

polling at three constituencies today

പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ക്കെ ഒട്ടനവധി വിവാദങ്ങളുണ്ടായ മണ്ഡലമാണ് പാലക്കാട്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം, പി. സരിന്റെ സി.പി.ഐ.എം പ്രവേശനം, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി നിര്‍ണയം എന്നിവ ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് 73.71 ശതമാനം പോളിങ്ങായിരുന്നു എന്നതും പാലക്കാട് നിര്‍ണായകമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍, ഇത്തവണ അത് 64.27 ശതമാനമായി കുറയുകയായിരുന്നു. വയനാട്ടിലെ പോളിങ് ശതമാനം മറ്റൊരു നിര്‍ണായക ഘടകമാണ്. പ്രിയങ്ക ഗാന്ധി നേടുന്ന ഭൂരിപക്ഷം തന്നെയായിരിക്കും വയനാട് ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുക.

polling at three constituencies today

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച മുന്‍ എം.പി രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തിയതിനെ തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തുകയും വയനാട് ഒഴിയുകയും ചെയ്ത നീക്കമായിരുന്നു എല്‍.ഡി.എഫ്, എന്‍.ഡി.എ മുന്നണികളുടെ പ്രധാന പ്രചരണ ആയുധം.

അതേസമയം കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് ചേലക്കര. യു.ആര്‍. പ്രദീപ് ചേലക്കര നിലനിര്‍ത്തുമോ അതോ രമ്യ ഹരിദാസ് പിടിച്ചെടുക്കുമോ എന്നതായിരിക്കും ശ്രദ്ധേയമാകുക.

polling at three constituencies today

ചേലക്കരയില്‍ 72.29 ശതമാനം വോട്ടാണ് ഇത്തവണ രേഖപ്പെടുത്തിയത്. മുന്‍ തെരഞ്ഞെടുപ്പില്‍ 77.40 ശതമാനം വോട്ടാണ് ചേലക്കരയില്‍ രേഖപ്പെടുത്തിയത്. നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ ഡി.എം.കെയ്ക്ക് വേണ്ടി മുന്‍ കോണ്‍ഗ്രസ് നേതാവായ എന്‍.കെ. സുധീറും മത്സരിക്കുന്നുണ്ട്.

എന്‍.കെ. സുധീറിന്റെ സ്ഥാനാര്‍ത്ഥിത്വം ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. മൂന്ന് മണ്ഡലങ്ങളിലുമായി എന്‍.ഡി.എ നേടുന്ന വോട്ടുവിഹിതവും നിര്‍ണായകമാകും.

Content Highlight: polling at three constituencies today