കുടുംബത്തിന്റെ നട്ടെല്ലാവേണ്ട കുട്ടികള്‍ ഹിന്ദുക്കളാണെന്ന് പറഞ്ഞ് തെരുവിലിറങ്ങുന്നു, രാഷ്ട്രീയക്കാര്‍ സ്വന്തം താത്പര്യത്തിനായി അവരെ ഉപയോഗിക്കുന്നു; മംഗളൂരുവില്‍ കൊല്ലപ്പെട്ട സുഹാസ് ഷെട്ടിയുടെ പിതാവ്
മംഗളൂരു: മംഗളൂരുവില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അദ്ദേഹത്തിന്റെ പിതാവ് മോഹന്‍ ഷെട്ടി. രാഷ്ട്രീയക്കാര്‍ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ കുട്ടികളെ ഉപയോഗിക്കുന്നുവെന്നായിരുന്നു മോഹന്‍ ഷെട്ടിയുടെ പ്രതികരണം.
ചിത എരിഞ്ഞടങ്ങുന്നതിന് മുമ്പ് ചുറ്റും കൂടിയവര്‍ പിരിഞ്ഞ് പോവുമെന്നും എന്നാല്‍ മക്കളെ നഷ്ടപ്പെടുന്ന കുടുംബത്തിലെ തീ അണയുമോയെന്നും മോഹന്‍ ഷെട്ടി ചോദിച്ചു.
കുടുംബത്തിന്റെ നട്ടെല്ലാവേണ്ട കുട്ടികള്‍ തങ്ങള്‍ ഹിന്ദുക്കളാണെന്ന് പറഞ്ഞ് തെരുവിലിറങ്ങുന്നുവെന്നും തുടര്‍ന്ന് മകനെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആരുമില്ലാതെയായെന്നും എല്ലാം നഷ്ടപ്പെട്ട മാതാപിതാക്കളായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവന് ഭീഷണിയുണ്ടെന്ന കാര്യം സുഹാസിനോട് നിരവധി തവണ പറഞ്ഞിരുന്നുവെന്നും മോഹന്‍ ഷെട്ടി പറഞ്ഞു. സിദ്ധരാമയ്യ സര്‍ക്കാരിന്റെ പക്ഷപാതം മൂലമാണ് മകന് ജീവന്‍ നഷ്ടപ്പെട്ടതെന്നും മോഹന്‍ ഷെട്ടി പറഞ്ഞു.
രാഷ്ട്രീയക്കാര്‍ സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി മക്കളെ ചൂഷണം ചെയ്യുകയാണെന്നും ഇത്രയും ചെറുപ്പത്തില്‍ കുട്ടികള്‍ അച്ഛനമ്മമാരുടെ മുന്നില്‍ മരിക്കുന്നത് എങ്ങനെ സഹിക്കുമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം മകന്‍ എപ്പോഴും ഹിന്ദുത്വ വാദം മുഴക്കിയായിരുന്നു ജീവിച്ചിരുന്നതെന്നും കൊല്ലപ്പെട്ട സുഹാസിന്റെ മാതാവ് പറഞ്ഞു.
വ്യഴാഴ്ച്ച രാത്രിയോടെയാണ് ബജ്രംഗദള്‍ പ്രവര്‍ത്തകനായ സുഹാസ് ഷെട്ടിയെ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. നിരവധി കേസുകളില്‍ പ്രതിയാണ് സുഹാസ് ഷെട്ടി.
പിന്നാലെ മംഗളൂരുവില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ബഡജ് രംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ കര്‍ണാടകയില്‍ ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Content Highlight: politicians are using them for their own interests; Father of Suhas Shetty, who was killed in Mangaluru