ഇരുന്നൂറോളം യുവതികളെ ബലാത്സംഗം ചെയ്തു; പൊള്ളാച്ചി ലൈംഗികാതിക്രമ കേസിൽ ഒമ്പത് പ്രതികളും കുറ്റക്കാർ, വിധി ഇന്ന്
national news
ഇരുന്നൂറോളം യുവതികളെ ബലാത്സംഗം ചെയ്തു; പൊള്ളാച്ചി ലൈംഗികാതിക്രമ കേസിൽ ഒമ്പത് പ്രതികളും കുറ്റക്കാർ, വിധി ഇന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th May 2025, 12:39 pm

ചെന്നൈ: ഇരുന്നൂറോളം യുവതികളെ ബലാത്സംഗം ചെയ്ത പൊള്ളാച്ചി ലൈംഗികാതിക്രമ കേസിൽ ഒമ്പത് പ്രതികളും കുറ്റക്കാരെന്ന് കോയമ്പത്തൂർ മഹിളാ കോടതി. പ്രതികൾക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കുന്നതാണ്. 2016നും 2019നും ഇടയിൽ ഇരുന്നൂറോളം യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലാണ് കോയമ്പത്തൂരിലെ മഹിളാ കോടതി വിധി പറയുന്നത്.

ജഡ്ജി ആർ. നന്ദിനിദേവിയാണ് വിധി പറയുക. ഇവരെ അടുത്തിടെ കരൂരിലേക്ക് സ്ഥലം മാറ്റിയെങ്കിലും വിധി പറയാൻ മാത്രമായി ഇന്ന് മഹിളാകോടതിയിലെത്തും.

എൻ. ശബരിരാജൻ (32), കെ. തിരുനാവുക്കരശ് (34), എം. സതീഷ് (33), ടി. വസന്തകുമാർ (30), ആർ. മണി (32), പി. ബാബു (33), ടി. ഹരോണിമസ് പോൾ (32), കെ. അരുൾനാഥം (39), എം. അരുൺകുമാർ എന്നിവരാണ് പ്രതികൾ. പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, ബ്ലാക്ക് മെയിൽ എന്നിവയുൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കർശനമായ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. പൊള്ളാച്ചി പൊലീസ് ആദ്യം അന്വേഷിച്ച കേസ് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന ആവശ്യത്തെ തുടർന്ന് തമിഴ്നാട് ക്രൈംബ്രാഞ്ച്-ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലേക്കും (സി.ബി-സി.ഐ.ഡി) പിന്നീട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്കും (സി.ബി.ഐ) മാറ്റുകയായിരുന്നു.

കേസ് മൂടിവയ്ക്കാൻ ശ്രമിച്ചതിനും എഫ്‌.ഐ.ആർ ഫയൽ ചെയ്യാൻ വൈകിയതിനും അന്നത്തെ ഭരണകക്ഷിയായ എ.ഐ.എഡി.എം.കെ വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ എ.ഐ.എഡി.എം.കെ ആരോപണങ്ങൾ തള്ളുകയായിരുന്നു.

തമിഴ്‌നാട്ടിൽ ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച കേസ് കൂടിയായിരുന്നു ഇത്. 2016നും 2018നുമിടയിൽ പ്രതികൾ പൊള്ളാച്ചിക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലെ നിരവധി വിദ്യാർഥിനികളെയും വിവാഹിതരായ യുവതികളെയും ബലാത്സംഗം ചെയ്യുകയും വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. 2019 ഫെബ്രുവരി 24ന് പൊള്ളാച്ചി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ 19കാരിയായ കോളേജ് വിദ്യാർഥിനി നൽകിയ പരാതിയിലൂടെയാണ് സംഭവം പുറം ലോകമറിയുന്നത്.

നാലുപേർ ഓടുന്ന കാറിൽവെച്ച് തന്നെ പീഡിപ്പിക്കുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്തതായി വിദ്യാർഥിനി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. തന്റെ സ്വർണമാല കവർന്നതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും തുടർന്ന് നാലുപേരെ അറസ്റ്റുചെയ്യുകയും ചെയ്തു. തുടർന്ന്, പ്രതികളുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധിച്ചപ്പോൾ നിരവധി പെൺകുട്ടികളുടെ വീഡിയോദൃശ്യങ്ങൾ കണ്ടെത്തി. പ്രതികൾ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കണ്ടെത്തിയത്. പൊള്ളാച്ചിയിലും പരിസരപ്രദേശങ്ങളിലും വെച്ചാണ് പീഡിപ്പിച്ചിരുന്നത്. ഇതിൽ കൂടുതലും നടന്നത് പ്രതിയായ തിരുനാവുക്കരശിന്റെ ചിന്നപ്പപ്പാളയത്തുള്ള ഫാം ഹൗസിലായിരുന്നു.

 

Content Highlight: Pollachi sexual assault case: Coimbatore court holds all nine accused guilty