ചെന്നൈ: പൊള്ളാച്ചി കൂട്ടബലാത്സംഗക്കേസില്‍ ഒമ്പത് പ്രതികള്‍ക്കും മരണം വരെ തടവുശിക്ഷ. കോയമ്പത്തൂര്‍ മഹിളാ കോടതിയുടെതാണ് വിധി. ജഡ്ജി ആര്‍. നന്ദിനി ദേവിയാണ് വിധി പുറപ്പെടുവിച്ചത്.
തടവുശിക്ഷയ്ക്ക് പുറമെ പ്രതികള്‍ പിഴയും അടയ്ക്കണം. പരാതിക്കാരായ എട്ട് സ്ത്രീകള്‍ക്കായി പ്രതികള്‍ എണ്‍പത്തിയഞ്ച് ലക്ഷം രൂപ നല്‍കണമെന്നാണ് കോടതി വിധിച്ചത്.
പ്രതികള്‍ക്കെതിരായ ബലാത്സംഗം അടക്കമുള്ള എല്ലാ വകുപ്പുകളും സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. 2016നും 2019നും ഇടയില്‍ ഇരുന്നൂറോളം യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിലാണ് കോയമ്പത്തൂരിലെ മഹിളാ കോടതി വിധി പുറപ്പെടുവിച്ചത്.
എന്‍. ശബരിരാജന്‍ (32), കെ. തിരുനാവുക്കരശ് (34), എം. സതീഷ് (33), ടി. വസന്തകുമാര്‍ (30), ആര്‍. മണി (32), പി. ബാബു (33), ടി. ഹരോണിമസ് പോള്‍ (32), കെ. അരുള്‍നാഥം (39), എം. അരുണ്‍കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
കുറ്റകൃത്യം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ദുര്‍ബലരായ സ്ത്രീകളെ ലക്ഷ്യം വച്ചുള്ളതാണെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ പരമാവധി ശിക്ഷ ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രതികളുടെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് ഉണ്ടാകണമെന്ന് പ്രതിഭാഗവും വാദിച്ചിരുന്നു.
‘സ്ത്രീകളുടെ മൊഴികള്‍ക്ക് പുറമെ കേസിലെ പ്രധാന തെളിവുകളായ വീഡിയോകളും കോടതിക്ക് മുമ്പാകെ ഹാജരാക്കി. വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത സ്ഥലവും സമയവും ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഡിലീറ്റ് ചെയ്യപ്പെട്ട വീഡിയോകള്‍ വീണ്ടെടുത്ത് ഹാജരാക്കുകയും ചെയ്തു. മൊത്തം 48 സാക്ഷികളെയാണ് വിസ്തരിച്ചത്. അവരില്‍ ആരും തന്നെ കൂറുമാറിയിട്ടില്ല,’ കോടതി വിധിക്ക് പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേന്ദര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
2019 ഫെബ്രുവരി 24ന് പൊള്ളാച്ചി ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ 19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലൂടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഓടുന്ന കാറില്‍വെച്ച് നാലുപേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയും അതിക്രമം ഫോണില്‍ പകര്‍ത്തുകയും ചെയ്തെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. തന്റെ സ്വര്‍ണമാല കവര്‍ന്നതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
പരാതിയില്‍ കേസെടുത്ത പൊലീസ് നാലുപേരെ അറസ്റ്റുചെയ്യുകയും ചെയ്തു. പിന്നാലെ പ്രതികളുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പരിശോധിച്ചപ്പോള്‍ നിരവധി പെണ്‍കുട്ടികളുടെ വീഡിയോദൃശ്യങ്ങള്‍ കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.
പീഡനത്തിന്റെ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. പൊള്ളാച്ചിയിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂരിഭാഗം അതിക്രമങ്ങളും നടന്നിരിക്കുന്നത്. കൂടുതല്‍ പെണ്‍കുട്ടികളും പ്രതിയായ തിരുനാവുക്കരശിന്റെ ചിന്നപ്പപ്പാളയത്തുള്ള ഫാം ഹൗസില്‍ വെച്ചാണ് ആക്രമിക്കപ്പെട്ടത്.
Content Highlight: Pollachi abuse case: All nine accused sentenced to death